2020 May 25 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചരിത്രത്തിലേക്ക് വനിതകളുടെ ജയില്‍ ചാട്ടം: കുഞ്ഞുമക്കളെ കാണാനായിരുന്നു ?, ജാമ്യത്തിലിറക്കാനും ആരുമെത്തിയില്ല

തിരുവനന്തപുരം: ചരിത്രത്തിലേക്കായിരുന്നു ആ ജയില്‍ ചാട്ടം. ആ പേരുകളും ഇനി ചരിത്രത്തിലുണ്ടാകും. അല്ലെങ്കിലും ജയില്‍ ചാട്ടം ആണുങ്ങള്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതല്ലല്ലോ.
കേരളത്തില്‍ നിന്ന് ആദ്യമായി ജയില്‍ ചാടിയ വനിതകള്‍ ആരെന്ന ചോദ്യത്തിനും ഉത്തരമായി. പാങ്ങോട് സ്വദേശി ശില്‍പയും വര്‍ക്കല സ്വദേശി സന്ധ്യയും.

അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് വിദഗ്ധമായി മുരിങ്ങാമരത്തിലൂടെ കയറി ഇവര്‍ രക്ഷപ്പെട്ടതിന്റെ കാരണം അതിലേറെ സങ്കടകരമാണ്. ജാമ്യത്തിലിറക്കാന്‍ ആരുമുണ്ടായില്ല. പണമെറിഞ്ഞ് പുറത്തിറക്കാനുമുണ്ടായില്ല ആരും. അതിന് കുപ്രസിദ്ധരായ കുറ്റവാളികളൊന്നുമല്ലല്ലോ ഇവര്‍. എന്നിട്ടും വനിതകള്‍ക്ക് അസാധ്യമെന്ന് തോന്നാവുന്ന വിധത്തിലാണ് തടവ് ചാടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയും ഒപ്പി എടുത്തിട്ടുണ്ട്.
നിവൃത്തികേടുകൊണ്ടുമാത്രം ചെറിയ തെറ്റു ചെയ്തവര്‍. രണ്ടുപേരെയും കാത്ത് കൊച്ചു കുഞ്ഞുങ്ങളാണ് വീടുകളില്‍ കാത്തിരുന്നത്. അവരേ കാണുകയായിരുന്നു മറ്റൊരു പ്രധാന ഉദ്ദേശമെന്നുമറിയുന്നു.

ഒരൊറ്റ മുന്‍ ഗാമി ?

നേരത്തെ വിവാഹത്തട്ടിപ്പ് കേസിലും നിരവധി മോഷണ കേസുകളിലും പ്രതിയായ പരപ്പനങ്ങാടി സ്വദേശിനി രക്ഷപ്പെട്ടിരുന്നു. കോഴിക്കോട് കുതിരവട്ടത്തുളള മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നായിരുന്നു രക്ഷപ്പെടല്‍. നസീമ എന്നാണ് ഇവരുടെ പേര്. പോലിസിന്റെ പിടിയിലായിരുന്ന ഇവര്‍ മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മാനസിസാരോഗ്യ കേന്ദ്രത്തിന്റെ ചുമര്‍ തുരന്നാണ് നസീമ രക്ഷപ്പെട്ടത്. ഇവരെ കാണാതായപ്പോള്‍ മാത്രമാണ് ആശുപത്രി അധികൃതര്‍ക്ക് സംഗതി പിടികിട്ടിയത്. കുളിമുറിയുടെ ചുമരാണ് ഇവര്‍ തുരന്നത്. അതും ഒരു മഴു ഉപയോഗിച്ച്! ഇവര്‍ക്ക് എവിടെ നിന്നാണ് മഴു കിട്ടിയതെന്ന് വ്യക്തമല്ല. ചുമര്‍ തുരന്ന് പുറത്ത് കടന്ന നസീമ പത്ത് അടിയോളം ഉയരമുള്ള മതിലും ചാടിക്കടന്നാണ് രക്ഷപ്പെട്ടത്. വിവിധ ജില്ലകളിലായി ഇവര്‍ക്കെതിരേ പതിനഞ്ചോളം കേസുകളുണ്ട്. അറയ്ക്കല്‍ രാജകുടുംബാംഗമാണെന്ന് പരിചയപ്പെടുത്തി മലപ്പുറം വേങ്ങര സ്വദേശിയെ വിവാഹം കഴിച്ച് പറ്റിച്ച കേസിലാണ് നസീമ പിടിയിലായിരുന്നത്. അതിനുശേഷമിതാ മറ്റൊരു ഒറിജിനല്‍ ജയില്‍ചാട്ട കഥയുമായി മറ്റു രണ്ടു പെണ്ണുങ്ങള്‍.

ജയില്‍ ചാട്ടം
കൃത്യമായ പ്ലാനിങ്ങോടെ

ഒരേ സെല്ലിലായിരുന്നു ശില്‍പയും  സന്ധ്യയും കഴിഞ്ഞിരുന്നത്. കൃത്യമായ പ്ലാനിങ്ങോടെയാണ് ജയില്‍ ചാടിയതും. ശുചിമുറിയുടെ പിറകിലായി അധികമാരും ശ്രദ്ധിക്കാത്ത ഇടം ഉണ്ടായിരുന്നു. പക്ഷേ അവര്‍ കുറേ ദിവസങ്ങളായി ആ ഇടത്തെയായിരുന്നു ശ്രദ്ധിച്ചിരുന്നതെന്നു മാത്രം. ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് ജയില്‍ ഡിഐജി സന്തോഷ് അന്വേഷിക്കും.
തിരുവനന്തപുരം പാങ്ങോട് സ്വദേശിയാണ് ശില്‍പ. ജോലിക്ക് നിന്ന വീട്ടിലെ ഉടമയുടെ മോതിരം മോഷ്ടിച്ചെന്ന കുറ്റത്തിനാണ് ഇവരേ അറസ്റ്റ് ചെയ്തത്. സന്ധ്യയാകട്ടെ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിന് അറസ്റ്റിലായതാണ്. തിരുവനന്തപുരം വര്‍ക്കല സ്വദേശി. ഇരുവരും ദരിദ്രകുടുംബത്തിലുള്ളവരാണ്. റിമാന്‍ഡ് പ്രതികളാണ് രണ്ട് പേരും.

ജാമ്യമെടുക്കാന്‍ പണമില്ല, വീടുകളില്‍
ചെറിയ കുഞ്ഞുങ്ങള്‍ മറ്റെന്തു ചെയ്യും?

ജാമ്യമെടുക്കാന്‍ പണമില്ല, വീടുകളില്‍ ഇവരേകാത്ത് ചെറിയ കുഞ്ഞുങ്ങളുമുണ്ട്. ഇവരെ കാണാന്‍ കൂടിയാണ് ജയില്‍ ചാടാന്‍ തീരുമാനിച്ചതെന്നാണ് ജയിലധികൃതരും പൊലിസും സംശയിക്കുന്നത്. ജാമ്യമെടുക്കാന്‍ പണമില്ലെന്നും ജയില്‍ ചാടാതെ മറ്റ് വഴിയില്ലെന്നും ഇവര്‍ സഹതടവുകാരിയോട് പറഞ്ഞിരുന്നുവെത്ര.
ജയില്‍ ചാടും മുമ്പായി ശില്‍പ സഹായിയെ ജയിലില്‍ നിന്ന് വിളിച്ചു. ഒരു രൂപ കോയിനിട്ട് വിളിക്കാവുന്ന ജയിലിലെ ഫോണില്‍ നിന്നാണ് ഇവര്‍ ഇയാളുമായി ബന്ധപ്പെടുന്നത്. അടുക്കളത്തോട്ടത്തില്‍ മുരിങ്ങ മരത്തോട് ചേര്‍ന്നുള്ള ഭാഗത്ത് മതിലിന് ഉയരം കുറവാണെന്ന വിവരം ഇവര്‍ക്ക് കിട്ടിയത് ഇയാളില്‍ നിന്നാണെന്ന് സംശയിക്കപ്പെടുന്നു. ഇയാളെപ്പറ്റി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ തടവുചാടിയ ഇവര്‍ എവിടെയാണെന്നതിനെക്കുറിച്ച് ഒരു സൂചനയും പൊലിസിന് കിട്ടിയിട്ടില്ല.

ഇവര്‍ തടവ് ചാടുന്ന വിവരം ജയിലിലെ മറ്റൊരു തടവുകാരിക്കും അറിയാമായിരുന്നുവെന്നാണ് വിവരം. നാലര മണിക്ക് ശേഷം ഇവരെ കാണാനില്ലെന്ന് സഹതടവുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്.
അടുക്കളത്തോട്ടത്തിലെ മതിലിനോട് ചേര്‍ന്നുള്ള മുരിങ്ങ മരത്തില്‍ കയറി മതില്‍ ചാടിയ ഇവര്‍ ഒരു ഓട്ടോയില്‍ കയറി രക്ഷപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇരുവരുടെയും വീടുകള്‍ കേന്ദ്രീകരിച്ചാണ് പൊലിസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.