2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു; ഇതുവരെ കൊല്ലപ്പെട്ടത് 32 ഫലസ്തീനികള്‍/ആക്രമണത്തിന്റെ ചിത്രങ്ങള്‍ കാണാം

 

ഗസ്സ: ഫലസ്തീനിലെ ഗസ്സയില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം കൂട്ടക്കുരുതി തുടരുന്നു. രണ്ടുദിവസമായി തുടര്‍ച്ചയായി ഇസ്രായേല്‍ നടത്തിവരുന്ന ബോംബ് വര്‍ഷത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 32 ആയതായി അല്‍ജസീറ റിപ്പോര്‍ട്ട്‌ചെയ്തു.

ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡര്‍ ബഹാഅ് അബുല്‍ അതയെയും ഭാര്യയെയും ഇസ്‌റാഈല്‍ സൈന്യം വീടിനുമേല്‍ ബോംബ് വര്‍ഷിച്ച് കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഗസ്സക്ക് ഇസ്‌റാഈല്‍ ബോംബാക്രമണം തുടങ്ങിയത്. ഗസ്സയില്‍ നിന്ന് ടെല്‍അവീവിനു നേരെ ഇസ്‌ലാമിക് ജിഹാദ് റോക്കറ്റുകള്‍ അയച്ചതിനു മറുപടിയെന്നോണം ഇസ്‌റാഈല്‍ ഗസ്സയിലെ വീടുകളും കൃഷിയിടങ്ങളും നശിപ്പിക്കുകയും വന്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. ബോംബാക്രമണത്തില്‍ ഇതുവരെ 32 പേര്‍ കൊല്ലപ്പെട്ടതിന് പുറമെ നൂറിലേറെ പേര്‍ക്ക് പരുക്കുമുണ്ട്.

കഴിഞ്ഞദിവസം സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ ഇസ്‌ലാമിക് ജിഹാദ് നേതാവ് അക്രമുല്‍ അജൂരിയുടെ വീടിനു നേരെയും ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു.
ഗസ്സയില്‍ ഇസ്‌റാഈലി യുദ്ധവിമാനങ്ങള്‍ 50ലധികം തവണയാണ് വ്യോമാക്രമണം നടത്തിയത്. ഇതു കൂടാതെ ഫലസ്തീനികളുടെ വീടുകള്‍ ലക്ഷ്യമിട്ട് 21 തവണ പീരങ്കി ഉപയോഗിച്ചുള്ള ആക്രമണവും നടത്തി. ഗസ്സയിലെ വീടുകളും കൃഷിയിടങ്ങളും കോഴി-താറാവു ഫാമുകള്‍ എന്നിവയും നശിപ്പിച്ചു. ദക്ഷിണ ഗസ്സയിലെ ഖാന്‍ യൂനുസിനു നേരെയാണ് കൂടുതല്‍ ആക്രമണമുണ്ടായത്.

അതിനിടെ യു.എന്നിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി നിക്കോള എംലാദനോയി സമാധാനശ്രമങ്ങളുമായി ഇന്നലെ ഈജിപ്തിലെ കൈറോയിലെത്തി. ഇസ്‌റാഈല്‍ സന്ദര്‍ശിച്ച ശേഷം ഈജിപ്തിലെത്തിയ അദ്ദേഹം പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസിയുമായി കൂടിക്കാഴ്ച നടത്തും.


നിരപരാധികള്‍ക്കു നേരെയുള്ള ആക്രമണം ഇസ്‌റാഈല്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് ആവശ്യപ്പെട്ടു. ഗസ്സയില്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇസ്‌റാഈലും ഗസ്സയ്ക്കു സമീപമുള്ള പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ തുടരുകയാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


Israel launched dozens of air raids on Gaza. So far, 32 Palestinians have been killed in the bombardment


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.