2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

Editorial

ജനാധിപത്യ മൂല്യങ്ങളുടെ നിര്‍ഭയ പോരാളി


ജനാധിപത്യ മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും മതേതരത്വത്തിനും അതിര്‍ത്തികളാല്‍ വിഭജിക്കപ്പെടാത്ത മാനവികതക്കും വേണ്ടി ഇന്ത്യയില്‍ നിരന്തരം ഉയര്‍ന്നുകൊണ്ടിരുന്ന കനത്തൊരു ശബ്ദമാണ് ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ കുലപതി കുല്‍ദീപ് നയാരുടെ വിയോഗത്തോടെ നിലച്ചുപോയത്. തുല്യതയില്ലാത്ത വിധം കര്‍മബഹുലമായിരുന്നു ആ ജീവിതം. അറിയപ്പെട്ടതും അദ്ദേഹം അറിയാനാഗ്രഹിച്ചതും പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലാണെങ്കിലും അതിലൊതുങ്ങുന്നതല്ല ആ ബഹുമുഖ പ്രതിഭ. നയതന്ത്രജ്ഞന്‍, രാഷ്ട്രീയ നിരീക്ഷകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, ജനാധിപത്യ പോരാളി തുടങ്ങി നിരവധി മേഖലകളില്‍ തിളങ്ങിനിന്ന വ്യക്തിത്വമായിരുന്നു നയാരുടേത്. ഇങ്ങനെയെല്ലാമുള്ള മറ്റൊരു വ്യക്തിത്വം ഇന്ത്യയിലെന്നല്ല, ലോകത്തു തന്നെ കണ്ടെത്തുക പ്രയാസമായിരിക്കും.

കനലില്‍ ചുട്ടെടുത്തതായിരുന്നു നയാരുടെ ജീവിതം. ഇപ്പോള്‍ പാകിസ്താന്റെ ഭാഗമായ സിയാല്‍കോട്ടില്‍ 1924ലാണ് നയാര്‍ ജനിച്ചത്. വിഭജനം കീറിമുറിച്ച ഹൃദയവുമായി നിര്‍ബന്ധിതാവസ്ഥയിലാണ് അദ്ദേഹം ഇന്ത്യയിലേക്കു വരുന്നത്. കഠിനമായ ചുറ്റുപാടുകളെ അതിജീവിച്ചാണ് അദ്ദേഹം വളര്‍ന്നത്. വിഭജനം സമ്മാനിച്ച നോവുണങ്ങാത്ത ആ മനസില്‍ എക്കാലവും നിറഞ്ഞുനിന്ന സ്വപ്നമായിരുന്നു അതിര്‍ത്തിരേഖ വേര്‍പ്പെടുത്തിയ ഇരു ജനതയും തമ്മിലുള്ള സൗഹൃദം. അതിനുള്ള അക്ഷീണ യത്‌നം ജീവിതകാലം മുഴുവന്‍ അദ്ദേഹം തുടര്‍ന്നെങ്കിലും ആ സ്വപ്നം സാക്ഷാല്‍കരിക്കപ്പെടാതെയാണ് അദ്ദേഹം വിടപറഞ്ഞത്.
നീതിക്കായി നിലകൊള്ളുന്ന നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന്റെ ഏറ്റവും മികച്ച മാതൃക കൂടിയായിരുന്നു നയാരുടെ ജീവിതം. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്ന നിലയില്‍ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ജി.ബി പന്തിനുമൊക്കെ ഒപ്പം പ്രവര്‍ത്തിച്ച അദ്ദേഹം ആ ജോലി രാജിവച്ച് ചില പ്രമുഖ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തന രംഗത്തു ജ്വലിച്ചുനില്‍ക്കുന്ന ഘട്ടത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അന്നത്തെ പത്രപ്രവര്‍ത്തന മേഖലയിലെ പല പ്രമുഖരും ഭരണകൂടത്തിന്റെ സ്തുതിപാഠകരായി മാറിയപ്പോള്‍ അടിയന്തരാവസ്ഥക്കെതിരേ ഉറച്ച നിലപാടു സ്വീകരിക്കാന്‍ നയാര്‍ ഒട്ടും ഭയപ്പെട്ടില്ല. അന്നത്തെ പ്രധാനമന്ത്രിയും സര്‍വാധിപതിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെയും മകന്‍ സഞ്ജയ് ഗാന്ധിയുടെയും ജനവിരുദ്ധ നടപടികള്‍ക്കെതിരേ തുടര്‍ച്ചയായി എഴുതുകയും സംസാരിക്കുകയും ചെയ്ത അദ്ദേഹം ജയിലിലടക്കപ്പെട്ടു.
അടിയന്തരാവസ്ഥക്കാലത്തു നടന്ന ഭരണകൂട ഭീകരതയുടെ യഥാര്‍ഥ ചിത്രം പിന്നീടു പുറത്തുകൊണ്ടുവരുന്നതില്‍ ഏറെ പ്രധാനപ്പെട്ട പങ്കാണ് നയാര്‍ വഹിച്ചത്. അക്കാലത്തു നടന്ന വ്യാജ ഏറ്റുമുട്ടല്‍ മരണങ്ങളും ലോക്കപ്പ് മരണങ്ങളും വ്യാജ കേസുകള്‍ ചുമത്തി നിരപരാധികള്‍ പീഡിപ്പിക്കപ്പെട്ടതുമടക്കം ഒട്ടേറെ ഭരണകൂട നിഷ്ഠൂരതകള്‍ അദ്ദേഹം പുറംലോകത്തെ അറിയിച്ചു. അടിയന്തരാവസ്ഥക്ക് അന്ത്യം കുറിച്ച അന്നത്തെ പ്രതിപക്ഷ സഖ്യത്തിന്റെ രൂപീകരണത്തിനു പിന്നിലും നയാരുടെ സുപ്രധാന ഇടപെടലുകള്‍ ഉണ്ടായിരുന്നു.
അവിടെയും അവസാനിച്ചില്ല ജനാധിപത്യ മൂല്യങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടം. അമിതാധികാര കേന്ദ്രീകരണത്തിനും ജനാധിപത്യവിരുദ്ധതക്കും വര്‍ഗീയതക്കുമൊക്കെ എതിരായ നയാരുടെ മൂര്‍ച്ചയേറിയ വാക്കുകള്‍ അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ‘വരികള്‍ക്കിടയില്‍’ എന്ന, ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും എണ്‍പതോളം പത്രങ്ങള്‍ പ്രസിദ്ധീകരിച്ചുപോന്ന പംക്തിയിലൂടെ നിരന്തരം ലോകജനതയുമായി സംവദിച്ചു. ബാബരി മസ്ജിദ് ധ്വംസനത്തെ തുടര്‍ന്ന് വര്‍ഗീയ ഫാസിസത്തിനെതിരേയും സാമൂഹ്യ സൗഹാര്‍ദത്തിനു വേണ്ടിയും രൂപംകൊണ്ട നിരവധി കൂട്ടായ്മകളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
ജനതാ ഭരണകാലത്ത് ബ്രിട്ടനിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിതനായ നയാര്‍ നയതന്ത്ര മേഖലയിലും മികച്ച സംഭാവനകളാണ് അര്‍പ്പിച്ചത്. ആ നയതന്ത്രഞ്ജത ഏറ്റവുമധികം പ്രവര്‍ത്തിച്ചത് ഇന്ത്യാ- പാക് സൗഹാര്‍ദമെന്ന അദ്ദേഹത്തിന്റെ സ്വപ്ന സാക്ഷാല്‍കാരത്തിനായിരുന്നു. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ലാഹോറിലേക്കു നടത്തിയ ചരിത്രപ്രസിദ്ധമായ ബസ് യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പമുള്ള സംഘത്തില്‍ അദ്ദേഹമുണ്ടായിരുന്നു. തന്റെ ജന്മദിനത്തില്‍ അതിര്‍ത്തിയില്‍ പോയി മെഴുകുതിരികള്‍ കത്തിച്ച് ഇന്ത്യാ- പാക് സൗഹൃദമെന്ന തന്റെ സ്വപ്നം ജ്വലിപ്പിച്ചു നിര്‍ത്തുകയും അതു മറ്റുള്ളവരിലേക്കു പകരാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അദ്ദേഹം പതിവാക്കിയിരുന്നു. ആ സ്വപ്നം യാഥാര്‍ഥ്യമായി കാണുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം നിരന്തരം എഴുതിക്കൊണ്ടുമിരുന്നു. എന്നാല്‍ ആ പ്രയത്‌നം കാര്യമായി ഫലംകണ്ടില്ല.
മാധ്യമരംഗത്തെ ജീര്‍ണതക്കെതിരേയും ഉറച്ച നിലപാടാണ് നയാര്‍ സ്വീകരിച്ചത്. താന്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലെ ജീര്‍ണതക്കെതിരേ അദ്ദേഹം തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരുന്നു. ‘പെയ്ഡ് ന്യൂസ്’ സമ്പ്രദായത്തിനു തടയിടാനായി ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ട കാര്യം പല ഘട്ടങ്ങളിലായി അദ്ദേഹം ഭരണാധികാരികളെ ഓര്‍മിപ്പിച്ചെങ്കിലും ആ പ്രയത്‌നത്തിനും കാര്യമായ ഫലമുണ്ടായില്ല. രാജ്യസഭാംഗമെന്ന നിലയിലും നയാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.
രാജ്യം ഹിന്ദുത്വ വര്‍ഗീയ ഫാസിസത്തിന്റെ താണ്ഡവഭൂമിയായി മാറുകയും ജനാധിപത്യ ധ്വംസനങ്ങള്‍ തുടര്‍ക്കഥയാവുകയും ചെയ്‌തൊരു ഘട്ടത്തിലാണ് മാനവികതക്കു വേണ്ടി എന്നും നിലകൊണ്ട ആ മഹദ്്‌വ്യക്തിത്വം വിടപറഞ്ഞത്. ഇന്ത്യന്‍ ജനാധിപത്യത്തിനും അതിന്റെ അതിജീവനത്തിനായുള്ള പോരാട്ടങ്ങള്‍ക്കും ആ വേര്‍പാട് സൃഷ്ടിക്കുന്ന നഷ്ടം ചെറുതല്ല.

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.