2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

ജയലളിത അമ്മയാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റ് ആവശ്യപ്പെട്ട് ‘മകള്‍’ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത തന്റെ അമ്മയാണെന്നും ഇത് തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ഹരജി. ജയലളിതയുടെ മകളെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവതിയുടെ ഹരജിയില്‍ സുപ്രിംകോടതി ഇന്നുതന്നെ തീരുമാനം അറിയിക്കും.

ബന്ധുക്കളായ എല്‍.എസ് ലളിത, രജനി രവീന്ദ്രനാഥ് എന്നിവര്‍ക്കൊപ്പം മഞ്ജുള എന്ന അമൃതയാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്.

ബെംഗളുരുവില്‍ ജയലളിതയുടെ മുതിര്‍ന്ന സഹോദരി ശൈലജയും അവരുടെ ഭര്‍ത്താവ് സാരതിയുമാണ് തന്നെ വളര്‍ത്തിയതെന്നാണ് അമൃതയുടെ അവകാശവാദം. സാരതി മരിക്കുന്നതിന് തൊട്ടുമുന്‍പ് താന്‍ ജയലളിതയുടെ മകളാണെന്ന് പറഞ്ഞിരുന്നുവെന്നും അമൃത പറയുന്നു.

1980 ആഗസ്റ്റ് 14 ന് മൈലാപൂരിലെ ജയലളിതയുടെ വീട്ടില്‍ വെച്ചാണ് താന്‍ ജനിച്ചത്. ജയലളിതയുടെ ആദരവിന് ഇടിവു വരാതിരിക്കാനാണ് ഇക്കാര്യം രഹസ്യമാക്കിവെച്ചതെന്നും ഇവര്‍ പറയുന്നു.

ജയലളിതയെ കാണാനുള്ള തന്റെ ശ്രമങ്ങളെല്ലാം വിഫലമായിരുന്നു. അസുഖബാധിതയായി അപ്പോളോ ആശുപത്രിയില്‍ കഴിയുമ്പോള്‍ നാലു തവണ അവരെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും ശശികലയുടെ ആജ്ഞ അനുസരിച്ച് സുരക്ഷാ ഭടന്‍മാര്‍ തന്നെ ആട്ടിയകറ്റുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.