2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഒരു കുറ്റവുമില്ലാതെ രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ തടവിലായിട്ട് ആറു മാസം പിന്നിടുന്നു, ഇന്ത്യയിപ്പോഴും ജനാധിപത്യ രാജ്യമാണോ?- പ്രിയങ്കാ ഗാന്ധി

 

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ജമ്മു കശ്മീരിലെ രണ്ട് മുന്‍ മുഖ്യമന്ത്രിമാരെ ഒരു കുറ്റവുമില്ലാതെ തടങ്കലിലാക്കിയിട്ട് ആറു മാസം പിന്നിടുന്നുവെന്നും ഇന്ത്യയിപ്പോഴും ജനാധിപത്യ രാജ്യമാണോയെന്നും പ്രിയങ്ക ചോദിച്ചു.

ജമ്മു കശ്മീരില്‍ രണ്ടു മുന്‍ മുഖ്യമന്ത്രിമാരെ യാതൊരു കുറ്റവും ചുമത്താതെ തടങ്കലാക്കിയിട്ടും ദശലക്ഷക്കണക്കിന് ആളുകളെ ബന്ദികളാക്കിയിട്ടും ആറുമാസമായിരിക്കുന്നു. ഇത് എത്രകാലം നീളുമെന്ന് ആറുമാസം മുന്‍പ് നാം ചോദിച്ചിരുന്നു. ഇപ്പോള്‍ നാം ചോദിക്കുന്നതു നമുക്ക് ഇപ്പോഴും ഒരു ജനാധിപത്യമുണ്ടോ ഇല്ലയോ എന്നാണ്- പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

ഓഗസ്റ്റ് അഞ്ചിന് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 നിയമം കേന്ദ്രം റദ്ദാക്കുകയും ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് കശ്മീരിലെ രാഷ്ട്രീയക്കാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ വീട്ടു തടങ്കലിലാണ്. ചില പ്രാദേശിക രാഷ്ട്രീയക്കാരെ മോചിപ്പിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവര്‍ ഇപ്പോഴും തടങ്കലിലാണ്. ജനുവരി 15 ന് ഉമര്‍ അബ്ദുല്ലയെ ഹരി നിവാസില്‍ നിന്ന് ഔദ്യോഗിക വസതിക്ക് സമീപമുള്ള ഒരു വീട്ടിലേക്ക് മാറ്റി.


Read more at: പുറംലോകവുമായി ബന്ധമില്ലാതെ 173 ദിവസങ്ങള്‍: ഉമര്‍ അബ്ദുല്ലയുടെ കോലം പറയും കശ്മീരിന്റെ അവസ്ഥ


താടി വടിക്കാതെ നീട്ടിവളര്‍ത്തിയ ഉമര്‍ അബ്ദുല്ലയുടെ ചിത്രം കഴിഞ്ഞമാസം പുറത്തുവന്നിരുന്നു. കണ്ടാല്‍ തിരിച്ചറിയാത്ത രൂപത്തിലായിരുന്നു ചിത്രം. ഇത് കണ്ട് മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉമര്‍ അബ്ദുല്ലയെ കണ്ടിട്ട് മനസിലായില്ലെന്ന് പറയുകയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

അതേസമയം നിരവധി ബിജെപി നേതാക്കള്‍ ഉമര്‍ അബ്ദുല്ലയെ പരിഹസിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 മാത്രമാണ് എടുത്തു കളഞ്ഞതെന്നും ഷേവ് ചെയ്യുന്നതിന് അനുമതി നിഷേധിച്ചിട്ടില്ലെന്നുമായിരുന്നു പരിഹാസം. ബി.ജെ.പിയുടെ തമിഴ്‌നാട് യൂണിറ്റ് ഉമറിന് ആമസോണില്‍ ഷേവിങ് സെറ്റ് ഓര്‍ഡര്‍ ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് ട്വീറ്റ് ചെയ്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.