2019 April 21 Sunday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

സിറിയയില്‍ ഐ.എസിനെതിരേ ‘അന്തിമയുദ്ധം’ ശക്തം

 

ദമസ്‌കസ്: ലോകത്തെ അവസാന ഐ.എസ് ഭീകരനെയും വകവരുത്താനുള്ള ‘അന്തിമയുദ്ധം’ സിറിയയില്‍ പുരോഗമിക്കുന്നു. അമേരിക്കയുടെ പിന്തുണയുള്ള കുര്‍ദ്, അറബ് സായുധ വിഭാഗങ്ങളുടെ കൂട്ടായ്മയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്(എസ്.ഡി.എഫ്) ആണ് ഇടവേളയ്ക്കുശേഷം ഐ.എസിന്റെ അന്ത്യം കുറിക്കാനെന്ന പേരില്‍ പോരാട്ടം ശക്തമാക്കുന്നത്.

ലോകത്ത് ഇനി ഐ.എസ് ഇല്ലെന്ന നല്ല വാര്‍ത്ത വൈകാതെ കേള്‍ക്കാമെന്ന് എസ്.ഡി.എഫ് വക്താവ് മുസ്തഫ ബാലി ട്വീറ്റ് ചെയ്തു.സിറിയയെ പൂര്‍ണമായി ഐ.എസില്‍നിന്ന് ഉടന്‍തന്നെ മോചിപ്പിക്കുമെന്ന് ബുധനാഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എസ്.ഡി.എഫ് രൂക്ഷമായ പോരാട്ടം തുടങ്ങിയത്.
ഇറാഖിനോട് അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ പ്രവിശ്യയായ ദൈറുസ്സൂറിലെ ബാഗൂസ് അടക്കം രണ്ടു ഗ്രാമങ്ങളിലാണ് ഇപ്പോള്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നത്. സിറിയയില്‍ ഐ.എസ് നിയന്ത്രണമുള്ള അവസാന മേഖലയാണിത്. ഇവിടെനിന്ന് സാധാരണക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ പത്തു ദിവസം അനുവദിച്ചിരുന്നു.
ഇതുപ്രകാരം ശനിയാഴ്ചയോടെ 20,000ത്തോളം നാട്ടുകാരാണ് ഇവിടെനിന്ന് പലായനം ചെയ്തത്.ശനിയാഴ്ച രാത്രി പത്തിലേറെ ഐ.എസ് ഭീകരര്‍ എസ്.ഡി.എഫ് സൈനികര്‍ക്കുനേരെ ആക്രമണം നടത്തിയിരുന്നു.

ഏറ്റുമുട്ടലില്‍ പത്തു ഭീകരര്‍ കൊല്ലപ്പെട്ടു. ഏതാനും പേര്‍ രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് ശനിയാഴ്ച രാത്രി വൈകിയാണ് എസ്.ഡി.എഫ് അന്തിമ പോരാട്ടം ആരംഭിച്ചത്. ഐ.എസ് നിയന്ത്രണത്തിലുള്ള രണ്ടു ഗ്രാമങ്ങള്‍ സേന പുറത്തുനിന്നു വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുകയാണെന്ന് ബാലി പറഞ്ഞു. ഗ്രാമങ്ങളില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഏറ്റവും പരിചയം സിദ്ധിച്ച ഭീകരരാണെന്നും ഇതിനാല്‍ ദൗത്യം കടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ.എസ് ഭീകരര്‍ പലയിടത്തും കുഴിബോംബുകള്‍ സ്ഥാപിച്ചതിനാല്‍ വളരെ സൂക്ഷിച്ചാണ് എസ്.ഡി.എഫ് സേന മുന്നേറുന്നതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് അറിയിച്ചു.

സേനയ്ക്കു വേണ്ട എല്ലാ സുരക്ഷയും യു.എസ് നേതൃത്വത്തിലുള്ള സഖ്യസേനാ വിമാനങ്ങള്‍ ഒരുക്കിനല്‍കുന്നുണ്ടെന്നും സംഘം പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.