2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ഇസ്‌റാഈല്‍ മഴമേഘങ്ങളെയും കവര്‍ന്നെടുക്കുന്നു: വിചിത്ര ആരോപണവുമായി ഇറാന്‍

തെഹ്‌റാന്‍: അന്താരാഷ്ട്ര ഉപരോധങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന ഇറാനില്‍ മഴമേഘങ്ങള്‍ക്കും ഉപരോധമോ? ഇറാനില്‍ മഴപെയ്യുന്നത് തടയാന്‍ ഇസ്‌റാഈല്‍ കാലാവസ്ഥയില്‍ ‘മാറ്റം’ വരുത്തുന്നുവെന്നാണ് ആരോപണം.

ആരെങ്കിലും തമാശയാക്കാന്‍ പറഞ്ഞതല്ല. ഇറാന്‍ സിവില്‍ ഡിഫന്‍സ് ഓര്‍ഗനൈസേഷന്‍ (പ്രതിരോധ ഏജന്‍സി) മേധാവി ബ്രിഗേഡിയര്‍ ജറല്‍ ഗോലാം റാസ ജലാലിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഈ വാദം ഇറാന്‍ കാലാവസ്ഥാ നിരീക്ഷണ മേധാവി തള്ളി.

‘കാലാവസ്ഥാ വ്യതിയാനത്തില്‍ വിദേശ ഇടപെടല്‍ സംശയിക്കുന്നു. ഇറാനിയന്‍ ശാസ്ത്രീയ പഠനത്തിനും ഇതു തെളിഞ്ഞിട്ടുണ്ട്. ഇറാന്‍ ആകാശത്തിലേക്ക് മഴമേഘങ്ങള്‍ കടക്കുന്നത് തടയാന്‍ ഇസ്‌റാഈലും മറ്റൊരു രാജ്യവും പ്രവര്‍ത്തിക്കുകയാണ്’- അദ്ദേഹം പറഞ്ഞു.

മഴമേഘങ്ങള്‍ മാത്രമല്ല, ഇറാനിന്റെ മഞ്ഞും ഇസ്‌റാഈല്‍ കവര്‍ന്നെടുക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇറാനൊഴികെ അഫ്ഗാനിസ്ഥാനും മെഡിറ്ററേനിയന്‍ കടലിനും ഇടയിലുള്ള 2200 മീറ്റര്‍ ഉയരത്തിലുള്ള പര്‍വ്വതമേഖലകളിലെല്ലാം മഞ്ഞുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

എന്നാല്‍ ഈ വാദം പൂര്‍ണമായും എതിര്‍ത്ത് രംഗത്തെത്തിയിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ മേധാവി അഹദ് വാസിഫ്. അദ്ദേഹം പറയുന്ന പഠനങ്ങളെപ്പറ്റി എനിക്കറിയില്ല. മഞ്ഞോ മഴമേഘമോ ഒരു രാജ്യത്തിന് കവര്‍ന്നെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ ദീര്‍ഘകാലമായി വരള്‍ച്ച നേരിടുന്നു. ഇത് ആഗോള പ്രശ്‌നമാണെന്നും ഇറാനെ മാത്രം ബാധിച്ച ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായല്ല ഇറാനില്‍ നിന്ന് ഇത്തരമൊരു വാദം വരുന്നത്. 2011 ല്‍ അന്നത്തെ ഇറാനിയന്‍ പ്രസിഡന്റായിരുന്ന മഹ്മൂദ് അഹമ്മദി നജാദ്, പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനില്‍ വരള്‍ച്ചയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. മേഘങ്ങളെ ശക്തി ഉപയോഗിച്ച് തങ്ങളുടെ വരുതിയിലാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രത്യക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.