2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അതെ, ജയപ്രദ ബി.ജെ.പിയിലും ചേര്‍ന്നു: കൂടുമാറ്റം അഞ്ചാമത്തെ പാര്‍ട്ടിയിലേക്ക്

  • രാംപൂരില്‍ നിന്ന് രണ്ട് തവണ ലോക്‌സഭയിലെത്തിയ

അവര്‍ വീണ്ടും അവിടെ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കും

ന്യൂഡല്‍ഹി: ചലച്ചിത്ര താരവും സമാജ് വാദി മുന്‍ എംപിയുമായ ജയപ്രദ ബിജെപിയിലും ചേര്‍ന്നു. അവര്‍ക്കിനി ചേരാന്‍ മറ്റു പാര്‍ട്ടികളില്ല എന്നു പറയുന്നതാകും ശരി. അഞ്ചാമത്തെ പാര്‍ട്ടിയിലേക്കാണ് അവരിപ്പോഴെത്തിയിരിക്കുന്നത്.

ദേശീയ സെക്രട്ടറി ഭൂപേന്ദര്‍ യാദവ് ആണ് ജയപ്രദയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയത്. രാംപുരില്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥിയായി ജയപ്രദ മത്സരിക്കും.
സമാജ് വാദിപാര്‍ട്ടിയിലെ മുഖ്യ ശത്രുവായിരുന്ന അസം ഖാനുമായി ഏറ്റുമുട്ടാനാണ് ബി.ജെ.പി ജയപ്രദയെ കളത്തിലിറക്കിയിരിക്കുന്നത്. 2004 ലും 2009 ലും ഉത്തര്‍പ്രദേശിലെ രാംപൂരില്‍ നിന്നുള്ള എം.പിയായിരുന്നു ഇവര്‍.

തെലുങ്കുദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ജയപ്രദ, ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തയായാണ് അറിയപ്പെട്ടത്. തെലുങ്ക് മഹിളാ സഭയുടെ അധ്യക്ഷ പദവിയും വഹിച്ചു.
ആന്ധ്രയില്‍ നിന്നുള്ള രാജ്യസഭാ അംഗം ആയി. നായിഡുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് തെലുങ്കുദേശം വിട്ട ജയപ്രദ പിന്നീടാണ് സമാജ് വാദിയില്‍ ചേരുന്നത്. രാംപൂരില്‍ നിന്ന് രണ്ട് തവണ ലോക്‌സഭയിലെത്തി.
പിന്നീട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ അസം ഖാനെതിരെ നടത്തിയ ആരോപണങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് അമര്‍ സിംഗിനൊപ്പം ആര്‍ജെഡിയില്‍ ചേര്‍ന്ന ജയപ്രദ, 2014ല്‍ ബിജ്‌നോറില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിലായാണ് ബിജെപിയിലേക്കുള്ള കൂടുമാറ്റം.

നിലവില്‍ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റാണ് രംപുര്‍. ഡോ.നേപാല്‍ സിംഗാണ് ഇപ്പോഴത്തെ എംപി. ഇദ്ദേഹത്തെ മാറ്റി പകരം ജയപ്രദയെ ഇറക്കി മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.