2019 December 06 Friday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ഇന്ത്യയില്‍ ശരിയായ ജനാധിപത്യം ഇല്ല

പ്രമുഖ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫുമായുള്ള ചെറുസംഭാഷണം

സാറാ ജോസഫ്/ പ്രശോഭ് സാകല്യം

‘ഇന്ത്യ ഒരു ജനാധിപത്യ രാജ്യമേയല്ല’ എന്നാണ് സി.വി ബാലകൃഷ്ണന്‍ ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. ടീച്ചര്‍ക്ക് എന്തു തോന്നുന്നു?

സി.വി ബാലകൃഷ്ണന്‍ എന്ത് അര്‍ഥത്തിലാണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്കറിയില്ല. ഇന്ത്യയില്‍ ശരിയായ ജനാധിപത്യം ഇല്ല എന്നത് ശരിയാണ്. ആ അര്‍ഥത്തിലായിരിക്കാം സി.വി ബാലകൃഷ്ണന്‍ അങ്ങനെ പറഞ്ഞത്. ജനാധിപത്യം അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ നടത്താനുള്ള ശ്രമങ്ങള്‍ മാത്രമാണ് നിലവില്‍ ജനാധിപത്യ, മതേതര പാര്‍ട്ടികള്‍ പോലും അധികാരത്തില്‍ വന്നാല്‍ നടത്തുന്നത്. തന്നെയുമല്ല ജനാധിപത്യത്തിലെ പഴുതുകള്‍ ഉപയോഗിച്ചുകൊണ്ട് എല്ലായ്‌പ്പോഴും ജനാധിപത്യ വിരുദ്ധമായ ഫാസിസത്തിലേക്ക് നീങ്ങാന്‍ വളരെ എളുപ്പമാണ്.

ഈ കാലഘട്ടത്തില്‍ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമല്ല എന്നു പറയുമ്പോള്‍ നമ്മള്‍ മനസിലാക്കേണ്ടത് ജനാധിപത്യ സമ്പ്രദായം അടക്കം ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത രീതിയില്‍ ആയി കഴിഞ്ഞിട്ടുണ്ട് എന്നാണ്. ഒരു ജനാധിപത്യത്തിലെ പൂര്‍ണ അധികാരികള്‍ നൂറു ശതമാനവും ജനങ്ങള്‍ തന്നെയായിരിക്കണം. ജനങ്ങളുടെ ഹിതം അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തണം. ജനങ്ങളുടെ അഭിപ്രായത്തിന് അതില്‍ വളരെയധികം പ്രാധാന്യമുണ്ട്. ഒരു ഉദാഹരണം: വോട്ടിങ് മെഷീന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയൊരു ശതമാനം ആളുകള്‍ക്ക് അവിശ്വാസം ഉണ്ടാക്കിയിട്ടുള്ള ഒരു കാര്യമാണ്. അതിന്റെ വിശ്വാസ്യത പൂര്‍ണമായും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടുമില്ല. ഒട്ടും വിശ്വാസമില്ലാത്ത രീതിയില്‍ അത്തരം സമ്പ്രദായങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് ഇവിടെ തെരഞ്ഞെടുപ്പുകള്‍ പോലും നടക്കുന്നത്.

രണ്ട്, എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും സ്വാധീനിക്കുന്നു എന്ന തോന്നലും ജനങ്ങളില്‍ നല്ലപോലെ ഉണ്ടായിട്ടുണ്ട്. അത് വലിയൊരു അളവോളം ശരിയാണു താനും. കഴിഞ്ഞ മോദി ഭരണകാലത്ത് ജനാധിപത്യബോധം വളരെയധികം ജീര്‍ണിക്കാന്‍ അത് കാരണമായിട്ടുണ്ട്.

മൂന്ന്, വളരെ കൃത്യമായ രാഷ്ട്രീയബോധത്തോടുകൂടി ജനങ്ങള്‍ ചെയ്യുന്ന വോട്ടാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുക. അത്തരത്തിലുള്ള ഒരു രാഷ്ട്രീയ തിരിച്ചറിവ് ഇന്ത്യയിലെ, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ പാവപ്പെട്ടവരായ, നിരക്ഷരരായ മനുഷ്യര്‍ക്ക് എത്രത്തോളം ഉണ്ട് എന്നുള്ളത് ചിന്തിക്കേണ്ട കാര്യമാണ്. രാഷ്ട്രീയമായ തിരിച്ചറിവിനേക്കാള്‍ അധികം മറ്റു പല കാരണങ്ങളുമാണ് അവരെ വോട്ടുപെട്ടിക്ക് അരികിലേക്ക് എത്തിക്കുന്നത്. ആ രീതിയില്‍ പല കാരണങ്ങള്‍ക്കൊണ്ട് നോക്കുമ്പോള്‍, ഇപ്പോള്‍ വളരെ പ്രധാനമായിട്ട് വരുന്ന ഒരു കാര്യം, ഈ തെരഞ്ഞെടുപ്പിലും അതിനു മുന്‍പത്തെ തെരഞ്ഞെടുപ്പിലും അധികാരത്തിലേക്ക് വന്ന രാഷ്ട്രീയ കക്ഷികളുടെ ശതമാനത്തിനേക്കാള്‍ അധികം ശതമാനം പേരാണ് പുറത്തുനില്‍ക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഈ സമ്പ്രദായത്തെ ഒന്നുകൂടി പുനഃപരിശോധിക്കേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നു.

കാരണം 31 ശതമാനം വോട്ട് കിട്ടി എന്നതിന്റെ പേരില്‍ അധികാരത്തില്‍ വരിക, അങ്ങനെ 31 ശതമാനം കിട്ടുമ്പോള്‍ 69 ശതമാനം ആളുകള്‍ പുറത്തുനില്‍ക്കുന്നു. അവര്‍ക്ക് ഈ അഭിപ്രായമല്ല ഉള്ളത്. അപ്പോള്‍ ജനാഭിപ്രായമാണ് അധികാരത്തിന് വേണ്ടത് എങ്കില്‍ ഭൂരിപക്ഷാഭിപ്രായം അധികാരത്തില്‍ വന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് എതിരാണ്. അങ്ങനെയുള്ള കുറെയധികം പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ ജനാധിപത്യത്തിലെ തെരഞ്ഞെടുപ്പ് രീതികളെ പാടേ മാറ്റിപ്പണിയേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. മുന്‍പ് നമുക്ക് പരിമിതമായ ജനാധിപത്യമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് ഉള്ള പരിമിതമായ ജനാധിപത്യം തന്നെ നഷ്ടപ്പെടുന്ന രീതിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് ഇപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുന്ന ആളുകളെ സംബന്ധിച്ച് ഉള്ളത്. വോട്ടു ചെയ്യാന്‍ പോകുന്ന ഓരോ പൗരനും ഈ ബോധ്യം ഇനി ഉണ്ടാകേണ്ടതുണ്ട്. കാരണം അവരാണ് ജനാധിപത്യത്തിലെ പരമാധികാരി.

മാനുഷിക മൂല്യങ്ങള്‍ക്കും, മനുഷ്യനു തന്നെയും സംഭവിച്ച നിലവാരത്തകര്‍ച്ച പുതിയ കാലത്തെ ഒട്ടൊന്നുമല്ലല്ലോ ആശങ്കപ്പെടുത്തുന്നത്. ഒരു എഴുത്തുകാരി എന്ന നിലയില്‍ ടീച്ചര്‍ക്ക് ഇവിടെയുണ്ടെന്ന് കരുതുന്ന പ്രസക്തിയും പ്രതിരോധവും ഏതു വിധത്തിലാണ്?

മാനുഷിക മൂല്യങ്ങളുടെ തകര്‍ച്ച, ഒന്നാമത് മൂല്യങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ കാലഘട്ടത്തിലും മൂല്യങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. പക്ഷേ, മാറ്റങ്ങള്‍ സംഭവിക്കാത്ത ചില മൂല്യങ്ങളെങ്കിലും മനുഷ്യജീവിതത്തെ, അതിന്റെ എല്ലാ നന്മയോടും കൂടി നിലനിര്‍ത്തുന്നതാണ്. മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നു പറയുമ്പോള്‍, മനുഷ്യ, നരവംശ ചരിത്രം പഠിച്ചാല്‍, നരവംശ ചരിത്രത്തിലെ ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്ന മൂല്യങ്ങള്‍ എന്താണോ, അതല്ല, മുന്നോട്ടു പോകുന്തോറും, പുരോഗതിയിലേക്ക് പോകുന്തോറും നമ്മള്‍ കണ്ടുവരുന്നത്. ആ മൂല്യങ്ങള്‍ക്ക് വളരെ വലിയ മാറ്റങ്ങള്‍ സംഭവിക്കുകയും, ആ മാറ്റങ്ങള്‍ ഒക്കെ പുരോഗമനപരമായിരിക്കുകയും ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയായിരിക്കുകയും, കൂടുതല്‍ സ്വസ്ഥതയും സമാധാനവുമുള്ള ഒരു ലോകത്തിനു വേണ്ടിയായിരിക്കുകയും ചെയ്യുമ്പോള്‍ അത് ആശാവഹമാണ്, വളരെ നല്ല രീതിയിലുള്ള ഒരു മാറ്റമാണ് എന്നു നമുക്കറിയാം.

അതേസമയം, മൂല്യങ്ങള്‍ക്ക് ഏറ്റവും തകര്‍ച്ച സംഭവിക്കുകയും കൂടുതല്‍ മോശപ്പെട്ട ഒരു സാഹചര്യത്തിലേക്ക് മൂല്യമാറ്റം സംഭവിക്കുകയും ചെയ്യുമ്പോള്‍ വലിയ അസ്വസ്ഥതകള്‍, സമാധാന രാഹിത്യങ്ങള്‍, ഭീതികള്‍ സമൂഹത്തിനുണ്ടാകുന്നുണ്ട്. അപ്പോള്‍ മൂല്യങ്ങളെ സംബന്ധിച്ച് മനുഷ്യര്‍ക്കുള്ള വിചാരങ്ങള്‍, അതായത് ഒരു മൂല്യം മാറേണ്ടതാണ് എന്ന് ഒരു പരിഷ്‌കൃത സമൂഹത്തിന് തോന്നുന്നുണ്ട് എങ്കില്‍, ആ മൂല്യമാറ്റം എങ്ങനെയായിരിക്കണം എന്നുള്ളത് ആ പരിഷ്‌കൃതസമൂഹത്തിന്റെ പൂര്‍ണമായ അംഗീകാരത്തോടെയും അറിവോടെയും കൂടിയായിരിക്കണം. ബലമായിട്ട് മൂല്യങ്ങളെ മാറ്റിത്തീര്‍ക്കാന്‍ സാധ്യമല്ല.

പിന്നെ, നമ്മള്‍ ജീവിക്കുന്ന ലോകം യുക്തിയുടെയും ശാസ്ത്ര വികാസത്തിന്റെയും ഒക്കെയൊരു ലോകമാണ്, ടെക്‌നോളജിയുടെ ലോകമാണ്. ഈ ലോകത്തിലേക്ക് പഴയ കാലത്തു നിന്നുള്ള മൂല്യങ്ങളില്‍ ചില മാറ്റങ്ങളൊക്കെ തീര്‍ച്ചയായിട്ടും വരാം. പക്ഷെ, ഇതേ കാര്യങ്ങളെ തന്നെ, ഇതേ യുക്തിയും, ഇതേ ശാസ്ത്രബോധവും, ഇതേ ടെക്‌നോളജിയും മനുഷ്യവിരുദ്ധമായിട്ടും പ്രകൃതിവിരുദ്ധമായിട്ടും ഇതര ജീവജാലങ്ങള്‍ക്ക് വിരുദ്ധമായിട്ടും ഉപയോഗിക്കാന്‍ കഴിയും എന്നും, മനുഷ്യന്റെ വാസനകളില്‍ എല്ലായ്‌പ്പോഴും ചീത്തവാസനകള്‍ മുന്നിട്ടു നില്‍ക്കുന്നുണ്ട് എന്നും നാം മനസിലാക്കണം. ഒരു സാമൂഹ്യജീവിതത്തിനുവേണ്ടി മനുഷ്യര്‍ സ്വയം മെരുക്കിയെടുക്കുകയാണ് ചെയ്യുന്നത്.

അങ്ങനെയുള്ള മെരുക്കപ്പെടലുകളില്‍, എന്തിനെയാണ് നമ്മള്‍ മെരുക്കുന്നത് അതിനെയൊക്കെ തകര്‍ക്ക് പുറത്തുചാടാനുള്ള ഒരു വ്യഗ്രത മനുഷ്യന്റെ ബുദ്ധിയിലും അവന്റെ ജൈവികഘടനയിലും ഒക്കെ ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. ആ രീതിയിലുള്ള വാസനകളെ കീഴടക്കിയും ഒതുക്കിനിര്‍ത്തിയും ഞെരുക്കിയുമൊക്കെയാണ് മനുഷ്യര്‍ നാം ഇന്ന് കാണുന്ന സമൂഹജീവിതത്തെ പടുത്തുയര്‍ത്തിവച്ചിരിക്കുന്നത്. അതേസമയം തന്നെ ആ വാസനകളുടെ പൊട്ടിപ്പുറപ്പെടലിനെ സഹായിക്കുന്ന രീതിയിലാണ് ഇന്നത്തെ സമൂഹത്തിലെ ചില ഘടകങ്ങള്‍. ഉദാഹരണത്തിന് നമുക്കറിയാം, ഇന്ന് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മദ്യത്തിനും മയക്കുമരുന്നിനുമൊക്കെ അടിമകളായിട്ടുള്ള ഒരു സമൂഹത്തില്‍ സംഭവിക്കാവുന്ന വിധത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍, കുഞ്ഞുങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമങ്ങള്‍, വര്‍ഗീയ വിഷം പുരണ്ട മനസുകളില്‍ നിന്ന് മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും ഒക്കെ പേരില്‍ വേര്‍തിരിച്ചു നടത്തുന്ന അക്രമപ്രവര്‍ത്തികള്‍, അതുപോലെതന്നെ, ഏതുവിധത്തിലും പണമുണ്ടാക്കാം എന്നുള്ളതുകൊണ്ട് എല്ലാത്തരത്തിലുള്ള നന്മകളും കൈവിട്ടുകൊണ്ട് പണമുണ്ടാക്കാന്‍ വേണ്ടി കൊലയും കൊള്ളയും ഗുണ്ടാപ്പണികളും ചെയ്യുന്ന ഒരു സമൂഹത്തിന്റെ വളര്‍ന്നു വരവ്. അങ്ങനെയുള്ള ഒരു മൂല്യത്തിലും വിശ്വാസമില്ലാത്ത ഒരു യുവസമൂഹത്തെ സൃഷ്ടിക്കല്‍ ഇതൊക്കെയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഇവിടെയുള്ള ഒരു എഴുത്തുകാരി എന്ന നിലയില്‍ ഓരോ നാശത്തിലും വേദനിക്കുക, അതിനെപ്പറ്റി പറയാവുന്നയത്രയും പറയുക എന്നതു മാത്രമാണ് എനിക്ക് ചെയ്യാന്‍ കഴിയുന്നത്. എന്നാല്‍ എഴുത്ത് എന്നു പറയുന്നത് ഒരു കാലത്തിലേക്ക് മാത്രമുള്ളതല്ല. ഞാനൊരു പുസ്തകം എഴുതിയാല്‍ അത് എന്റെ കാലത്തോടെ തീരുന്നില്ല. പുസ്തകത്തിന് നിലനില്‍ക്കാന്‍ കഴിയും. പ്രത്യേകിച്ച് കലാമൂല്യമുള്ള പുസ്തകങ്ങളാണെങ്കില്‍ അത് വായിക്കപ്പെടുന്ന മനസുകളില്‍ സ്വാധീനം ചെലുത്തിക്കൊണ്ട് ഏറെക്കാലം നിലനില്‍ക്കും. അതുകൊണ്ട് എഴുത്ത് തന്നെ ഏറ്റവും വലിയ പ്രതിരോധ മാര്‍ഗ്ഗം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ വലിയ വിഡ്ഢിത്തങ്ങളിലൊന്നായാണ് നോട്ടുനിരോധനത്തെ ബുദ്ധിജീവികള്‍ കാണുന്നത്. തുഗ്ലക്കിന്റെ ഭരണപരിഷ്‌കാരത്തോടാണ് അവര്‍ ഈ നിയമത്തെ സാമ്യപ്പെടുത്തുന്നത്. എന്താണ് ടീച്ചറുടെ അഭിപ്രായം?

സാമ്പത്തികമായ വലിയൊരു തിരിച്ചറിവോടുകൂടി ഈ കാര്യത്തില്‍ പ്രതികരിക്കാന്‍ എനിക്ക് കഴിയില്ല. ഒരു സാധാരണ വ്യക്തിയുടെ അനുഭവത്തില്‍ നിന്നുകൊണ്ട് പറയുമ്പോള്‍ അത് പരമവിഡ്ഢിത്തം തന്നെയാണ് എന്നാണ് ഞാന്‍ കരുതുന്നത്. ശരിക്കു പറഞ്ഞാല്‍ ഇന്ത്യയെ വലിയ സാമ്പത്തിക അരാജകത്വത്തിലേക്കും, വലിയ നാശത്തിലേക്കും നയിച്ച പ്രവര്‍ത്തനമായിപ്പോയി. തന്നെയുമല്ല, റിസര്‍വ് ബാങ്കിനെയടക്കം സ്വാധീനിക്കാന്‍ രാഷ്ട്രീയ ശക്തികള്‍ക്ക്, ഭരണകൂട ശക്തികള്‍ക്ക് കഴിയുന്നു എന്നു വിശ്വസിക്കാന്‍ സാധിക്കാത്ത ഒരു സംഗതി കൂടിയാണിത്.

തീര്‍ച്ചയായിട്ടും ഇന്ത്യയിലെ ജനങ്ങളോട് ചെയ്ത വലിയൊരു ക്രൂരതയും പൊട്ടത്തരവുമാണ് അത്. വലിയ ഒരു ജനസമൂഹത്തോട് ഭരണകൂടം കാണിച്ച നന്ദികേടായി അത് എക്കാലവും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. വളരെ പതുക്കെ, സാവകാശം ചെയ്യേണ്ട ഒരു കാര്യം വളരെ പെട്ടെന്ന് നിറവേറ്റിയെടുക്കാനുള്ള തത്രപ്പാട് മാത്രമായിരുന്നില്ല അത്. ജനങ്ങളെ മനഃപൂര്‍വ്വം ദ്രോഹിക്കാനും, മറ്റെന്തോ ഒന്നില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനും അങ്ങനെയെന്തോ ഒരു ഗൂഢനീക്കം അതിന്റെ പിന്നിലുള്ളതായി അനുഭവപ്പെടുന്നുണ്ട്. പാവപ്പെട്ട, സാധാരണക്കാരായ, മനുഷ്യരുടെ നിത്യജീവിതത്തെ ആകെ തകരാറിലാക്കിയ ഈ സാമ്പത്തിക ഘടനാമാറ്റത്തില്‍ നിന്നും മോചിതരാവാന്‍ നമുക്ക് ഇനിയും എത്രകാലം കഴിയേണ്ടി വരും?

നരേന്ദ്ര മോദി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണല്ലോ. ഇനി ഇന്ത്യയുടെ ഭാവി എന്തായിരിക്കുമെന്നാണ് ടീച്ചര്‍ കരുതുന്നത്?

അത് കണ്ടറിഞ്ഞ് കാണണം, കാരണം ഞാന്‍ പറഞ്ഞാല്‍ അതുപോലെ വന്നുകൊള്ളണമെന്നില്ല. അതിന് നേര്‍വിപരീതമായി വരാം. അല്ലെങ്കില്‍ അതിലും മോശം രീതിയിലും വരാം. കാത്തിരുന്ന് കാണുക, അഞ്ച് കൊല്ലം അനുഭവിക്കുക.

നമ്മുടെ ഭരണഘടന പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറാണ്. അതേ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം എന്തു ചെയ്തു എന്ന് നമുക്ക് പറയാം. അത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരനുഭവമായിരുന്നു. അതിന്റെ ഇരട്ടിശക്തിയിലാണോ ഇനി അനുഭവിക്കാന്‍ പോകുന്നത്, അതോ മറ്റു രീതിയിലാണോ എന്ന് കാത്തിരുന്ന് കാണുക.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.