2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

മോദിയെ എപ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണകരമല്ല, ഭരണമാതൃക മോശമല്ലെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണംചെയ്യില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്‌റാം രമേശ്. 2014 മുതല്‍ 2019 വരെ മോദി ചെയ്ത കാര്യങ്ങള്‍ അംഗീകരിക്കാന്‍ സമയമായി. ഈ കാര്യങ്ങള്‍ കൊണ്ടാണ് 30 ശതമാനത്തിലധികം വോട്ടുകള്‍ നല്‍കി ജനം വിജയിപ്പിച്ചതെന്നും ജയ്‌റാം രമേശ് പറഞ്ഞു.

മോദിയുടെ ഭരണമാതൃക പൂര്‍ണമായും മോശമല്ലെന്നും മോദിയുടെ പ്രവൃത്തികളെ എല്ലായ്‌പ്പോഴും തള്ളിക്കളയേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014 മുതല്‍ 2019വരെയുള്ള കാലയളവില്‍ മോദി എന്തൊക്കെയാണ് ചെയ്തതെന്ന് പരിശോധിക്കേണ്ട സമയമാണിത്. 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 37.4 ശതമാനം വോട്ടുകളും എന്‍.ഡി.എ മൊത്തത്തില്‍ 45 ശതമാനം വോട്ടുകളും നേടി. ഈ വിധത്തില്‍ വീണ്ടും അധികാരത്തിലെത്താന്‍ മോദിയെ സഹായിച്ചതെന്താണെന്ന് പരിശോധിക്കണമെന്നും ജയ്‌റാം രമേശ് പറഞ്ഞു.

ജനങ്ങളുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന തരത്തിലുള്ള ഭാഷയിലാണ് മോദി സംസാരിക്കുന്നത്. ഇതിനു മുന്‍പ് ആരും ചെയ്തിട്ടില്ലാത്തതും ജനങ്ങള്‍ അംഗീകാരമുള്ളതുമായ കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത് എന്ന കാര്യം തിരിച്ചറിയാതെ നമുക്ക് അദ്ദേഹത്തെ നേരിടാനാവില്ല. എല്ലായ്‌പോഴും മോദിയെ കുറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തെ ശരിയായി ചെറുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.