2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാരുടെ മോചനം; പന്ത് കോടതിയുടെ കോര്‍ട്ടില്‍, ബ്രിട്ടീഷ് മന്ത്രിസഭയുടെ നിര്‍ണായക യോഗം ഇന്ന്

തെഹ്‌റാന്‍: ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാരുടെ മോചനത്തിന് ഇനി കോടതി കനിയണം. ജിബ്രാള്‍ട്ടര്‍ സുപ്രിംകോടതിയുടെ തീര്‍പ്പനുസരിച്ചായിരിക്കും തങ്ങളുടെ തിരിച്ചുവരവെന്ന് ഇറാന്‍ കപ്പലിലുള്ള മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി കെ.കെ.അജ്മല്‍ (27) വീട്ടുകാരെ അറിയിച്ചു. കപ്പല്‍ പിടിച്ചെടുത്ത തീയതി മുതല്‍ ഒരു മാസത്തിനകം കേസില്‍ തീര്‍പ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. 30 ദിവസത്തേക്കു കപ്പല്‍ പിടിച്ചിടാന്‍ സുപ്രിംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

3 ലക്ഷം ടണ്‍ അസംസ്‌കൃത എണ്ണയുമായി സിറിയയിലേക്കു പോയ ‘ഗ്രെയ്‌സ് വണ്‍’ എന്ന കപ്പലിനെ സ്‌പെയിനിനു സമീപം ബ്രിട്ടിഷ് അധീനതയിലുള്ള ജിബ്രാള്‍ട്ടര്‍ തീരത്തുനിന്നു മാറി ബ്രിട്ടന്റെ നാവികസേന പിടിച്ചെടുക്കുകയായിരുന്നു. മേയ് 13ന് യു.എ.ഇയിലെ ഫുജൈറയില്‍ നിന്നാണ് കപ്പല്‍ പുറപ്പെട്ടത്. 18,000 കിലോമീറ്ററും 25 രാജ്യങ്ങളും താണ്ടി ഈ മാസം 4ന് ജിബ്രാള്‍ട്ടറില്‍ എത്തിയപ്പോള്‍ ഭക്ഷണസാധനങ്ങള്‍ നിറയ്ക്കുന്നതിനായി കപ്പല്‍ കരയിലേക്കു നീങ്ങി. ഈ സമയത്താണ് ഹെലികോപ്റ്ററില്‍ എത്തിയ ബിട്ടീഷ് സൈന്യം കപ്പല്‍ പിടിച്ചെടുത്തത്. ജീവനക്കാരുടെ പാസ്‌പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും പിടിച്ചെടുത്തു. ഒരാഴ്ച മുന്‍പ് ഫോണ്‍ തിരിച്ചു കിട്ടിയപ്പോഴാണ് കുടുംബാംഗങ്ങളെ ബന്ധപ്പെടാനായത്. സംഭവം നടന്ന് ഇത്രനാള്‍ ആയിട്ടും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളൊന്നും ബന്ധപ്പെട്ടിട്ടില്ലെന്ന് അജ്മലിന്റെ ബന്ധുക്കള്‍ പറഞ്ഞു.

 

ഈമാസം 4നു ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പലിലെ 3 ജീവനക്കാരുമടക്കം ഇറാന്‍- ബ്രിട്ടന്‍ സംഘര്‍ഷത്തില്‍ കുടുങ്ങിയത് 6 മലയാളികളാണ്. കളമശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കോളനിക്കു സമീപം തേക്കാനത്തു വീട്ടില്‍ ഡിജോ പാപ്പച്ചനും (26) ഫോര്‍ട്ട്‌കൊച്ചി, തൃപ്പൂണിത്തുറ സ്വദേശികളുമാണു ബ്രിട്ടിഷ് കപ്പലിലുള്ളത്. ഫോര്‍ട്ട് കൊച്ചി സ്വദേശിയാണു ക്യാപ്റ്റന്‍. രണ്ടാഴ്ച മുന്‍പ് ബ്രിട്ടന്‍ പിടിച്ചെടുത്ത ഗ്രേസ് 1 എന്ന ഇറാന്‍ കപ്പലില്‍ കാസര്‍കോട് ഉദുമ നമ്പ്യാര്‍ കീച്ചില്‍ ‘പൗര്‍ണമി’യില്‍ പി. പുരുഷോത്തമന്റെ മകന്‍ തേഡ് എന്‍ജിനീയര്‍ പി.പ്രജിത്ത് (33), മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍ കിടുകിടുപ്പന്‍ വീട്ടില്‍ അബ്ബാസിന്റെ മകനായ ജൂനിയര്‍ ഓഫിസര്‍ കെ.കെ. അജ്മല്‍ (27), ഗുരുവായൂര്‍ മമ്മിയൂര്‍ മുള്ളത്ത് ലൈനില്‍ ഓടാട്ട് രാജന്റെ മകന്‍ സെക്കന്‍ഡ് ഓഫിസര്‍ റെജിന്‍ (40) എന്നിവരുണ്ട്.

അതേസമയം, ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ കപ്പലിലെ കൊച്ചിയില്‍ നിന്നുള്ള ജിവനക്കാരുടെ വിവരങ്ങള്‍ ഇതുവരെ ലഭ്യമായില്ല. മൂന്ന് പേരില്‍ കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്റെ വിവരങ്ങള്‍ മാത്രമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഫോര്‍ട്ട് കൊച്ചി, തൃപ്പൂണിത്തുറ സ്വദേശികളാണ് മറ്റു രണ്ടുപേര്‍. ഫോര്‍ട്ട് കൊച്ചി സ്വദേശി കപ്പലിന്റെ ക്യാപ്റ്റനാണെന്നാണ് ലഭ്യമാവുന്ന വിവരം. വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഇവരെക്കുറിച്ചുള്ള വിവരങ്ങല്‍ സെപെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്.

അതിനിടെ, ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ മോചനത്തിനായി നടപടികള്‍ വേഗത്തിലാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍. പ്രശ്‌ന പരിഹാരത്തിന് കാവല്‍ പ്രധാനമന്ത്രി തെരേസ മേ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഇറാന്റെ റെവല്യൂഷനറി ഗാര്‍ഡ്‌സ് പിടിച്ചെടുത്ത കപ്പിലിലെ 23 ജീവനക്കാരെ മോചിപ്പിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെയാണ് തെരേസ മേയുടെ ഇടപെടല്‍. ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പിടിച്ചെടുത്ത കപ്പലില്‍ ഇറാന്‍ പതാക ഉയര്‍ത്തിയിട്ടുണ്ട്.

Iran says seized ship’s fate depends on investigation


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.