2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കറുത്ത കുട

ജ്യോവന്ന ഇയോറിയോ പരിഭാഷ: എസ്.എ ഖുദ്‌സി

 

നിനക്കോര്‍മയുണ്ടോ, എന്റെ പ്രിയപ്പെട്ട കുടേ, നിന്നെ എനിക്ക് കിട്ടിയ ആ ദിവസം? ഡിസംബര്‍മാസമായിരുന്നു. ആരോ ഒരു ചത്ത പക്ഷിയെപോലെ നിന്നെ നടപ്പാതയില്‍ ഇട്ടേച്ചുപോയതായിരുന്നു. നീ തീര്‍ത്തും തകര്‍ന്നുപോയിരുന്നു, എല്ലായ്‌പ്പോഴും ഡിസംബര്‍ മാസത്തില്‍ തകരാറ് പറ്റുന്നതാണെന്ന് നീ സമ്മതിച്ചു. ആ മാസമാണ് അവര്‍ നിന്നേയുമെടുത്ത് പട്ടണത്തില്‍ ഗിഫ്റ്റ് ഷോപ്പിങ്ങിന് പോകുന്നത്. നീ നാണംകുണുങ്ങിയാണ്, പെരുമാറ്റഗുണമുള്ളവളും. മറ്റുള്ള കുടകള്‍ നിന്നെ ഭയപ്പെടുത്തി അവരുടെ കാര്യംനേടും.

ഒരു വൈകുന്നേരം, തിളങ്ങുന്ന വര്‍ണ്ണക്കുടകളുടെ പാരാവാരത്തിന് നടുവില്‍ക്കൂടെ നീ വയ ഡെല്‍ കോര്‍സൊ മുറിച്ചുകടക്കുകയായിരുന്നു. കറുത്തകുടയായി നീയൊരാള്‍ മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് അപ്പോള്‍ നീ മനസിലാക്കി. നിന്നെ പിടിച്ചുനടക്കുന്ന കൈപോലും അത് മനസിലാക്കിയിരിക്കണം, കാരണം അത് നിന്നെ തല്‍ക്ഷണം നിലത്തേക്ക് വലിച്ചെറിഞ്ഞു. നീയൊരു കാക്കയെപോലെ കാലുകള്‍ മേലോട്ടാക്കി മലര്‍ന്നുവീണു. ഞാന്‍ നിന്നെ ദൂരേന്ന് കണ്ടു. ആകാശം തലയിലേക്ക് വീണതുപോലെയായിരുന്നു നീ. ആകെ തകര്‍ന്നമട്ട്! വാസ്തവത്തില്‍ ഇതാണുണ്ടായത്. ഞാന്‍ നിന്നെ പെറുക്കിയെടുത്തു, പൂട്ടി റോമില്‍ എല്ലായിടത്തും തിരക്കിനടന്ന് അവസാനം നിന്നെ ഒരു കുടനന്നാക്കുന്നവനെ ഏല്‍പിച്ചു. അവന്റെ പേരാണ് നോഹ.

അവന്റെ കടയില്‍ നിന്നെപോലെ ഡസന്‍ കണക്കിന് പൊട്ടിയ കറുത്ത കുടകള്‍ വേറേയും ഉണ്ടായിരുന്നു. നോഹ നിന്നെ വാങ്ങി സാവധാനം അവന്റെ മേശപ്പുറത്തുവെച്ചിട്ട് എന്നെ ആശ്വസിപ്പിച്ചു. കറുത്ത കുടകള്‍ക്ക് മറ്റേത് കുടകളേക്കാളും ഉറപ്പ് കൂടുമെന്ന് അവന്‍ പറഞ്ഞു. ഇപ്പോള്‍ നിന്നേപോലത്തെ കുടകള്‍ ഉണ്ടാക്കുന്നില്ലത്രെ. നിന്നെ വളരെ ക്രൂരമായാണ് കൈകാര്യം ചെയ്തിരുന്നത്, കൊടുങ്കാറ്റിലകപ്പെട്ട് കറുത്ത കീലില്‍ ചെന്നുവീണ ശക്തിയറ്റ കാക്കയെപോലെ ഉണ്ടായിരുന്നു നീ.

സത്യംപറഞ്ഞാല്‍, നിന്നെ നേരെയാക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതിയതല്ല. പക്ഷെ നോഹ സമര്‍ഥനായിരുന്നു. അവന്റെ കത്തിയ്ക്ക് കീഴില്‍ എട്ടുമണിക്കൂറിലധികമാണ് നീ കഴിഞ്ഞത്. ഏതാനും നാളുകള്‍ക്ക് കഴിഞ്ഞ് ഞാന്‍ നിന്നെ കൊണ്ടുപോകാനായി ചെന്നു. നിനക്ക് പുനര്‍ജന്മം കിട്ടിയതുപോലെ ആയിരുന്നു: തിളങ്ങി, കറുത്ത്, അക്ഷോഭ്യയായി. നീയെനിക്ക് ഏറെ പ്രിയപ്പെട്ടതാണ്, നീയെന്റെ ശിരസിനെ ഓരോ കാറ്റില്‍നിന്നും കോളില്‍നിന്നും സംരക്ഷിക്കുന്നു. എനിക്കറിയില്ല, നിനക്കെങ്ങനെയാണ് ഇത് സാധിക്കുന്നതെന്ന്, എന്നിട്ടും നീയെന്നെ ഉപേക്ഷിച്ചുപോകുന്നില്ല. എങ്കില്‍ നമുക്കിപ്പോള്‍ പോകാം. ഞാന്‍ നിന്നെ മഞ്ഞ് കാണിക്കാന്‍ ഒരിടത്തേക്ക് കൊണ്ടുപോകുകയാണ്. മഞ്ഞില്‍ പുതഞ്ഞ കറുത്ത കുട കാണുന്നതിനേക്കാള്‍ മനോഹരമായ മറ്റൊരു കാഴ്ചയുമില്ല.

(ജ്യോവന്ന ഇയോറിയോ: ചിത്രകാരിയും കവിയും കഥാകാരിയുമാണ്. ഇറ്റലിയില്‍ ജനിച്ചു. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ താമസിക്കുന്നു. കഥകള്‍ യൂറോപ്യന്‍ ഭാഷകളില്‍ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്)


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.