2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ഡോക്ടര്‍മാര്‍ തമ്മില്‍ ആശയവിനിമയം നടക്കുന്നില്ല, ചികിത്സാ വിവരങ്ങള്‍ പങ്കുവയ്ക്കാനുമാവുന്നില്ല; ജമ്മു കശ്മീരില്‍ ആരോഗ്യമേഖലയില്‍ രൂക്ഷ പ്രതിസന്ധി

 

ശ്രീനഗര്‍: 370-ാം റദ്ദാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കനത്ത നിയന്ത്രമങ്ങള്‍ ഒരു മാസം പിന്നിടവെ, ആരോഗ്യമേഖലയും കടുത്ത പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ തമ്മിലും ആശുപത്രികള്‍ തമ്മിലും ആശയവിനിമയം നടക്കാത്തതാണ് വലിയ പ്രതിസന്ധിക്കിടയാക്കുന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ മുതിര്‍ന്ന ഡോക്ടര്‍മാരില്‍ നിന്ന് ഉപദേശം തേടാന്‍ യാതൊരു മാര്‍ഗവുമില്ലാത്ത സാഹചര്യത്തില്‍, അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്തേണ്ടെന്ന് പല ഡോക്ടര്‍മാരും തീരുമാനിച്ചിരിക്കുകയാണ്.

ആയുഷ്മാന്‍ ഭാരത് പദ്ധതിയും നിലച്ച മട്ടിലാണ്. ആവശ്യമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്ലാത്തതിനാല്‍ നല്‍കാനാവാത്തതിനാലാണിത്. കഴിഞ്ഞ ആഴ്ച മുതലാണ് സൗജന്യ ചികിത്സ ആശുപത്രികള്‍ നിഷേധിച്ച് തുടങ്ങിയത്. കാരണം ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ രജിസ്റ്റര്‍ ചെയ്യാനാകുന്നില്ല എന്നതാണ്.

നേരത്തെ തികച്ചും സൗജന്യമായി ലഭ്യമായിരുന്ന ഡയാലിസിന് ഇപ്പോള്‍ വന്‍തുക നല്‍കേണ്ടി വരുന്നത് രോഗികളെ വലച്ചിട്ടുണ്ട്. മറ്റ് ചിലരാകട്ടെ വന്‍തോതില്‍ പണം നല്‍കി ഡയാലിസിസ് തുടരുന്നു. എന്നാല്‍ ഇങ്ങനെ എത്രനാള്‍ മുന്നോട്ട് പോകാനാകുമെന്ന ആശങ്ക രോഗികളിലൊരാളായ നിയാസ് വാനി പങ്കുവച്ചു.

കഴിഞ്ഞ മാസം 26വരെ വാനിക്ക് തികച്ചും സൗജന്യമായാണ് ഡയാലിസിസ് നടത്തിയത്. ശ്രീനഗറിലെ മുന്‍നിര സ്വകാര്യ ആശുപത്രികളിലൊന്നായ ഖൈബര്‍ ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സ നടത്തുന്നത്. പ്രധാനമന്ത്രിയുടെ ആയൂഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയിലുള്‍പ്പെട്ട ആളാണ് ഇദ്ദേഹം. ഈ പദ്ധതി പ്രകാരം അഞ്ചുലക്ഷം രൂപവരെയുള്ള ചികിത്സാ ചെലവ് തികച്ചും സൗജന്യമായി ലഭിക്കും.

റിക്ഷാഡ്രൈവര്‍മാര്‍, തൊഴിലാളികള്‍ തുടങ്ങി ദിവസ വേതനക്കാരായ നിരവധി പേരാണ് ഇതേ ആശുപത്രിയില്‍ ഈ പ്രതിസന്ധി നേരിട്ടിരിക്കുന്നത്. പലരും ചികിത്സ നിര്‍ത്തി വീട്ടില്‍ പോകുകയും ചെയ്തു. മനുഷ്യത്വത്തിന്റെ പേരിലാണ് കഴിഞ്ഞമാസം 26വരെ ആശുപത്രി അധികൃതര്‍ ചികിത്സ നല്‍കിയത്. ഇന്റര്‍നെറ്റ് സംവിധാനം വേഗം പുനഃസ്ഥാപിക്കുമെന്നും അവര്‍ കണക്കുകൂട്ടി. 22 ലക്ഷമായിരുന്ന ബില്‍ 60ലക്ഷം കടന്നതോടെയാണ് ആശുപത്രി അധികൃതരും ചികിത്സ നിര്‍ത്തി വയ്ക്കാന്‍ നിര്‍ബന്ധിതരായത്. കേന്ദ്ര സര്‍ക്കാരാണ് ഈ തുക നല്‍കേണ്ടത്.

ദിവസവും 2500 രൂപ നല്‍കിയാണ് താന്‍ ഇപ്പോള്‍ ഡയാലിസിസ് നടത്തുന്നതെന്ന് വാനി പറഞ്ഞു. ചികിത്സയ്ക്കായി ഭാര്യയുടെ കമ്മല്‍ പോലും വിറ്റുകഴിഞ്ഞെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും രോഗികളുടെ എണ്ണം വളരെക്കുറഞ്ഞു. പല മരുന്നുകളും കിട്ടാനില്ല. കൊറിയര്‍ സര്‍വീസുകളും നിര്‍ത്തലാക്കിയതിനാല്‍ അങ്ങനെയും മരുന്നുകള്‍ വരുന്നില്ല. ചണ്ഡിഗഢിലോ ഡല്‍ഹിയിലോ പോയി മരുന്ന് വാങ്ങുന്നതും ഇവര്‍ക്ക് താങ്ങാനാകുന്നില്ല. മിക്ക ശസ്ത്രക്രിയകളും നിര്‍ത്തിവയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തിരിക്കുകയാണ്. ജീവന്‍രക്ഷാ സേവനം വേണ്ട പല രോഗികളും ഇതിനകം തന്നെ മരിച്ചു കാണും. എന്നാല്‍ ഇതേക്കുറിച്ചറിയാനും ഇന്റര്‍നെറ്റോ മൊബൈലോ ലഭ്യമല്ല.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.