2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റം: സുപ്രിം കോടതിക്കു തീരുമാനിക്കാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പിന്റെ സാധുത ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹരജികളില്‍ സുപ്രിം കോടതിയുടെ വാദം കേള്‍ക്കല്‍ തുടരുന്നു.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റകരമാണൊ എന്നതു സംബന്ധിച്ച് കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാമെന്ന് കേന്ദ്രം സുപ്രിംകോതിയില്‍ വ്യക്തമാക്കി. കോടതി തീരുമാനിക്കുന്നത് അംഗീകരിക്കുമെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ തുഷാര്‍ മേഹ്ത പറഞ്ഞു.

ഇഷ്ടമുള്ള ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസത്തെ വാദത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. പങ്കാളി സ്വന്തം ലിംഗത്തില്‍പ്പെട്ടതോ, എതിര്‍ ലിംഗത്തിലുള്ളതോ ആകാമെന്നും കോടതി പറഞ്ഞിരുന്നു.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാംവകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിതര സന്നദ്ധസംഘടനയായ നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹരജിയാണ് സുപ്രിംകോടതി മുമ്പാകെയുള്ളത്.

377-ാം വകുപ്പ് നിയമവിരുദ്ധമാണെന്ന് 2009ല്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2013 ഡിസംബറില്‍ ഈ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി.

സുപ്രിംകോടതിയുടെ ഈ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെടുന്ന ഹരജികളിലാണ് ഭരണഘടനാ ബഞ്ച് വാദംകേള്‍ക്കുന്നത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍ക്കര്‍, ആര്‍.എഫ് നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍.

കേസില്‍ വാദം തുടങ്ങിയ ഇന്നലെ 377ാം വകുപ്പിന്റെ ഭരണഘടനാ സാധുത മാത്രമേ പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സ്വവര്‍ഗ പങ്കാളികള്‍ തമ്മിലുള്ള വേര്‍പിരിയില്‍, ദത്തെടുക്കല്‍, നഷ്ടപരിഹാരം എന്നിവയും പരിഗണിക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.




 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.