2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇറാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ ഇറാന്‍ ഗ്രൂപ്പ് പാരീസ് സമ്മേളനം

ഒ.ഐ.സിയില്‍ നിന്നും പുറത്താക്കണമെന്ന് മറിയം റജാവി, പുരോഹിത ഭരണം നിലംപൊത്തുമെന്ന് തുര്‍ക്കി അല്‍ ഫൈസന്‍ രാജകുമാരന്‍

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സഊദി അറേബ്യയടക്കം ജി.സി.സി രാജ്യങ്ങളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ഇറാന്‍ നടപടിക്കെതിരെ പാരീസില്‍ ഇറാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ജനരോഷം. ഇറാന്‍ ഗവണ്‍മെന്റ് നയങ്ങളില്‍ പ്രതിഷേധിച്ച് ഇറാന്‍ ദേശീയ കൗണ്‍സില്‍ പ്രസിഡന്റ് മറിയം റജാവിയുടെ നേതൃത്വത്തിലാണ് സമ്മേളനം അരങ്ങേറിയത്.

യമനില്‍ അധിനിവേഷം നടത്താനുള്ള ഇറാന്‍ പദ്ധതിയെ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യമാണ് തടഞ്ഞതെന്നും ഒ.ഐ.സി.സി അംഗത്വത്തില്‍ നിന്നും ഇറാനെ പുറത്താക്കണമെന്നും മറിയം റജാവി ആവശ്യപ്പെട്ടു. ഇറാനിലെ പുരോഹിത ഭരണത്തെയും സിറിയയിലെ സ്വേഛാദിപത്യത്തെയും അതിജയിക്കാന്‍ അവിടുത്തെ ജനങ്ങള്‍ക്ക് അവകാശവും ശേഷിയുമുണ്ട്. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന ഇറാന്‍ ഗവണ്‍മെന്റ് നിലപാടിനെതിരെ ഇറാനിലെ ഭൂരിപക്ഷം ജനതക്കും കടുത്ത എതിര്‍പ്പാണുള്ളതെന്നും അവര്‍ കൂട്ടിചേര്‍ത്തു. ഇറാന്‍ പരമോന്നത നേതാവ് ഖാംനഇയും അനുയായികളും ഇസ്‌ലാമിന്നു വേണ്ടി മരിക്കുകയില്ലെന്നത് തീര്‍ച്ചയാണെന്നും റജാവി പറഞ്ഞു. ഇറാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള ഇറാന്‍ ജനത ഈ ഭരണത്തിന് അന്ത്യം കുറിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.

ഇസ്‌ലാമിക, അറബ് ഐക്യത്തിന് വിഘാതമാകുകയും തീവ്രവാദ ശക്തികളെ പിന്തുണക്കുകയും ചെയ്യുന്ന ശീഈ ഇറാന്‍ പൗരോഹിത്യ ഭരണകൂടത്തിന്റെ പതനം യാഥാര്‍ഥ്യമാകുമെന്ന് കിങ് ഫൈസല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസ് ചെയര്‍മാന്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ വ്യക്തമാക്കി. ഗള്‍ഫ് മേഖലയിലെ പ്രശ്‌ന പരിഹാരത്തിനായി ഇറാന്‍ നേതാവ് ആയത്തുള്ള ഖാംനഇയുമായും പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായും ചര്‍ച്ച നടത്തുന്നതിലും ഭേദം പിശാചുമായി ചര്‍ച്ച നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പാരീസില്‍ നടന്ന ഇറാന്‍ പ്രതിപക്ഷ കക്ഷികളുടെ വാര്‍ഷിക സമ്മേളനത്തില്‍ ജോര്‍ദ്ദാന്‍ മുന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി സ്വാലിഹ് അല്‍ ഖാലിബ്, ഫലസ്തീന്‍ പാര്‍ലമെന്റംഗം മുഹമ്മദ് അല്‍ ലഹാം, യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് അലീജോ ഫെസല്‍, ഇറ്റാലിയന്‍ മുന്‍ വിദേശമന്ത്രി ജൂലിയോ തെരേസ, തുടങ്ങിയ പ്രമുഖര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.