2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

ജമാല്‍ നാജി ഓര്‍മയാകുമ്പോള്‍

എസ്.എ.ഖുദ്‌സി

പ്രശസ്ത ഫലസ്തീന്‍-ജോര്‍ദാന്‍ എഴുത്തുകാരന്‍ ജമാല്‍ നാജി ഓര്‍മയായിരിക്കുകയാണ്. അറബ് സാഹിത്യലോകത്തോട് എന്നെന്നേക്കുമായി നാജി വിടപറഞ്ഞു.

ഹൃദയസ്തംഭനമായിരുന്നു മരണകാരണം. ഇന്റലിജന്‍ഷ്യാ റിസര്‍ച്ച് സെന്ററിന്റെ തലവനായിരിക്കെയാണ് 64 വയസിലെ അദ്ദേഹത്തിന്റെ ദേഹവിയോഗം. നാജിയുടെ ‘ചെന്നായ്ക്കള്‍ക്ക് വയസാകുമ്പോള്‍’ (ണവലി വേല ണീഹ്‌ല െഴൃീം ീഹറ) എന്ന കൃതി 2010ല്‍ അറബി നോവലിനുള്ള അന്താരാഷ്ട്ര അവാര്‍ഡിന്റെ (ഐ.പി.എ.എഫ്) ചുരുക്കപ്പട്ടികയില്‍ ഉള്‍പെട്ടിരുന്നു. അറബ് ബുക്കര്‍ പ്രൈസ് എന്നാണ് ഈ പുരസ്‌കാരം അറിയപ്പെടുന്നത്. അറബ് ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമാണിത്. ജോര്‍ദാനിലെ പ്രമുഖ സാഹിത്യ പുരസ്‌കാരമായ ജോര്‍ദാനിയന്‍ സ്റ്റേറ്റ് അവാര്‍ഡ് 2014ല്‍ ലഭിച്ചു.

1954ല്‍ ഫലസ്തീനിലെ ജറൂസലമിലെ ജെറിക്കോയിലാണ് ജമാല്‍ നാജിയുടെ ജനനം. ഈ പ്രദേശമടങ്ങിയ പ്രവിശ്യ ഇപ്പോള്‍ ഇസ്‌റാഈലിന്റെ അധീനത്തിലാണ്. 1967ലെ അറബ്-ഇസ്‌റാഈല്‍ യുദ്ധത്തെ തുടര്‍ന്ന് ജോര്‍ദാനിലേക്ക് പലായനം ചെയ്തു. അമ്മാനിലെ അഖബത്ത അഭയാര്‍ഥി ക്യാംപിലായിരുന്നു കൗമാരകാല ജീവിതം. പലായനം ചെയ്ത് സിറിയയിലും ജോര്‍ദാനിയും ലബനാനിലും അഭയംതേടിയ ഒട്ടനവധി ഫലസ്തീന്‍ എഴുത്തുകാരും ബുദ്ധിജീവികളുമുണ്ട്.

ഫൈന്‍ ആര്‍ട്‌സില്‍ ബിരുദമെടുത്ത് നാജി സഊദി അറേബ്യയില്‍ അധ്യാപകനായി. സഊദി അറേബ്യയില്‍ പ്രവാസിയായിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ സര്‍ഗജീവിതം ആരംഭിക്കുന്നത്. ആദ്യത്തെ നോവല്‍ ‘റോഡ് ടു ബല്‍ഹാര്‍ട്ട് ‘ അവിടെവച്ചാണ് എഴുതിയത്, 1981ല്‍. ‘അവസാനത്തെ ആക്രമണത്തിന്റെ ശേഷിപ്പുകള്‍’ എന്ന നോവല്‍ 1988ല്‍ ടെലിവിഷന്‍ സീരിയലാക്കിയിരുന്നു. പിന്നീട് പ്രവാസജീവിതം അവസാനിപ്പിച്ചു ജോര്‍ദാനില്‍ മടങ്ങിയെത്തി. ജോര്‍ദാനിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ മുഴുസമയവും കേന്ദ്രീകരിച്ചു. ജോര്‍ദാന്‍ റൈറ്റേഴ്‌സ് യൂനിയനു ജന്മംകൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചവരില്‍ ഒരാളാണ് ജമാല്‍. 2001-2003 വര്‍ഷം അതിന്റെ അധ്യക്ഷനുമായിരുന്നു.


‘ചെന്നായ്ക്കള്‍ക്ക് വയസാകുമ്പോള്‍’ ജമാലിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ്. ജീവിതത്തിന്റെ ഏറ്റവും അധസ്ഥിത തട്ടില്‍നിന്ന് ഉയര്‍ന്നു സമൂഹത്തില്‍ ഉന്നതസ്ഥാനീയരായി വിരാജിക്കുന്നവരുടെ പിന്നാമ്പുറ കഥകള്‍ പറയുന്ന നോവല്‍ അമ്മാനിലെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണ വിഭാഗമാണു പ്രസിദ്ധീകരിച്ചത്. കേരള യൂനിവേഴ്‌സിറ്റി അധ്യാപകനും എഴുത്തുകാരനുമായ ഡോ. ഷംനാദ് നോവല്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.