2020 January 26 Sunday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ബിഹാര്‍ മന്ത്രിസഭാ പുന:സംഘനയ്ക്കു പിന്നാലെ, ബി.ജെ.പിയും ജെ.ഡി.യുവും പരസ്പരം ഇഫ്താര്‍ സംഗമത്തിനെത്തിയില്ല

 

പാറ്റ്‌ന: ബിഹാറിലെ ബി.ജെ.പി- ജെ.ഡി.യു സഖ്യം ഉലയുന്നു. കേന്ദ്ര മന്ത്രിസഭയില്‍ ഇടം നല്‍കാത്തതിനെത്തുടര്‍ന്ന് ബിഹാര്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ച് ജെ.ഡി.യു മറുപടി നല്‍കിയ നടപടിക്കു പിന്നാലെ ഇരു പാര്‍ട്ടികളും ഇഫ്താര്‍ സംഗമങ്ങളില്‍ സംബന്ധിച്ചില്ല.

ഹജ്ജ് ഭവനിലായിരുന്നു ജെ.ഡി.യുവിന്റെ ഇഫ്താര്‍ സംഗമം. ഇതില്‍ ഒരു ബി.ജെ.പി നേതാവും സംബന്ധിച്ചില്ല. ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍ മോദിയുടം ഇഫ്താര്‍ സംഗമം നടത്തി. ഇതില്‍ ഒറ്റ ജെ.ഡി.യു നേതാവും പങ്കെടുത്തില്ല.

മൂന്നുദിവസം മുന്‍പ് അധികാരമേറ്റ രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയില്‍ മതിയായ പ്രാതിനിധ്യം നല്‍കാത്തതിനു മറുപടിയായി സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയില്‍ ബി.ജെ.പിക്ക് ഒരു സ്ഥാനം മാത്രം ഒഴിച്ചിട്ടാണ് ജെ.ഡി.യു പകരംവീട്ടിയത്.

പിന്നാലെ കേന്ദ്രമന്ത്രിസഭയിലേക്ക് ഇനി ജെ.ഡി.യുവില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രസ്താവനയിറക്കുകയും ചെയ്തു. സംസ്ഥാന മന്ത്രിസഭയിലേക്ക് എട്ടു പുതിയ മന്ത്രിമാരെ ഇന്നലെ തിരഞ്ഞെടുത്തപ്പോള്‍ ബി.ജെ.പിക്ക് ഒരു മന്ത്രിസ്ഥാനം മാത്രമാണ് നിതീഷ്‌കുമാര്‍ നീക്കിവച്ചത്. ജെ.ഡി.യു നീട്ടിയ ഒരുമന്ത്രിപദവി ബി.ജെ.പി ഇതുവരെ സ്വീകരിച്ചിട്ടില്ല. ബിഹാറിലെ 33 അംഗ നിതീഷ്‌കുമാര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി പദവിയുള്‍പ്പെടെ 14 അംഗങ്ങളാണ് ഇതുവരെ ബി.ജെ.പിക്കുണ്ടായിരുന്നത്.

അതേസമയം, സംസ്ഥാന മന്ത്രിസഭാ വികസനവും കേന്ദ്രമന്ത്രിസഭയിലെ ജെ.ഡി.യുവിന്റെ പ്രാതിനിധ്യവും കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന് നിതീഷ്‌കുമാര്‍ പ്രതികരിച്ചു. ബിഹാറിലെ എന്‍.ഡി.എ സഖ്യ സര്‍ക്കാരില്‍ ജെ.ഡി.യുവിന് അര്‍ഹമായ മന്ത്രിസ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും ഇപ്പോള്‍ അത് നികത്തിയെന്ന് മാത്രമേയുള്ളുവെന്നും നിതീഷ്‌കുമാര്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ജെ.ഡി.യുവുമായി സഖ്യംചേര്‍ന്ന് മത്സരിച്ച ബി.ജെ.പി വന്‍ നേട്ടമാണ് ഉണ്ടാക്കിയത്. ആകെയുള്ള 40ല്‍ 16 സീറ്റുകള്‍ ജെ.ഡി.യുവും 17 എണ്ണം ബി.ജെ.പിയും സ്വന്തമാക്കി. ഇതിനുപിന്നാലെ കേന്ദ്രമന്ത്രിസഭയില്‍ രണ്ട് കാബിനറ്റ് മന്ത്രി സ്ഥാനങ്ങളാണ് ജെ.ഡി.യു ആവശ്യപ്പെട്ടത്. എന്നാല്‍ ഒന്ന് മാത്രമാണ് ബി.ജെ.പി നല്‍കിയത്. മന്ത്രിസ്ഥാനമാകട്ടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് മാത്രമാണ് ജെ.ഡി.യുവിനെ അറിയിച്ചത്. ഇതോടെ ഒരുമന്ത്രിസ്ഥാനമാണെങ്കില്‍ അത് ഏറ്റെടുക്കില്ലെന്ന നിലപാട് ജെ.ഡി.യു സ്വീകരിക്കുകയായിരുന്നു.

എന്‍.ഡി.എയില്‍ ബി.ജെ.പിയും ശിവസേനയും കഴിഞ്ഞാല്‍ ഏറ്റവും വലിയ കക്ഷിയായ ജെ.ഡി.യുവുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കുന്നതിന് ബി.ജെ.പി അണിയറയില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. എന്നാല്‍, 16 എം.പിമാരുള്ള തങ്ങള്‍ക്ക് രണ്ട് കാബിനറ്റ് പദവിയുള്ള മന്ത്രിമാരെ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജെ.ഡി.യു. ഒരു കാബിനറ്റ് പദവിയുള്ള മന്ത്രിസ്ഥാനം, സ്വതന്ത്ര ചുമതലയുള്ള ഒരു സഹമന്ത്രി, ഒരു സഹമന്ത്രി എന്നിങ്ങനെയുള്ള ഫോര്‍മുല ബി.ജെ.പി മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും ജെ.ഡി.യു വഴങ്ങിയിട്ടില്ല. ലോക്സഭയിലെ 16 എം.പിമാര്‍ക്കുപുറമെ രാജ്യസഭയില്‍ പാര്‍ട്ടിക്ക് ആറു അംഗങ്ങളുമുണ്ട്. അഞ്ചും ആറും എം.പിമാര്‍ മാത്രമുള്ള ചെറു കക്ഷികളായ അകാലിദളിനും ബിഹാറിലെ തന്നെ എല്‍.ജെ.പിക്കും നല്‍കുന്ന അതേ പരിഗണന ലഭിച്ചതാണ് ജെ.ഡി.യുവിനെ കടുത്ത നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്.

അടുത്ത വര്‍ഷം ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജെ.ഡി.യുവിനെ പിണക്കുന്നത് ബി.ജെ.പിക്കു ദോഷം ചെയ്യും. അതിനാല്‍ കരുതലോടെയാണ് ബി.ജെ.പി നീങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ഉള്‍ക്കൊള്ളുന്ന വിശാലമതേതര സഖ്യത്തിന്റെ ഭാഗമായാണ് ജെ.ഡി.യു മത്സരിച്ചത്. സഖ്യം വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും നിതീഷ്‌കുമാര്‍ പിന്നീട് ബി.ജെ.പിക്കൊപ്പം പോവുകയായിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.