2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഈ കാലവും മറയും: അതിഥി

 
ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍ കീപ്പറും ആദ്യമായി വിദേശത്ത് ക്ലബ് ഫുട്‌ബോള്‍ കളിച്ച താരവും ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗില്‍ ജേതാക്കളായ ഗോകുലം കേരള എഫ്.സിയുടെ ഗോള്‍കീപ്പറുമായ അതിഥി ചൗഹാന്‍ കൊവിഡ് കാലത്തിന് ശേഷമുള്ള ഫുട്‌ബോളിനെ കുറിച്ച് സുപ്രഭാതത്തോട് സംസാരിക്കുന്നു
 
 
 
 
 
 

ഹാറൂന്‍ റഷീദ് 

 
കൊവിഡ് കാലത്ത് എല്ലാവരും ഓരോരോ സ്ഥലത്ത് ലോക്കായിരിക്കുകയാണല്ലോ നിങ്ങള്‍ എവിടെയാണ് ലോക്കായിട്ടുള്ളത്? 
 
ഞാനിപ്പോള്‍ ബംഗളൂരുവിലാണുള്ളത്. ഇന്ത്യന്‍ വനിതാ ലീഗിന് ശേഷം റിഹാബിലിറ്റേഷന് വേണ്ടി ഇവിടെ വന്നതായിരുന്നു. എന്നാല്‍ ഭാഗ്യം കൊണ്ടോ നിര്‍ഭാഗ്യം കൊണ്ടോ ഞാനിവിടെ കുടുങ്ങിപ്പോയി. എന്തായാലും ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള പരിശീലനത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സമയത്ത് മാതാപിതാക്കളേയും മറ്റു വീട്ടുകാരേയും മിസ് ചെയ്യുന്നുണ്ട്. ഉടന്‍ തന്നെ ഡല്‍ഹിയിലെ വീട്ടിലേക്ക് മടങ്ങണം. 
 
കൊവിഡിന് ശേഷം ഫുട്‌ബോളിന്റെ ഭാവി എന്താണ്?
 
മറ്റെല്ലാ കായിക ഇനങ്ങളേയും പോലെ ഫുട്‌ബോളും തിരിച്ചുവരുന്നത് ശ്രമകരമായിരിക്കും. ഇപ്പോള്‍ എല്ലാവരുടേയും സുരക്ഷക്കും ആരോഗ്യത്തിനുമാണ് മുന്‍ഗണന നല്‍കേണ്ടത്. പ്രത്യേകിച്ച് താരങ്ങളുടെ. ഈ സമയത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കുക എന്നതാണ് നമുക്ക് മുന്നിലുള്ള പ്രധാന കാര്യം. എങ്കിലും നമ്മള്‍ ഈ ദുരിതവും അതിജീവിക്കും. കൊവിഡിന് ശേഷം കഴിഞ്ഞ ദിവസം ജര്‍മനിയില്‍ കളി പുനരാരംഭിച്ചു. ഇത് ചെറിയ തുടക്കമാണ്. 
 
ലോക്ക്ഡൗണ്‍ സമയം എങ്ങനെ ചെലവഴിക്കുന്നു?
 
ഈ സമയത്ത് ഞാന്‍ പ്രധാനമായും ശ്രദ്ധിക്കുന്നത് എന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താനാണ്. ശാരീരികവും മാനസികവുമായി ഫിറ്റ്‌നസിന് വേണ്ടിയാണ് ഇപ്പോള്‍ ഞാന്‍ സമയം ചെലവഴിക്കുന്നത്. പിന്നെ എന്റെ അക്കാദമിയായ ഷി കിക്കിന്റെ ഭാവികാര്യങ്ങളെ കുറിച്ചുള്ള പദ്ധതി ആസൂത്രണവുമാണ് ഇപ്പോള്‍ നടത്തുന്നത്. 
 
 
എവിടെ നിന്നായിരുന്നു ഫുട്‌ബോള്‍ ജീവിതം തുടങ്ങിയത്?
 
സൈനികനായ പിതാവിന്റെ ദീര്‍ഘവീക്ഷണമായിരുന്നു ഞാന്‍ ഒരു ഫുട്‌ബോളറായി വളരാന്‍ കാരണം. എന്നിലെ അത്‌ലറ്റിനെ കണ്ടെത്തി കൃത്യമായ സ്ഥലത്തെത്തിച്ചതില്‍ പിതാവിന്റെ പങ്ക് വലുതാണ്. കരാട്ടെയിലും ബാസ്‌കറ്റ് ബോളിലും ഒരുകൈ നോക്കിയെങ്കിലും ഫുട്‌ബോളിലായിരുന്നു ഭാവി തെളിഞ്ഞത്. 
 
ദേശീയ ടീമിനൊപ്പമുള്ള ആദ്യ അനുഭവം എങ്ങനെയായിരുന്നു
 
അണ്ടര്‍ 19 ടീമിന് വേണ്ടിയായിരുന്നു ഞാന്‍ ആദ്യമായി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞത്. ആദ്യ അവസരത്തില്‍ തന്നെ ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചു. പരിചയക്കുറവ് കാരണം ആദ്യ മത്സരത്തില്‍ വലിയ പേടി നേരിട്ടിരുന്നു. ഏത് താരത്തിനും ആദ്യ മത്സരത്തില്‍ ചങ്കിടിപ്പ് വര്‍ധിക്കും. പ്രത്യേകിച്ച് ഗോള്‍ കീപ്പര്‍ക്ക്. എന്തായാലും അതിന് ശേഷം ഞാന്‍ കൂടുതല്‍ പഠിച്ചു. പ്രതിസന്ധിയെ നേരിടാന്‍ കരുത്ത് നേടി.
 
ഇന്ത്യയിലേയും വിദേശത്തേയും ഫുട്‌ബോള്‍ സംസ്‌കാരം?
 
വിദേശങ്ങളില്‍ ഗ്രാസ്‌റൂട്ട് ഫുട്‌ബോള്‍ ശക്തമാണ് എന്നതാണ് നമ്മുടേയും വിദേശത്തേയും ഫുട്‌ബോള്‍ സംസ്‌കാരത്തിന്റെ മാറ്റം. അവിടെ എല്ലാവര്‍ക്കും കളിക്കാന്‍ നിരവധി അവസരങ്ങള്‍ ഉണ്ട്. വിദേശങ്ങളില്‍ ഏത് തരക്കാര്‍ക്കും ഏത് വിഭാഗക്കാര്‍ക്കും കളിക്കാന്‍ നിരവധി സാഹചര്യങ്ങളുണ്ട്. ഇത് അവര്‍ക്ക് വളര്‍ന്നുവരുവാനുള്ള അവസരം നല്‍കുന്നു.
 
കരിയറിലെ മറക്കാനാവാത്ത നിമിഷം?
 
അവസാനമായി നടന്ന സാഫ് ചാംപ്യന്‍ഷിപ്പില്‍ നേപ്പാളുമായി നടന്ന മത്സരമാണ് മനസില്‍ നിന്ന് മാറാതെ നില്‍ക്കുന്നത്. കാരണം ഇന്ത്യയില്‍ നടന്ന മത്സരത്തില്‍ നേപ്പാളിനോട് നമ്മള്‍ പരാജയപ്പെട്ടിരുന്നു. ഇതിന്റെ കണക്കുതീര്‍ക്കാന്‍ അവസരം ഒത്തുവന്നത് സാഫ് കപ്പിന്റെ ഫൈനലിലായിരുന്നു. നേപ്പാളിനോട് പകരം ചോദിക്കണം, കപ്പടിക്കണം എന്ന രണ്ട് ലക്ഷ്യമായിരുന്നു അന്ന് മുന്നില്‍. രാജ്യം മുഴുവനും ആ നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.  ശക്തമായ പോരാട്ടത്തിനൊടുവില്‍ പ്രാര്‍ഥിച്ചത് പോലെ തന്നെ സംഭവിച്ചു. നേപ്പാളിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കാനും ഇന്ത്യക്ക് കഴിഞ്ഞു. 
 
 
ആരാണ് ഇഷ്ടപ്പെട്ട താരം ?
 
പുരുഷ ഫുട്‌ബോളില്‍ ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവര്‍ ന്യൂയറാണ് ഇഷ്ട താരം. അദ്ദേഹത്തിന്റെ ആത്മവിശ്വാസവും കളിയുടെ ശൈലിയും ഇഷ്ടമാണ്. വനിതാ ഫുട്‌ബോളില്‍ അമേരിക്കന്‍ താരമായ കാലി ലോയിഡിനെയാണ് ഇഷ്ടം. അപാരമായ അര്‍പ്പണ ബോധത്തിന്റെ ഉടമയാണ് കാലി ലോയിഡ്.
അവസാന സീസണിലെ വനിതാ ഫുട്‌ബോള്‍ ജേതാക്കളായ ഗോകുലം കേരള എഫ്.സിയിലെ അംഗമായിരുന്നല്ലോ. കിരീടനേട്ടം എങ്ങനെ കാണുന്നു ?
 
ഇത്തരം ഒരു ചരിത്ര സംഭവത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന് ഞാന്‍ ഗോകുലം ക്ലബിന് നന്ദി പറയുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഞാന്‍ ഗോകുലത്തിന് വേണ്ടി കളിക്കുന്നുണ്ട്. ഗോകുലം മാനേജ്‌മെന്റ് തന്ന ശക്തമായ പിന്തുണകൊണ്ടായിരുന്നു ആദ്യമായി ഒരു വനിതാ കിരീടം കേരളത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത്. 
 
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ വെസ്റ്റ് ഹാം യുനൈറ്റഡിന് വേണ്ടി കളിച്ചിരുന്നല്ലോ, എന്തായിരുന്നു അനുഭവം?
 
കരിയറിലെ വലിയൊരു നേട്ടമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്. കാരണം ഇന്ത്യയില്‍നിന്ന് ആദ്യമായി വിദേശ ക്ലബില്‍ ഫുട്‌ബോള്‍ കളിക്കുന്ന വനിതാ താരമെന്ന നേട്ടം സ്വന്തമാക്കിയതിന്. 2015 മുതല്‍ 2018 വരെ ഇംഗ്ലണ്ടില്‍ കളിച്ചു. അവിടെനിന്ന് വലിയ പാഠങ്ങള്‍ പഠിച്ചു. അത് ഇപ്പോള്‍ എന്റെ കരിയറിന് നന്നായി ഉപയോഗപ്രദമാകുന്നുണ്ട്. 
 
 
കൊവിഡ് കായിക മേഖലയെ ബാധിക്കുമെന്ന് തോന്നുന്നുണ്ടോ ?
 
കൊവിഡിന് ശേഷം എല്ലാ മേഖലയിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ലോകം നേരത്തെ ഉണ്ടായിരുന്ന സ്ഥിതിയിലേക്ക് മാറണമെങ്കില്‍ കാല താമസം എടുക്കും. ഈ കാലയളവിനുള്ളില്‍ കായിക താരങ്ങളും മാറ്റങ്ങള്‍ അംഗീകരിക്കേണ്ടി വരും. ഒറ്റ കാണി പോലും ഇല്ലാതെയാണ് ജര്‍മനിയില്‍ മത്സരം പുരോഗമിക്കുന്നത്. 
നമ്മള്‍ ഒരിക്കലും ഇത്തരം ഒരു അവസ്ഥയെ കുറിച്ച് ആലോചിച്ചിരുന്നില്ല. എല്ലാവരേയും ബാധിക്കുന്നത് പോലെ കായിക താരങ്ങളേയും ബാധിക്കുമെന്നാണ് തോന്നുന്നത്. 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.