2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അമിത് ഷായുടെ മകന്റെ കമ്പനിക്ക് ലഭിച്ച വായ്പയില്‍ 4000 ശതമാനം വര്‍ധന

യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ് ഷാക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍. ജയ് ഷായുടെ കമ്പനിക്കു ലഭിച്ച വായ്പയില്‍ 4,000 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി എന്‍.ഡി ടി.വി റിപ്പോര്‍ട്ട്‌ചെയ്തു.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറുകയും അമിത്ഷാ ബി.ജെ.പി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതിനു പിന്നാലെ ജയ് ഷായുടെ കമ്പനി ഒരുവര്‍ഷം കൊണ്ട് 16,000 ഇരട്ടി ലാഭമുണ്ടാക്കിയെന്നു കഴിഞ്ഞദിവസം ‘ദി വയര്‍’ റിപ്പോര്‍ട്ട്‌ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ജയ് ഷായ്ക്ക് നിയമവിരുദ്ധമായി ആനുകൂല്യങ്ങള്‍ ലഭിച്ചെന്ന വെളിപ്പെടുത്തല്‍ എന്‍.ഡി ടി.വി പുറത്തുവിട്ടത്. ‘വയറി’ന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ചാനല്‍ നടത്തിയ അന്വേഷണം, ജയ് ഷായുടെ കമ്പനിയുടെ വായ്പ 4,000 ശതമാനമായി വര്‍ധിപ്പിച്ചത് സ്വജനപക്ഷപാതമാണോ അതോ അര്‍ഹിക്കുന്നതാണോ എന്നു ചോദിച്ചാണ് എന്‍.ഡി ടി.വി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2013- 14 വര്‍ഷത്തില്‍ 1.3 കോടി രൂപ മാത്രമാണ് ജയ് ഷായുടെ കമ്പനിക്ക് വായ്പ ലഭിച്ചത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാമ്പത്തികവര്‍ഷം വായ്പയായി ലഭിച്ച പണം 53.4 കോടിയായി ഉയര്‍ന്നുവെന്നും ചാനല്‍ റിപ്പോര്‍ട്ട്‌ചെയ്തു.
യുവസംരംഭകരെ പ്രോല്‍സാഹിപ്പുക്കന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ വായ്പകള്‍ അനുവദിക്കാറുണ്ട്. എന്നാല്‍ ഈ പദ്ധതിയുടെ ഭാഗമല്ല ജയ് ഷായ്ക്ക് ലഭിച്ച വായ്പ. ജയ് ഷായുടെ വിവാദമായ ടെംപിള്‍ എന്റര്‍പ്രൈസസ് കമ്പനി 2004ലാണ് സ്ഥാപിക്കപ്പെട്ടത്. 10 വര്‍ഷത്തിനു ശേഷം 2014ല്‍ കമ്പനിയുടെ പ്രവര്‍ത്തനലാഭം 18 ലക്ഷം രൂപയായിരുന്നു. അടുത്തവര്‍ഷം ജയ് ഷായുടെ കമ്പനിക്ക് ‘കിഫ്‌സ്’ 15.8 കോടി രൂപ വായ്പ അനുവദിച്ചു.
ഇതുസംബന്ധിച്ച അന്വേഷണത്തില്‍ 2015- 16 വര്‍ഷത്തില്‍ 88 കോടി രൂപ വിവിധ സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായാണ് വിവാദ കമ്പനിക്കും വായ്പ അനുവദിച്ചതെന്നുമാണ് ‘കിഫ്‌സി’ല്‍ നിന്നു മറുപടി ലഭിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.