2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

Editorial

ഇനിയുള്ളത് അതീവ ജാഗ്രത ആവശ്യപ്പെടുന്ന ദിനങ്ങള്‍


 

കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം വിനാശംവിതച്ച പ്രളയത്തെ കൂട്ടായ ഭഗീരഥപ്രയത്‌നത്തിലൂടെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ് മലയാളികള്‍. ഔദ്യോഗിക സംവിധാനങ്ങളും നാട്ടുകാരും ഒത്തൊരുമിച്ച് തീര്‍ത്തും പ്രശംസനീയമായ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമാണ് നാട്ടില്‍ നടന്നത്. ജനതയുടെ ആ ദൃഢനിശ്ചയം വിജയം കണ്ടു. നദികളുടെ കലിയടങ്ങുകയും പ്രളയജലം വാര്‍ന്നു തുടങ്ങുകയും ചെയ്തതോടെ എങ്ങും ആശ്വാസനിശ്വാസങ്ങള്‍ ഉയരുകയാണ്. ഇത്രവരെ നമ്മള്‍ അതിജീവിച്ചത് ഏറെ വലിയൊരു കാര്യം തന്നെയാണ്. എന്നാല്‍ ഇനിയങ്ങോട്ടുള്ളത് ഇതിനെക്കാളധികം പ്രയത്‌നവും ജാഗ്രതയും ആവശ്യപ്പെടുന്ന ദിനങ്ങളാണ്.
കേരളമാകെ വലിയൊരു മാലിന്യക്കുഴിയാക്കിവച്ചാണ് പ്രളയജലം ഇറങ്ങിപ്പോകുന്നത്. ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയവരെല്ലാം തിരിച്ചെത്തുന്നത് തികച്ചും മാലിന്യപൂര്‍ണവും അനാരോഗ്യകരവുമായ അന്തരീക്ഷത്തിലേക്കാണ്. മനുഷ്യര്‍ തന്നെ ജലാശയങ്ങളിലും വെളിയിടങ്ങളിലും വിവേകരഹിതമായി നിക്ഷേപിച്ച മാലിന്യങ്ങള്‍ പ്രളയജലം വീടുകളിലും പരിസരങ്ങളിലും പൂര്‍വാധികം വൃത്തികെട്ട അവസ്ഥയില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. ഇതിനു പുറമെ വളര്‍ത്തുമൃഗങ്ങളുടെയും മറ്റു പലതരം ജീവികളുടെയുമൊക്കെ അഴുകിയ മൃതശരീരങ്ങള്‍ നാടെങ്ങും നിറഞ്ഞുകിടക്കുന്നു. കൊതുകുകളുടെ സാന്നിധ്യം പൂര്‍വാധികം ഭീകരമായിട്ടുമുണ്ട്. ഇതിനെല്ലാം പുറമെ കിണറുകളിലും മറ്റു ജലാശയങ്ങളിലും മാലിന്യം അടിഞ്ഞുകൂടിക്കിടക്കുന്നു. നാടെങ്ങും വെള്ളം നിറഞ്ഞെങ്കിലും മനുഷ്യനു ജീവന്‍ നിലനിര്‍ത്താനാവശ്യമായ ശുദ്ധജലത്തിനു കടുത്ത ക്ഷാമം അനുഭവപ്പെടുകയാണ് പലയിടങ്ങളിലും. അങ്ങനെ എല്ലാതരത്തിലും തീര്‍ത്തും പ്രതികൂല കാലാവസ്ഥയിലാണ് വരും ദിനങ്ങളില്‍ കേരളീയര്‍ ജീവിക്കേണ്ടത്.
പലതരം രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ ഏറെ സാധ്യതയുള്ള അന്തരീക്ഷമാണ് ഇപ്പോള്‍ നാട്ടിലുള്ളത്. ദുരിതാശ്വാസ ക്യാംപുകളിലുള്ള നിരവധി ആളുകള്‍ക്ക് വളംകടി, ചൊറി തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചു തുടങ്ങിയതായി ഇപ്പോള്‍ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതു കൂടാനാണ് സാധ്യത. കൂടാതെ കുടിവെള്ളം മലിനമായതിനാല്‍ കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ വ്യാപിക്കാന്‍ ഏറെ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ നല്‍കുന്നുമുണ്ട്. ഇത്തരം ദുരന്തങ്ങളുണ്ടായ ഇടങ്ങളിലെല്ലാം അതിന്റെ തുടര്‍ച്ചയായി സ്വാഭാവികമായി ഉണ്ടാകാറുള്ള രോഗങ്ങളാണ് ഇവയൊക്കെ. എന്നാല്‍ അവയെ മാത്രമല്ല നമ്മള്‍ ഭയപ്പെടേണ്ടത്. ആരോഗ്യരംഗത്ത് നമ്മള്‍ ഏറെ മുന്നേറിയിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നുണ്ടെങ്കിലും പലതരം മാരകരോഗങ്ങളുടെ കളിക്കളമാണ് കേരളമെന്ന് ഏറ്റവുമൊടുവില്‍ വന്നുപോയ നിപാ വരെ ബോധ്യപ്പെടുത്തിത്തന്നിട്ടുണ്ട്.
അതുകൊണ്ടു തന്നെ ദുരന്താനന്തര ഭൂമിയില്‍ സ്വാഭാവികമായുണ്ടാകുന്ന രോഗങ്ങളെ മാത്രം നമ്മള്‍ ഭയപ്പെട്ടാല്‍ മതിയാവില്ല. ജനങ്ങളുടെ ആരോഗ്യത്തിനു നേരിട്ടേക്കാവുന്ന എല്ലാവിധ വെല്ലുവിളികളെയും പ്രതിരോധിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. രോഗപ്രതിരോധത്തിനായുള്ള നടപടികള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പു പറയുന്നുണ്ട്. അതു ശരിയാവാം. എന്നാല്‍ അതിന്റെ പരിമിതികള്‍ കൂടി മനസ്സിലാക്കിക്കൊണ്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി നടപ്പാക്കാറുള്ള ചട്ടപ്പടി പ്രതിരോധ നടപടികള്‍ക്കപ്പുറത്തേക്കു സംസ്ഥാനം നീങ്ങേണ്ടതുണ്ട്. പലപ്പോഴും രോഗം വ്യാപിച്ചതിനു ശേഷമുള്ള ഊര്‍ജിത നടപടികളാണ് നമ്മള്‍ നാട്ടില്‍ കാണാറ്. അപ്പോഴേക്കും കുറെ മനുഷ്യജീവനുകള്‍ നഷ്ടമായിട്ടുണ്ടാകും. ഇത്തവണ അതു സംഭവിക്കാന്‍ പാടില്ല. കുറെ മനുഷ്യരുടെ ജീവന്‍ പ്രളയത്തില്‍ തന്നെ നഷ്ടമായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി ഇനിയൊരാളുടെ ജീവന്‍ പോലും രോഗങ്ങള്‍ക്കു വിട്ടുകൊടുത്തുകൂടാ.
മരുന്നുകളും മറ്റു ചികിത്സാസാമഗ്രികളുമൊക്കെ ഒരുക്കിവയ്ക്കുന്നതിനൊപ്പം തന്നെ ആളുകളെ കിടത്തി ചികിത്സിക്കാന്‍ കൂടി ആവശ്യമായ സൗകര്യങ്ങളും വിവിധ തരം ടെസ്റ്റുകള്‍ക്കുള്ള സംവിധാനങ്ങളുമൊക്കെ നേരത്തെതന്നെ ഒരുക്കേണ്ടതുമുണ്ട്. രോഗവ്യാപനത്തെ യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടാന്‍ ആവശ്യമായ തോതില്‍ ആരോഗ്യപ്രവര്‍ത്തകരെയും സജ്ജമാക്കണം. അതൊന്നും ചെയ്യാതെ കൂടുതല്‍ ദുരന്തങ്ങള്‍ സംഭവിച്ചതിനു ശേഷം ആരെയെങ്കിലുമൊക്കെ പഴിപറഞ്ഞിട്ടു കാര്യമില്ല.
ഇത്തരം മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രം വിചാരിച്ചാല്‍ സാധ്യമാവണമെന്നില്ല. അതിന്റെ പരിമിതികളെക്കുറിച്ച് നമുക്കെല്ലാം ബോധ്യമുണ്ട്. അതിനെ മറികടക്കാന്‍ എല്ലാ കോണുകളില്‍ നിന്നും പലതരം സഹായം ആവശ്യമാണ്. സ്വകാര്യ ആശുപത്രികളും സന്നദ്ധ സംഘടനകളും രാഷ്ട്രീയപ്രസ്ഥാനങ്ങളുമൊക്കെ തന്നെ സാധ്യമായ തരത്തിലെല്ലാം ഇതില്‍ പങ്കാളികളാകണം. അതിനെക്കാളേറെ പ്രധാനമാണ് സാധാരണ ജനങ്ങളുടെ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനം. ആ ഒത്തൊരുമയാണ് പ്രളയതാണ്ഡവത്തെ അതിജീവിക്കാന്‍ കേരളത്തെ ഏറ്റവുമധികം സഹായിച്ചത്. നാടിന്റെ ആരോഗ്യ സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങളിലും ആ കൂട്ടായ്മ തുടരണം. ഒട്ടും പരിഭ്രാന്തരാവാതെ, അനാവശ്യ പ്രചാരണങ്ങള്‍ക്കു ചെവികൊടുക്കാതെ ദുരിതാശ്വാസ വേളയില്‍ ആര്‍ജിച്ചെടുത്ത ആത്മവിശ്വാസം നിലനിര്‍ത്തിക്കൊണ്ടു തന്നെ നമുക്ക് അതിനായി ഉടന്‍ ഒരുങ്ങാം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.