2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ബുള്ളറ്റ് കൊണ്ടെന്നെ കൊന്നോളൂ, ഞാന്‍ പേടിക്കില്ല’: ഇസ്‌റാഈല്‍ വെടിയേല്‍ക്കുന്നതിനു മുന്‍പ് റസാന്‍ അഷ്‌റഫ് എന്ന നഴ്‌സിന്റെ അവസാന പോസ്റ്റ്

അതിജീവന പോരാട്ടത്തിനു മുന്നില്‍ പേടി എന്തെന്ന് അറിയാത്തവരാണ് ഫലസ്തീനികള്‍. അവര്‍ക്കിടയില്‍ പരുക്കേറ്റവരെ ശുശ്രൂഷിച്ചും പരിചരിച്ചും ഓടി നടന്നൊരു കുഞ്ഞുമാലാഖ. റസാന്‍ അഷ്‌റഫ് നജ്ജാര്‍ എന്ന 21 വയസ്സുകാരിയുടെ പുഞ്ചിരിക്കു മുന്നിലും ഇസ്‌റാഈല്‍ നരാധമന്മാരുടെ കാഞ്ചി വെറുതെയിരുന്നില്ല.

അതിര്‍ത്തിയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്‌റാഈല്‍ നടത്തിയ വെടിവയ്പ്പിനിടയില്‍ പരുക്കേറ്റവരെ ചികിത്സിക്കുന്നതിനിടെയാണ് റസാനെയും കൊല്ലുന്നത്. ദക്ഷിണ ഗസ്സയുടെ കിഴക്കുവശമായ ഖാന്‍ യൂനിസിലായിരുന്നു റസാന്റെ ദൗത്യം.

നഴ്‌സുമാരുടെ വെള്ള യൂനിഫോം ധരിച്ചായിരുന്നു റസാന്‍ ഇവിടെ സേവനംചെയ്തിരുന്നത്. കൈകള്‍ ഉയര്‍ത്തി നഴ്‌സാണെന്ന് അറിയിച്ചിട്ടും മനുഷ്വത്വം മരവിച്ചി ഇസ്‌റാഈല്‍ സൈനികന്‍ റസാന്റെ നെഞ്ചിലേക്ക് കാഞ്ചി വലിക്കുകയായിരുന്നു.

ഗസ്സയില്‍ പരുക്കേറ്റവരെ പരിചരിക്കുന്ന റസാന്‍ അഷ്റഫ്

 

ചോരയില്‍ മുങ്ങിയ യൂനിഫോമോടെയാണ് അവളുടെ മയ്യത്ത് ഉമ്മയെ കാണിക്കാന്‍ വീട്ടിലെത്തിയത്. റസാന്‍ രാജ്യത്തിന്റെ രക്തസാക്ഷിയാണെന്ന് ഗസ ആരോഗ്യമന്ത്രാലയം പ്രസ്താവന ഇറക്കി.

”ഞാന്‍ മടങ്ങുന്നു, പക്ഷെ പിന്‍വാങ്ങുന്നില്ല. നിങ്ങളുടെ ബുള്ളറ്റുകള്‍ കൊണ്ട് എന്നെ കൊന്നോളൂ, ഞാന്‍ പേടിക്കില്ല”- റസാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച അവസാന വാക്കുകളാണിവ.

മാര്‍ച്ച് മാസത്തില്‍ തുടങ്ങിയ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഫലസ്തീനി സ്ത്രീയാണ് റസാന്‍. 120 ല്‍ കൂടുതല്‍ പേരാണ് ഇസ്‌റാഈല്‍ വെടിവയ്പ്പില്‍ മൊത്തം കൊല്ലപ്പെട്ടത്. അയ്യായിരത്തോളം പേര്‍ക്ക് പരുക്കേറ്റു.

ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍

മാര്‍ച്ച് 30 മുതലാണ് ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ എന്ന പ്രക്ഷോഭ പരിപാടി തുടങ്ങിയത്. ഭൂമി ദിനത്തോടനുബന്ധിച്ച് തുടങ്ങിയ പ്രതിഷേധം മെയ് 15ന് നക്ബ ദിനം വരെ തുടരാനായിരുന്നു പദ്ധതി. എന്നാല്‍ മെയ് 14ന് ഇസ്‌റാഈലില്‍ യു.എസ് എംബസി തുറക്കുന്ന ചടങ്ങിനെതിരെ ഗസ്സയില്‍ വ്യാപക പ്രതിഷേധമുണ്ടാവുകയും വ്യാപക വെടിവയ്പ്പു നടക്കുകയും ചെയ്തു. പിന്നീട്, പ്രക്ഷോഭം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. അതിന്റെ ഭാഗമായി ഈ വെള്ളിയാഴ്ചയും അതിര്‍ത്തിയില്‍ പ്രതിഷേധ പരിപാടി നടന്നു.

 

1948ല്‍ ഇസ്‌റാഈല്‍ രാഷ്ട്രം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് 7.5 ലക്ഷം അറബികള്‍ ഫലസ്തീനില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടതിന്റെ ഓര്‍മ്മയായാണ് എല്ലാവര്‍ഷവും മെയ് 15ന് നക്ബ ദിനം (മഹാദുരന്ത ദിനം) ആചരിക്കുന്നത്. ഇസ്‌റാഈലികള്‍ കയ്യേറിയ തങ്ങളുടെ വീടും സ്ഥലവും തിരിച്ചുനല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് ഇപ്പോള്‍ ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ നടത്തുന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.