2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ജൈഹൂന്റെ പുസ്തകവും ഷിയാസിന്റെ വരകളും

2016 ഫെബ്രുവരി 18ന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നിര്യാതനായി. തുടര്‍ന്നുണ്ടായ അനുശോചന വചസുകള്‍ക്കും അനുസ്മരണങ്ങള്‍ക്കുമിടയില്‍ തെളിഞ്ഞുകണ്ട വിശേഷദൃശ്യം കുറേയേറെ വരകളും ചിത്രമെഴുത്തുകളുമായിരുന്നു. പ്രിയപ്പെട്ട ഗുരുനാഥനെ ഓര്‍മിച്ചു ശിഷ്യന്മാരായ ചിത്രകലാകാരന്മാര്‍ വരച്ച സ്‌കെച്ചുകളും പെയിന്റിങ്ങുകളും. പ്രാര്‍ഥനകളുരുവിടുന്ന പോലെ സാത്വികമായി അവരവ നവ സാമൂഹിക മാധ്യമങ്ങള്‍ മുഖേനയും ഏതാനും പത്ര പ്രസിദ്ധീകരണങ്ങള്‍ മുഖാന്തിരവും പ്രകാശിപ്പിക്കുകയും ചെയ്തു. ഇതൊരു അപൂര്‍വ സുന്ദരമായ അനുഭവമായിരുന്നു. വരകളിലും വര്‍ണങ്ങളിലും ചാലിച്ചെഴുതിയ സന്തപ്തഹൃദയങ്ങളുടെ ദുഃഖനിവാരണ ശ്രമങ്ങള്‍ മാത്രമായിരുന്നില്ല അത്. പുതിയൊരു പ്രകാശനം, ആവിഷ്‌കാര രീതി. ഉസ്താദിന്റെ സ്മരണയില്‍ വരക്കപ്പെട്ട ഈ ചിത്രങ്ങള്‍ ശ്രദ്ധിച്ചതോടെയാണ് ഷിയാസ് അഹ്മദ് എന്ന ഹുദവി സുഹൃത്തിന്റെ കലാവിശേഷങ്ങള്‍ അന്വേഷിച്ചറിഞ്ഞത്.
ഇപ്പോള്‍ ഷിയാസ് പുതിയൊരു ചിത്രപ്പണിയുമായി പിന്നെയും ശ്രദ്ധ കവരുന്നു. എഴുത്തുകാരനായ ജൈഹൂന്‍ സമാഹരിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഉദ്ധരണികളുടെ സമാഹാരമായ ടഹീഴമി െീള വേല ടമഴല വഹിക്കുന്ന മുഖലാവണ്യം തന്നെ ഷിയാസിന്റെ വരകളാണ്. ശിഹാബ് തങ്ങളുടെ എഴുത്തുകളും അഭിമുഖങ്ങളും വായിച്ചും ശ്രവിച്ചുമാണ് ജൈഹൂന്‍ ശിഹാബ് തങ്ങളുടെ സംസാര ശകലങ്ങളില്‍നിന്ന് ഉദ്ധരണികളുടെ പുസ്തകം തയാറാക്കിയത്. ഉദ്ധരിക്കാന്‍ പാകത്തില്‍ വാക്കുകള്‍ ഉച്ചരിച്ച ഒരാളല്ല നമുക്കറിയാവുന്ന ശിഹാബ് തങ്ങള്‍. എഴുത്തിലും വായനയിലും ആഴമുള്ള പരിചയമുണ്ടായിട്ടും ഉച്ചരിക്കുന്നതിനെക്കാള്‍ ചരിക്കുന്നതില്‍ സര്‍ഗാത്മകത കണ്ടെത്തിയതാണ് ശിഹാബ് തങ്ങളുടെ മഹത്വം. വാഗ്വിലാസത്തെക്കാള്‍ ജീവിതവിലാസമായിരുന്ന് മുഹമ്മദലി ശിഹാബ് തങ്ങള്‍. അതുകൊണ്ട് അദ്ദേഹത്തിന്റെ ഉദ്ധരണികളില്‍ അര്‍ഥവിശേഷങ്ങള്‍ തിരയുന്നതിലര്‍ഥമില്ല. അതുകൊണ്ടു തന്നെ ഈ പുസ്തകത്തിന്റെ വേറിട്ടുനില്‍ക്കുന്ന വിശേഷം ഷിയാസിന്റെ വരകളും ചിത്രണങ്ങളുമാണ്.
വലിയ ക്ഷോഭം ചിലപ്പോള്‍ മൗനമാണ്. ചുറ്റും ശബ്ദങ്ങള്‍ കൊടുമ്പിരി കൊള്ളുന്നേരം നിശബ്ദനായിരിക്കാന്‍ കഴിഞ്ഞതിന്റെ പേരില്‍ ഓര്‍മിക്കപ്പെടുന്ന ഒരാള്‍ എന്നതും മുഹമ്മദലി തങ്ങളുടെ ജീവിതവിശേഷമായിരിക്കും. തങ്ങള്‍ നിശബ്ദനായ ചരിത്രസന്ദര്‍ഭങ്ങള്‍ക്ക് അനേകം വാക്കുകള്‍ കൊണ്ടു വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹത്തിന്റെ പില്‍ക്കാലം. തല്‍ക്കാലത്തിനു നീതീകരിക്കാനാകാത്ത ചിലതിനെ നീതീകരിക്കുന്നതാകാം പില്‍ക്കാലം. കാലത്തിനിങ്ങനെ ചില നീതിനിര്‍വഹണങ്ങളുണ്ട്. വഴക്കിന്റെ ഒച്ചയും കുഴപ്പത്തിന്റെ ഇച്ഛയും കൂടുതല്‍ ഉയര്‍ന്നുപൊങ്ങുന്ന ഏതു കാലവും നമ്മെ ആലിംഗനം ചെയ്യുന്ന നിശബ്ദതയുടെ, ഒരു മൃദുസ്‌മേരത്തിന്റെ പേരായിരിക്കും ശിഹാബ് തങ്ങള്‍. ആ ഓര്‍മയ്ക്കുള്ള കാണിക്കയാണ് ജൈഹൂന്‍ നിര്‍വഹിച്ച കൃത്യവും കൃതിയും.
ഷിയാസും ഞാനും പഠിച്ചത് ഒരിടത്താണ്. അന്നത്തെ ദാറുല്‍ഹുദാ ഇസ്‌ലാമിക് അക്കാദമിയായിരുന്നു ഞങ്ങളുടെ അന്നദാതാവ്. ദാറുല്‍ ഹുദായുടെ ഉള്ളില്‍ എപ്പോഴും പലപല റിപബ്ലിക്കുകളുണ്ടായിരുന്നു. പ്രഭാഷകരുടെ, എഴുതുന്നവരുടെ, പാടുന്നവരുടെ, വരക്കുന്നവരുടെ അങ്ങനെയങ്ങനെ. അറിവിന്റെ പല അടരുകളിലേക്കു പറ്റിപ്പിടിച്ചു വളരാന്‍ പാകത്തിലുള്ള മണ്ണും അതിന്റെ ഫലഭൂയിഷ്ടതയുമാണ് ദാറുല്‍ഹുദായുടെ ഗുണം. ചിന്തയുടെയും രചനയുടെയും സ്വതന്ത്ര സഞ്ചാരമേഖലകള്‍ രൂപപ്പെട്ടുവന്ന ആദ്യ കാലത്തു തന്നെ ചിത്രകലക്കൊരു പ്രതിമാസ കൈവര മാസിക പ്രസിദ്ധപ്പെടുത്തിയിരുന്നു അവിടെ. കേരളത്തിലൊരു മതകലാലയത്തില്‍ അതാദ്യത്തെ സംഭവമായിരുന്നിരിക്കണം.
ചിത്രം വരക്കുന്നവര്‍ക്കു ‘ചിത്രകല’യും സാഹിത്യമെഴുതുന്നവര്‍ക്ക് ‘സര്‍ഗദീപ’വും ഇതിനൊക്കെ മുന്‍കൈയെടുക്കാന്‍ വിഭവശേഷി വികസന സമിതിയും. ഒന്നും ഒരു പദ്ധതിയായിരുന്നില്ല, ഒട്ടും ആകസ്മികവുമായിരുന്നില്ല. ഒരു ചെടി വളരുന്ന പോലെയോ, ആകാശത്തിന്റെ സൂര്യപ്രകാശമുള്ള ചെരിവിലേക്കു മരം അതിന്റെ ചില്ലകള്‍ ചായ്ക്കുന്നതു പോലെയോ ഉള്ള നൈസര്‍ഗികവും സ്വാഭാവികവുമായ വളര്‍ച്ചകളും വിടരലുകളുമായിരുന്നു അത്. എല്ലാ ക്ലാസിലും കൈയെഴുത്തു മാസികകള്‍. ആദ്യ നാളുകളിലെല്ലാം അവയുടെ മുഖചിത്രങ്ങളായി വരക്കപ്പെട്ടത് പള്ളികളും പള്ളി മിനാരങ്ങളുമായിരുന്നു. ഒരിക്കലൊരു ചിത്രകലാ ചര്‍ച്ചയില്‍ ഒരാള്‍, നമ്മളെന്തു കൊണ്ടാണ് എപ്പോഴും മുകളിലേക്കു നോക്കി താഴികക്കുടങ്ങള്‍ മാത്രം വരക്കുന്നത്, ആ ഖുബ്ബകളുടെ മുകളില്‍നിന്നു നോക്കിയാല്‍ കാണാവുന്ന ലോകം വിട്ടുപോകുന്നത് എന്നു ചോദിക്കുന്നു. ഇനി മിനാരങ്ങള്‍ മുഖപടങ്ങളായി വരച്ചാല്‍ പോര, നമുക്ക് മണ്ണിലെ കാഴ്ചകള്‍ കൂടി വരക്കണമെന്ന് ഒരു കലാകാരന്‍ നിശ്ചയിക്കുന്നു. വരയുടെ വന്‍കരകളിലേക്കുള്ള യാത്രകള്‍ക്ക് അതൊരു തുടക്കമാകുന്നു. അക്കാലത്തെ കോഴിക്കോട്ടെ ഒരു പ്രമുഖ കലാകാരന്‍ മാര്‍ഗനിര്‍ദേശങ്ങളും ചില വരകളും നല്‍കുന്നു. ലബീബ് ബഷീറും ഷരീഫ് പുതുപ്പറമ്പും ദാറുല്‍ ഹുദായിലെ കലാകാരന്മാരുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്നു. ധാരാളം വരകളും പെയിന്റിങ് എക്‌സിബിഷനുകളും കൊളാഷുകളും ഉണ്ടാകുന്നു. ഇവരുടെ ഇളയ സഹോദരനാണ് ഷിയാസ്. പിറകില്‍ ദാറുല്‍ ഹുദായുള്ള ധൈര്യത്തിലാണെന്നു തോന്നുന്നു ഷിയാസും ഓരോ വരയും മുഴുമിക്കുന്നത്.
ആളുകളെ വരക്കുന്നതു വിലക്കപ്പെട്ട ഒരു കാലമുണ്ട് ഏറെ പിന്നിലല്ലാതെ. വര്‍ണങ്ങളും വരകളും കൊണ്ട് വ്യക്തികളെ വരച്ചിരുന്നില്ല എന്നേയുള്ളൂ. വാക്കു കൊണ്ട് ആളുകളെ വരച്ചുകാട്ടുന്ന കല ഏറെ പ്രാധാന്യത്തോടെ വളരെ മുന്‍പേ വികാസം നേടിയിരുന്നു ഇസ്‌ലാമിക സമൂഹങ്ങളില്‍. ഒരു ചിത്രത്തിലെന്നതിനെക്കാള്‍ മനോഹരമായും സര്‍ഗാത്മകമായും നബിയെ പോലും വരച്ചുകാട്ടുന്ന അപദാനകീര്‍ത്തനങ്ങളുടെ പാരമ്പര്യം തന്നെ അതിന്റെ തെളിവ്. നബിയുടെ രൂപഭംഗിയും വ്യക്തിത്വശോഭയും ഇങ്ങനെ വാക്കുകളില്‍ വരക്കപ്പെട്ടിരുന്നു. എത്രയോ കൃതികളങ്ങനെയുണ്ട്. അവയുടെ ചുവടുപിടിച്ചുള്ള കാവ്യങ്ങളും പാട്ടുകളും എമ്പാടുമുണ്ടായി; നമ്മുടെ ‘ഉമ്മ മലയാള’ത്തില്‍ വരെ. നബിയെക്കണ്ടോ, നിങ്ങള്‍ നബിയെക്കണ്ടോ എന്നിങ്ങനെയുള്ള പണ്ടത്തെ പാട്ടുകളിലവ കേള്‍ക്കാം. വരക്കുന്നതിനുപകരം വാക്കുകള്‍ കൊണ്ടുള്ള ചിത്രീകരണങ്ങളാണവ.
ഏകദൈവ വിശ്വാസവും ദൈവത്തിന്റെ പ്രതിരൂപമോ പ്രതിപുരുഷനോ ആയി സങ്കല്‍പിക്കപ്പെടുന്ന ബിംബവല്‍ക്കരണങ്ങളോടുള്ള കടുത്ത വിരോധവും ആള്‍രൂപങ്ങളെ വരക്കുന്നതും ശില്‍പമുണ്ടാക്കുന്നതും അങ്ങേയറ്റം നിഷിദ്ധമായി കാണപ്പെടാന്‍ കാരണമായി. തദവസരം വാക്കുകള്‍ കൊണ്ടുള്ള ചിത്രീകരണങ്ങളും തച്ചുശാസ്ത്രവും വാസ്തുശില്‍പകലയും കാലിഗ്രഫി പോലുള്ള ചിത്രപ്പണികളും പുഷ്‌കലമാകുകയും ചെയ്തു. ഏറ്റവും ധന്യതയോടെ ഇസ്‌ലാമിക സമൂഹങ്ങളില്‍ കലയുടെ വ്യാപനം നടന്നതും അവയിലൂടെയാണ്. സാഹിത്യകൃതികളെക്കാളും പെയിന്റിങ്ങുകളെക്കാളും ഏതു മനുഷ്യനും ഗ്രഹിക്കാനാകുന്നതു നിര്‍മാണകലകളാണല്ലോ. കാളിദാസ കൃതികള്‍ ആസ്വദിച്ചവരുടെ പതിന്മടങ്ങാവും താജ്മഹല്‍ കണ്ട് ആഹ്ലാദിച്ചവരുടെ എണ്ണം.
ഫോട്ടോഗ്രഫിക്കു പകരമാകുന്ന പ്രവൃത്തിയല്ല ചിത്രകാരന്‍ ചെയ്യുന്നത്. വ്യക്തിയുടെ ഭാവത്തിലും വിശേഷങ്ങളിലുമാണു കലയുടെ ഊന്നല്‍. അവയവപ്പൊരുത്തത്തെക്കാള്‍ ഭാവവിശേഷത്തിലാണു ശ്രദ്ധിക്കുക. ശബ്ദരൂപമായ സാഹിത്യത്തിനു സാധിക്കാത്തതു വര്‍ണരൂപമായ ചിത്രങ്ങള്‍ക്കു സാധിക്കുന്നുമുണ്ട്. കാവ്യം ഭാഷയില്‍ കുടുങ്ങിക്കിടക്കുന്നു, ചിത്രം കണ്ണുള്ളവര്‍ക്കെല്ലാം ഗ്രാഹ്യം എന്നാണിതിനെ കുറിച്ചുള്ള കലാതത്ത്വവിചാരം. ചിത്രകല കാലത്തില്‍ പരിമിതമെന്നാണിതിനു കാവ്യതല്‍പരരുടെ മറുപടി. കലാകാരന് കാന്‍വാസില്‍ ഒരു നിമിഷത്തെയേ പകര്‍ത്താനാകൂ, കവികള്‍ക്ക് ഈ കാലപാരതന്ത്ര്യമില്ല, ഒരു ജീവിതം തന്നെ ആവിഷ്‌കരിക്കാം എന്നാണത്.
കലാരൂപങ്ങളുടെ മേന്മയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇങ്ങനെയാണെങ്കില്‍ രൂപ ചിത്രീകരണം നിഷിദ്ധമോ അല്ലയോ എന്നതിനെ ചൊല്ലിയാണു മതതത്ത്വ വിചാരങ്ങളിലെ ഭിന്നത. ഏകദൈവ വിശ്വാസം എന്ന മൗലികമായ ദര്‍ശനത്തിനു ഹാനികരമാകാത്ത കലാരൂപങ്ങളെല്ലാം ഉമവി(661-750) ഭരണകാലത്തു തന്നെ ഇസ്‌ലാമിക ലോകത്തു വികാസം പ്രാപിച്ചതും അബ്ബാസിയ്യ(750-1258) കാലത്തോടെ കലയുടെ ഉത്തുംഗ പഥങ്ങളിലേക്ക് ഇസ്‌ലാമിക സമൂഹം ഉയര്‍ന്നതുമാണു ചരിത്രം. സഫാവിദ്, ഫാഥിമി, മംലൂക്, മുഗള്‍, ഓട്ടോമന്‍ എന്നിങ്ങനെ നിലനിന്ന ഓരോ ഭരണകൂടങ്ങളുടെയും പേരില്‍ സവിശേഷ കലാരീതികള്‍ തന്നെ വിപുലപ്പെട്ടു. പേര്‍ഷ്യന്‍-ശീഈ കലാകാരന്മാര്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ രൂപചിത്രീകരണങ്ങളും നടത്തി. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജീവിച്ചിരുന്ന മുഹ്‌യുദ്ദീന്‍ ലാറി( മരണം1526)യും അടുത്ത നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ അന്തരിച്ച അബ്ദുല്ല ലുത്തുഫിയുമാണു ഇസ്‌ലാമിക കലാചരിത്രത്തിലെ രണ്ടു മുഖ്യ നാമധേയങ്ങള്‍. മുഹ്‌യുദ്ദീന്‍ ലാറി രണ്ടു പരിശുദ്ധ നഗരങ്ങളിലേക്കുള്ള മാര്‍ഗദര്‍ശന ഗ്രന്ഥം, ‘കിതാബ് ഫുതൂഹുല്‍ ഹറമൈന്‍’ ചിത്രീകരണങ്ങളോടെ തയാറാക്കി.
മവ്‌ലവിയ്യ ദര്‍വീഷായിരുന്ന അല്‍ ദരീര്‍ എന്ന പേരിലറിയപ്പെട്ട മുസ്ഥഫ യൂസുഫ് എര്‍സുറം 1338ല്‍ രചന പൂര്‍ത്തീകരിച്ച തുര്‍ക്കിഷ് മഹാകാവ്യമായ സിയറെ നബി എന്ന പ്രവാചക ചരിതം ഇല്ലസ്‌ട്രേഷന്‍ സഹിതം പ്രസിദ്ധപ്പെടുത്താന്‍ ഓട്ടോമന്‍ സുല്‍ത്താന്‍ മുറാദ് മൂന്നാമന്‍(1546-1595) ചുമതലപ്പെടുത്തിയ പ്രകാരം ആറു വാള്യങ്ങളിലായി എണ്ണൂറിലേറെ ചിത്രീകരണങ്ങളാണ് അബ്ദുല്ല ലുതുഫി നടത്തിയത്. മുറാദ് മൂന്നാമനു ശേഷം മുഹമ്മദ്(1566-1603) മൂന്നാമന്റെ ഭരണകാലത്ത് 1585ല്‍ ഈ കലാപരിശ്രമം പൂര്‍ത്തിയായി. നബിയുടെ പിറവി മുതല്‍ വിശുദ്ധഭൂമികളും ചുറ്റുമുള്ള ലോകവും കാഴ്ചകളും അബ്ദുല്ല ലുത്തുഫി ഭാവനയില്‍ പുനസൃഷ്ടിച്ചിട്ടുണ്ട്. ഇസ്‌ലാമിക കലയിലെ ആദ്യത്തെ അറിയപ്പെട്ട ഇല്ലസ്‌ട്രേറ്റഡ് വര്‍ക്ക് ഈ മഹച്ചരിതമാണ്.
ജീവിതത്തിന്റെ സര്‍വരംഗങ്ങളെയും സ്പര്‍ശിക്കുന്ന മതമെന്ന നിലക്കു തത്ത്വശാസ്ത്രം, കല, സാഹിത്യം, ധാര്‍മിക വീക്ഷണം, നീതി, ഭരണം തുടങ്ങി ജനതയുടെ സാംസ്‌കാരിക തലങ്ങളിലാകെ ഇസ്‌ലാമിന് ആഴത്തില്‍ ഊന്നലുകളുണ്ട്. മുസ്‌ലിം ജീവിതശൈലിയും സൗന്ദര്യബോധവും രൂപപ്പെടുത്തുന്നതില്‍ ഈ ഊന്നലുകള്‍ വലിയ പങ്കുവഹിക്കുന്നുമുണ്ട്. ‘അല്ലാഹു സൗന്ദര്യമുള്ളവനാണ്, അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു’ എന്നു തുടങ്ങുന്ന തിരുവചനങ്ങളാണ് ആത്യന്തിക കലാപ്രചോദനം. സൗന്ദര്യസൃഷ്ടിയാണു കലയുടെ ദൗത്യം. ഷിയാസിന്റെ വരകള്‍ക്ക്, ശിഹാബ് തങ്ങളുടെ വാക്കുകള്‍ക്ക് ഷിയാസ് ചാര്‍ത്തിയ അലങ്കാരപ്പണികള്‍ക്കുമീതെ കഴിഞ്ഞ കാലത്തിന്റെയും കലാപാരമ്പര്യങ്ങളുടെയും ഇപ്രകാരമുള്ളൊരു കൈയൊപ്പ് ശ്രദ്ധിച്ചുനോക്കിയാല്‍ കാണാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.