2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

27 സൈനികരുടെ കൊലപാതകം; പിന്നില്‍ അമേരിക്കയും ഇസ്‌റാഈലുമെന്ന് ഇറാന്‍

 

തെഹ്‌റാന്‍: തങ്ങളുടെ 27 സൈനികരുടെ കൊലപാതകത്തിനു പിന്നില്‍ അമേരിക്കയും ഇസ്‌റാഈലുമാണെന്ന് ഇറാന്‍. ആക്രമണത്തിനെതിരേ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖാംനഇയും പ്രസിഡന്റ് ഹസന്‍ റൂഹാനിയും കടുത്ത പ്രസ്താവനയുമായാണ് രംഗത്തുവന്നത്. വിദേശരാജ്യങ്ങളുടെ ചാരസംഘടനകളാണ് രാജ്യത്ത് ഭീകരാക്രമണം നടത്തുന്നതെന്ന് ഖാംനഇ ആരോപിച്ചു.

നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാക്കാനായി സന്നദ്ധമായെത്തിയ ഏതാനും യുവസുഹൃത്തുക്കള്‍ ഭീകരരുടെ ആക്രമണത്തില്‍ രക്തസാക്ഷിയായിരിക്കുന്നു. ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മേഖലയിലെ ചിലപ്രത്യേക ഭീകരരാജ്യമാണ്. കുറ്റക്കാരെ കണ്ടെത്തി അവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്നും ഖാംനഇ വ്യക്തമാക്കി. വൈറ്റ് ഹൗസിലെയും (അമേരിക്ക) ടെല്‍അവീവിലെയും (ഇസ്‌റാഈല്‍) ഭീകരപ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നവരുടെ അടയാളമായി ഈ ഭീകരാക്രമണം എന്നെന്നും ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനിയും പറഞ്ഞു.

ബുധനാഴ്ച പാക്- അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സിസ്താന്‍, ബലൂചിസ്താന്‍ പ്രവിശ്യയില്‍ ബസിലുണ്ടായ സ്‌ഫോടനത്തില്‍ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിലെ 23 അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍വച്ചുകെട്ടിയെത്തിയ യുവാവ് സൈനികര്‍ സഞ്ചരിച്ച ബസില്‍ കടന്നുകയറി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
ഇറാനും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിരോധിച്ച സംഘടനയായ ജുന്ദുല്ല ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പോളണ്ടിലെ വാഴ്‌സ്വയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ 50ല്‍ അധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഇറാന്‍ വിരുദ്ധ ഉച്ചകോടി നടക്കുന്നതിനിടെയാണ് ഭീകരാക്രമണമുണ്ടായത്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.