2018 October 20 Saturday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

ഐ.എസ് അനുകൂലികള്‍ ബാക്കി വച്ചത്

വര്‍ഗീയപ്രശ്‌നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോയിരുന്ന സമൂഹത്തിനിടയില്‍ ഇന്ന് അസഹിഷ്ണുത പൊട്ടിമുളച്ചിരിക്കുന്നു. ഏവരുടെയും മുഖങ്ങളില്‍ ഭീതിയും സംശയവുമാണ്. സിറിയയിലെ ഭീകരസംഘടനയിലേയ്ക്ക് കണ്ണൂരിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍നിന്ന് ആളുകള്‍ ചേക്കേറിയെന്ന വാര്‍ത്ത പാടേ തകര്‍ത്തുകളഞ്ഞത് ഒരു സമുദായത്തെ തന്നെയാണ്. അതിലുപരി ആ വാര്‍ത്ത സമൂഹത്തിലുണ്ടാക്കിയ ഭീതിയുടെ ഫലങ്ങളും ഭയാനകമാണ്.
കണ്ണൂരില്‍നിന്ന് അഞ്ചുപേര്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെ മാണിയൂര്‍ വേശാലയില്‍ സംഭവിച്ച കാര്യങ്ങള്‍ ആ വാര്‍ത്ത സമൂഹത്തില്‍ എത്രത്തോളം അസഹിഷ്ണുതയുണ്ടാക്കിഎന്നു ബോധ്യപ്പെടുത്തുന്നതാണ്. കണ്ണൂരിലെ മുണ്ടേരിമൊട്ട, പള്ളിയത്ത്, കമാല്‍പ്പീടിക, മാണിയൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഐ.എസില്‍ ചേര്‍ന്നതായി വാര്‍ത്ത വന്നത്. ഇതിനു പിന്നാലെ വേശാലയിലെ പൊതുകുളത്തില്‍ കുളിക്കാന്‍ പോയ യുവാക്കള്‍ക്കു നേരേ അക്രമവും വംശീയാധിക്ഷേപവുമുണ്ടായി.
ആ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നില്ലെങ്കിലും തീവ്രവാദറിക്രൂട്ട്‌മെന്റ് വാര്‍ത്തയോടൊപ്പം അതിന്റെ അനന്തരഫലമായി ഇതും ചേര്‍ത്തുവായിക്കേണ്ടതാണ്. താടിയും തൊപ്പിയും വച്ചവരെപ്പോലും സംശയിക്കുന്ന തരത്തിലേക്കു കാര്യങ്ങള്‍ എത്തിനില്‍ക്കുന്നുണ്ടെങ്കില്‍ ഇവിടെ അസഹിഷ്ണുതയുണ്ടാക്കിയതാരാണെന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
ഐ.എസിലേക്കു ചേക്കേറിയവരൊക്കെ തീവ്രനിലപാടു സ്വീകരിച്ച പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരായിരുന്നുവെന്നത് ആ പാര്‍ട്ടിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന കാര്യമാണ്. അതില്‍നിന്നു രക്ഷപ്പെടാന്‍ ഐ.എസിലേയ്ക്കു പോയവരുമായി ഒരു ബന്ധവും തങ്ങള്‍ക്കില്ലെന്നു പറഞ്ഞ് ആ പാര്‍ട്ടി നേതൃത്വം രംഗത്തെത്തി. അതുകൊണ്ടുതന്നെയാണു കണ്ണൂരിലെ ഐ.എസ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ചു റിപ്പോര്‍ട്ടുകള്‍ തേജസ് പ്രാധാന്യത്തോടെ നല്‍കിയത്.
എന്നാല്‍, അവരിലൊക്കെ തീവ്രമുസ്‌ലിംവികാരം സൃഷ്ടിച്ചെടുക്കുന്നതില്‍ തങ്ങള്‍ക്കു പങ്കില്ലെന്നു പോപുലര്‍ ഫ്രണ്ടിനോ അതിന്റെ സഹസംഘടനകള്‍ക്കോ പറയാന്‍ സാധിക്കില്ല. അതേസമയം, തുര്‍ക്കിയില്‍നിന്നു തിരിച്ചയച്ചു ദില്ലി മാര്‍ഗം വീണ്ടും സിറിയയിലേയ്ക്കു കടക്കാന്‍ ശ്രമിച്ച കൂടാളി സ്വദേശിയും പോപുലര്‍ ഫ്രണ്ടിന്റെ മുന്‍ പ്രാദേശികനേതാവുമായ യുവാവ് തേജസ് ദിനപത്രത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നെന്ന കാര്യവും നാട്ടില്‍ അസഹിഷ്ണുതയുണ്ടാക്കിയത് ആരെന്നതിനോടു കൂട്ടിവായിക്കേണ്ടതാണ്.
സംഘ്പരിവാര്‍ ശക്തികള്‍ ശ്രമിച്ചിട്ടുപോലും അസഹിഷ്ണുതയുണ്ടാക്കാന്‍ കഴിയാത്ത, തികച്ചും കമ്മ്യൂണിസ്റ്റ് കോട്ടയെന്നറിയപ്പെടുന്ന കുറ്റിയാട്ടൂര്‍, മയ്യില്‍, മുണ്ടേരി മേഖലകളില്‍ ഭീകരതയുടെ വിത്തുമുളപ്പിക്കാനും നാടിന്റെ സമാധാനം നശിപ്പിക്കാനും ഇവര്‍ക്ക് എത്ര പെട്ടെന്നു സാധിച്ചുവെന്നതു ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. രാജ്യത്തെ സുരക്ഷാസംവിധാനങ്ങളും സൈബര്‍ സുരക്ഷയും മുന്‍നിരയില്‍ നില്‍ക്കുമ്പോള്‍ ഭീകരതയുടെ കണ്ണികള്‍ക്കു ഭയാനകമായ രീതിയില്‍ വേരുറപ്പിക്കാന്‍ എങ്ങനെ സാധിച്ചുവെന്നതും കണ്ടെത്തേണ്ടിയിരിക്കുന്നു.
ഐ.എസില്‍ ചേര്‍ന്നവരൊക്കെയും ഇസ്താംബൂള്‍ അടക്കമുള്ള സ്ഥലങ്ങളില്‍നിന്നു പരിശീലനം നേടിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവര്‍ക്കാവശ്യമായ എമിഗ്രേഷന്‍ രേഖകളും വിസാ അനുബന്ധകാര്യങ്ങളും എങ്ങനെ സംഘടിപ്പിക്കുന്നുവെന്നും ഇതിനുള്ള സര്‍ക്കാര്‍രേഖകള്‍ എങ്ങനെ നേടിയെടുക്കുന്നുവെന്നും പരിശോധിച്ചാല്‍ ഇതിന്റെ പിന്നാമ്പുറക്കഥകള്‍ വെളിപ്പെടുമെന്നതില്‍ സംശയമില്ല. ഇത്രയും സുരക്ഷാസംവിധാനങ്ങളുള്ള രാജ്യത്തെ അന്വേഷണസംഘങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍തന്നെ ഇത്തരം പ്രവൃത്തികളെ തടയാന്‍ കഴിഞ്ഞില്ലെന്നതും അവിശ്വസനീയമാണ്.
സലഫിസവും ഇഖ്‌വാനിസവും സമ്മാനിച്ച ദുരന്തം ചരിത്രത്തില്‍ ഇടംപിടിക്കുമ്പോള്‍ ഇവരുമായി യാതൊരു ബന്ധവുമില്ലെന്നു പറഞ്ഞ് എല്ലാവരും കൈകഴുകി പരിശുദ്ധരാകുമ്പോള്‍ വീണ്ടും നാട്ടില്‍ ഐക്യമുണ്ടാക്കാന്‍ എന്തുചെയ്യണമെന്നതാണ് അനിവാര്യമായി ചിന്തിക്കേണ്ടത്.
ഒരു സമുദായത്തെയാണു സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത്. ചെറിയൊരുശതമാനം ആളുകളുടെ പ്രവൃത്തിയുടെ അനന്തരഫലങ്ങള്‍ മുഴുവന്‍ സമൂഹത്തെയും ദോഷകരമായി ബാധിക്കുമ്പോള്‍ ഒരു സമുദായമല്ല, മുഴുവന്‍ സമൂഹവും ഒറ്റക്കെട്ടായി ഉണര്‍ന്നു പ്രതിരോധിക്കേണ്ടതുണ്ട്.

ബാദുഷ, മാണിയൂര്‍
ibrahimbadshapk@gamil.com

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.