2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നിരോധനം ബാധിക്കില്ല: വീ ട്രാന്‍സ്ഫറിന് ബദലായി ഉണ്ട് അഞ്ച് മാര്‍ഗങ്ങള്‍

 

വീഡിയോ, വലിയ ഫയലുകള്‍ തുടങ്ങിയവ എളുപ്പത്തില്‍ ഷെയര്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന വീ ട്രാന്‍സ്ഫറിനെ നിരോധിച്ചത് ഈയിടെയാണ്. ദേശീയതാല്‍പര്യവും സുരക്ഷയും ചൂണ്ടിക്കാട്ടിയാണ് ഡച്ച് കമ്പനിയായ വീ ട്രാന്‍സ്ഫര്‍ വഴിയുള്ള ഫയല്‍ ഷെയറിങ് ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് നിരോധിച്ചത്. ഇന്ത്യയില്‍ ജനപ്രിയമായിരുന്ന വീ ട്രാന്‍സ്ഫര്‍ നിരോധിച്ചതോടെ പലരും മറ്റു വഴികള്‍ കാണാതെ കഷ്ടപ്പെടുകയാണ്. അവര്‍ക്കായി അഞ്ച് ബദര്‍ മാര്‍ഗങ്ങളിതാ:

ഡ്രോപ്പ് ബോക്‌സ്

വീ ട്രാന്‍സ്ഫറിന് സമാനമായ ഫയല്‍ ഹോസ്റ്റിങ് സര്‍വീസ് വെബ്‌സൈറ്റാണ് ഡ്രോപ്പ് ബോക്‌സ്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. അയക്കേണ്ട ഫയല്‍ അപ്‌ലോഡ് ചെയ്ത് സ്വീകര്‍ത്താവിന്റെ ഇമെയില്‍ ഐ.ഡി നല്‍കിയാല്‍ മാത്രം മതി. ക്ലൗഡ് അധിഷ്ഠിതമായ ഈ സേവനം വെബിലോ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ ലഭ്യമാണ്. പണമടച്ചുള്ള പ്ലാനുകള്‍ ഉപയോഗിച്ചാല്‍ 2 ടി.ബി അല്ലെങ്കില്‍ 3 ടി.ബി വരെയുള്ള ഫയലുകള്‍ ഡ്രോപ്പ് ബോക്‌സ് ഉപയോഗിച്ച് കൈമാറ്റം ചെയ്യാം. വീ ട്രാന്‍സ്ഫര്‍ പോലെ തന്നെ 2 ജിബി വരെയുള്ള ഫയലുകളുടെ കൈമാറ്റം സൗജന്യമാണ്. മാത്രമല്ല ഫയലുകള്‍ എഡിറ്റ് ചെയ്യാനും, കമാന്‍ഡ് രേഖപ്പെടുത്താനുള്ള സൗകര്യവുമുണ്ട്.

ഗൂഗിള്‍ ഡ്രൈവ്

വീ ട്രാന്‍സ്ഫറിനും മുന്‍പേ ഫയല്‍ ഷെയറിങ്ങിനു വേണ്ടി ആളുകള്‍ ഉപയോഗിച്ചിരുന്നതാണ് ഗൂഗിള്‍ ഡ്രൈവ്. ഫയലുകള്‍, ഓഡിയോ, വീഡിയോകള്‍ എന്നിങ്ങനെ ഏത് ഫോര്‍മാറ്റിലുള്ള രേഖകളും സ്വീകര്‍ത്താവിന്റെ ഇ- മെയില്‍ വിലാസം നല്‍കി ഷെയര്‍ ചെയ്യാന്‍ കഴിയും. അപ്‌ലോഡ് ചെയ്ത ഫയലിന്റെ ലിങ്ക് സ്വീകര്‍ത്താവിന് അയയ്ക്കുകയും ചെയ്യാം. ഗൂഗിളില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ 15 ജി.ബി വരെ ഗൂഗിള്‍ ഡ്രൈവ് അക്‌സസ് സൗജന്യമാണ്. അധികമായി വേണമെങ്കില്‍ പ്ലാനുകള്‍ തെരഞ്ഞെടുക്കാം.

സ്മാഷ്

അക്കൗണ്ട് ക്രിയേറ്റ് ചെയ്യാതെ ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ഉപാധിയാണ് സ്മാഷ്. 2016 ല്‍ തുടങ്ങിയ സ്മാഷ് ഇന്ന് 190 ല്‍ രാജ്യങ്ങളില്‍ വ്യാപിച്ചിട്ടുണ്ട്. ഡൗണ്‍ലോഡുചെയ്യുന്നതിനുമുമ്പ് ഉപയോക്താക്കള്‍ക്ക് ഫയലുകള്‍ പ്രിവ്യൂ ചെയ്യാനും കഴിയും. സ്വീകര്‍ത്താവ് നിങ്ങളുടെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്താലുടനെ നിങ്ങള്‍ക്ക് ഒരു ഇമെയിലും ലഭിക്കും. നിങ്ങള്‍ക്ക് ഫയല്‍ അപ്‌ലോഡ് ചെയ്ത ശേഷം നിങ്ങളുടേയുടെയും സ്വീകര്‍ത്താവിന്റെയും ഇ-മെയില്‍ ഐഡി ടൈപ്പ് ചെയ്തു സെന്റ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി.

ഹൈടെയില്‍

വലിയ ഫയലുകള്‍ അയക്കാനാവില്ലെങ്കിലും ചെറു ഫയലുകള്‍ അയക്കാന്‍ അനുയോജ്യമായ വെബ്‌സൈറ്റ്. 100 എം.ബി വരെ വലുപ്പമുള്ള ഫയലുകള്‍ ഷെയര്‍ ചെയ്യാനും 2 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമാണ് ഹൈടെയില്‍ നല്‍കുന്നത്. അതേസമയം ഡ്രോപ്പ് ബോക്‌സ്, സ്മാഷ്, ഗൂഗിള്‍ ഡ്രൈവ് മുതലായ മറ്റ് ക്ലൗഡ് സേവനങ്ങളില്‍ നിന്നുള്ള ഫയലുകള്‍ പങ്കിടാനും അനുവദിക്കുന്നു എന്നുള്ളതാണ് ഹൈടെയിലിന്റെ പ്രത്യേകത. പക്ഷേ സേവനങ്ങള്‍ ലഭിക്കുന്നതിന് നിങ്ങള്‍ ഒരു അക്കൗണ്ട് ഉണ്ടാക്കണം.

ടെറാ ഷെയര്‍

മേല്‍പ്പറഞ്ഞ നാലു ഫയല്‍ ഷെയറിങ് മോഡലുകളില്‍ നിന്നും വ്യത്യസ്തനാണ് ടെറാ ഷെയര്‍. ബിറ്റ് ടോറന്റിനെ അടിസ്ഥാനമാക്കിയാണ് ടെറാ ഷെയര്‍ പ്രവര്‍ത്തിക്കുന്നത്. വളരെ വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യുന്നതിനും അത് ധാരാളം ആള്‍ക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനും ഉപകരിക്കും വിധമാണ് ടെറാ ഷെയര്‍ നിര്‍മിച്ചിരിക്കുന്നത്. നിങ്ങളുടെ കമ്പ്യൂട്ടര്‍ ഓണ്‍ ആയിരിക്കുന്ന സമയത്ത് നിങ്ങള്‍ ഫയല്‍ ഷെയര്‍ ചെയ്യാന്‍ ആക്‌സസ്സ് നല്‍കിയവര്‍ക്ക് മാത്രമേ വളരെ വലിയ ഫയലുകള്‍ (10 ജിബിയില്‍ കൂടുതല്‍) ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കൂ. 10 ജിബിയില്‍ താഴെയുള്ള ഫയലുകള്‍ സെര്‍വറുകളില്‍ സ്റ്റോര്‍ ചെയ്യുന്നു. അതിനാല്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ ചെയ്തിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ അവ ആക്‌സസ് ചെയ്യാവുന്നതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.