2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

ഇന്ത്യയുടെ യശസുയര്‍ത്തിയ അഞ്ചു മിനിറ്റ്

വേറിട്ട സാമൂഹിക സന്ദേശങ്ങള്‍ നല്‍കുന്ന ഹ്രസ്വചിത്രങ്ങളിലൂടെ രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനാകുകയാണ് കോഴിക്കോട് രാമനാട്ടുകര സ്വദേശി ജസീര്‍ തെക്കേക്കര. ജീവിതപ്രാരബ്ധങ്ങള്‍ക്കിടയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ യുവാവ് വിവിധ രാജ്യങ്ങളിലെ മത്സരങ്ങളില്‍ പങ്കെടുത്തു. പല അംഗീകാരങ്ങളും നേടിയെടുത്തു

ഇര്‍ഷാദ് അലി കുന്ദമംഗലം

ഹ്രസ്വചിത്രത്തിന് അനന്തമായ സാധ്യതകളുണ്ടോ? ഗൂഗിളിലും യൂടൂബിലും സമൂഹമാധ്യമങ്ങളിലും മാത്രം ഒതുങ്ങിനില്‍ക്കുന്നതണോ ഇത്? വെറും അഞ്ച് മിനിറ്റ് ദൈര്‍ഘ്യത്തില്‍ ജലത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു ഹ്രസ്വചിത്രം രാജ്യാന്തര നിലവാരം കാഴ്ചവയ്ക്കുകയും നാല്‍പതില്‍പരം രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിലേക്കു തിരഞ്ഞെടുക്കപ്പെടുകയും അംഗീകാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിരിക്കുന്നു. സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്റെ ത്യാഗത്തിന്റെ, പ്രയത്‌നത്തിന്റെ ജീവിതകഥയാണു പറയുന്നത്. പ്ലസ്ടുവില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു ജീവിതത്തില്‍ പടപൊരുതി കയറിയ ഒരു യുവാവിന്റെ കഥ. ചെയ്ത ബിസിനസുകളെല്ലാം തകര്‍ന്നടിഞ്ഞു. ഉള്ളതെല്ലാം വിറ്റുപെറുക്കി ഗള്‍ഫില്‍ പോയി. പ്രവാസലോകത്തു പച്ചപിടിക്കാതെ നാട്ടില്‍ തിരിച്ചെത്തി. പ്രാരബ്ധങ്ങള്‍ വകഞ്ഞുമാറ്റി ഒരു വാശിക്കു ചെയ്ത ഹ്രസ്വചിത്രം കഠിനപ്രയ്തനങ്ങള്‍ക്കൊടുവില്‍ അതിന്റെ പേരു പോലെ ഈ ചെറുപ്പക്കാരന്റെയും ജീവിതത്തിലൊരു ‘ഓപര്‍ച്യൂനിറ്റി’യായി മാറുകയായിരുന്നു.


കോഴിക്കോട് രാമനാട്ടുകര സ്വദേശി ജസീര്‍ തെക്കേക്കര ഒരിക്കലും കരുതിയിരുന്നില്ല ഈ കൊച്ചുചിത്രം ഭൂഖണ്ഡങ്ങള്‍ കടന്നുപോകുമെന്ന്. ഏഷ്യ, യൂറോപ്യന്‍ രാഷ്ട്രങ്ങള്‍, അമേരിക്കന്‍ ഐക്യനാടുകള്‍ കടന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വരെയെത്തി നില്‍ക്കുകയാണ് ജസീര്‍ സംവിധാനം ചെയ്ത ചിത്രം. പഞ്ചഭൂതങ്ങളിലെ ജലത്തിനെ ആധാരമാക്കി കുടിവെള്ളം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കാഴ്ചക്കാരനി ലേക്ക് പകരുകയാണു ചിത്രം. സംഭാഷണങ്ങളില്ലാതെ ദൃശ്യവിസ്മയത്താല്‍ ശുദ്ധജലത്തിന്റെ പ്രാധാന്യം ലോകത്തെ അതിതീവ്രമായി ബോധ്യപ്പെടുത്തുന്നതാണ് ‘ഓപര്‍ച്യൂനിറ്റി’ എന്ന ഹ്രസ്വചിത്രം. ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 40 രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിലേക്ക് ചിത്രത്തിന് ഔദ്യോഗിക ക്ഷണം ലഭിക്കുകയും അവിടങ്ങളിലെല്ലാം പ്രദര്‍ശിപ്പിക്കുകയും ചെയ്തുകഴിഞ്ഞു. മാറാട് കടപ്പുറം ലൊക്കേഷനാക്കിയാണു ചിത്രം നിര്‍മിച്ചത്. ഇവിടെയുള്ള സാധാരണക്കാരായ കുറച്ചുപേര്‍ ഈ ദൃശ്യവിസ്മയത്തിനു ജീവന്‍ നല്‍കിയപ്പോള്‍ ജീവിതത്തില്‍ എങ്ങുമെത്താതിരുന്ന ജസീറിനു പുതിയൊരു വഴിത്തിരിവുണ്ടാകുകയായിരുന്നു.
അമേരിക്കയിലെ സെന്‍ട്രല്‍ പോര്‍ട്ട്‌ലാന്‍ഡ് രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്കാണു ചിത്രത്തിന് ആദ്യമായി സെലക്ഷന്‍ ലഭിച്ചത്. പിന്നീട് ഉക്രൈനിലെ മൂന്നാമതു രാജ്യാന്തര ചലച്ചിത്രോത്സവം, അമേരിക്കയിലെ മിയാമി എപിക് ട്രെയിലര്‍ ഫെസ്റ്റിവല്‍, അമേരിക്കയിലെ ഗ്രാന്‍ഡ് ഇന്‍ഡ്യാവൈസ് കണ്‍വന്‍ഷന്‍, സ്‌പെയിനിലെ രാജ്യാന്തര ചലച്ചിത്രോത്സവം, ബ്രസീലിലെ ഫിഫാ ഫിലിം ഫെസ്റ്റിവല്‍, ചൈനയിലെ സെക്കന്‍ഡ് ഏഷ്യ രാജ്യാന്തര യൂത്ത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവയിലും ചിത്രം പ്രദര്‍ശിപ്പിച്ചു. ഹ്രസ്വചിത്രത്തിലൂടെ ശക്തമായ വിഷയം അവതരിപ്പിച്ചതിന് ഇറ്റലിയിലെ വിയന്ന യൂനിവേഴ്‌സിറ്റി സംഘടിപ്പിച്ച വിഷന്‍ ഏരിയ രാജ്യാന്തര ഹ്രസ്വചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രമായും മാറി ‘ഓപര്‍ച്യൂനിറ്റി’. ലാഗോസിലെ ലെയ്ക്ക് സിറ്റി രാജ്യാന്തര ചലച്ചിത്രോത്സവത്തിലെയും മികച്ച ചിത്രവും ഇതു തന്നെ.
പഞ്ചഭൂതങ്ങളിലെ വായു, അഗ്നി എന്നിവയെ ആധാരമാക്കി ജസീര്‍ തെക്കേക്കര നിര്‍മിച്ച മറ്റു ചിത്രങ്ങളാണ് ‘ബ്രീത്ത് ഹിയര്‍’, ‘റിങ് ‘ എന്നിവ. ഈ ചിത്രങ്ങള്‍ക്കും രാജ്യാന്തര അംഗീകാരങ്ങള്‍ ലഭിക്കുന്നുണ്ട്. ‘ബ്രീത്ത് ഹിയറി’ല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയനാണു പ്രധാന വേഷം അവതരിപ്പിച്ചത്. എന്നാല്‍ ഇറാഖിലെയും മറ്റ് മുസ്‌ലിം രാജ്യങ്ങളിലെയും അധിനിവേശത്തിന്റെയും തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും പശ്ചാത്തലത്തില്‍ നിര്‍മിച്ച ‘റിങ്ങി’ല്‍ ജസീര്‍ തന്നെയാണു പ്രധാന വേഷം അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇറാഖിലെ ബഗ്ദാദില്‍ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്കു ക്ഷണം ലഭിച്ച ജസീറിനു പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍നിന്ന് ഒരു ദുരനുഭവം നേരിടേണ്ടി വന്നു. ട്രെയിനില്‍ യാത്ര ചെയ്ത് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നെങ്കിലും ബോര്‍ഡിങ്ങിനു വിസമ്മതിച്ച് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ഒടുവില്‍ അവിടെ എത്തിച്ചേര്‍ന്ന എയര്‍പോര്‍ട്ട് ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഇടപെടലിലാണ് ഇറാഖിലെത്താനായത്.
എന്നാല്‍, ഇറാഖിലെ വിമാനത്താവളത്തില്‍ ഇറങ്ങിയ ജസീറിനെ കാത്തിരുന്നത് രാജകീയ സ്വീകരണമായിരുന്നു. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു വരുന്നതാണെന്നറിഞ്ഞ് വേണ്ട രീതിയില്‍ സ്വീകരിച്ചു.
കര്‍ബല സാറ്റ്‌ലൈറ്റ് എന്നൊരു പ്രാദേശിക ചാനല്‍ അഭിമുഖം നടത്തി. ബാബിലോണിയന്‍ ഗവര്‍ണറുടെ അതിഥിയായി ക്ഷണിക്കപ്പെട്ടു. കൊട്ടാരത്തില്‍ നടന്ന സെമിനാറില്‍ മറ്റു രാജ്യങ്ങളില്‍നിന്നു വന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കൊപ്പം ഇന്ത്യയെ പ്രതിനിധീകരിച്ച് ജസീര്‍ പങ്കെടുത്തു.

ജീവിത പ്രതിസന്ധികള്‍

കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ജസീര്‍ പ്ലസ്ടു വരെ പഠിച്ചത്. നല്ലൊരു കായികതാരമാകണമെന്ന ആഗ്രഹത്തോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. ജില്ലാതലത്തില്‍ ഹാന്‍ഡ്‌ബോളിലും സംസ്ഥാനതലത്തില്‍ കബഡി, ക്രിക്കറ്റ് മത്സരങ്ങളിലും ദേശീയതലത്തില്‍ ബേയ്‌സ്‌ബോളിലും കളിച്ചു മികവു തെളിയിച്ചു. കോഴിക്കോട് പയ്യാനക്കലിലെ ഒരു സാധാരണ കുടുംബത്തില്‍ പിറന്ന ജസീര്‍ മൂന്നു മക്കളില്‍ ഏറ്റവും മുതിര്‍ന്നവനാണ്.
ഇടക്ക് കുടുംബപ്രാരബ്ധം കാരണം ഗള്‍ഫിലേക്ക് ഉപജീവനമാര്‍ഗം തേടി പോകേണ്ടി വന്നു. ദുബൈയില്‍ ട്രക്ക് ലോറി ഡ്രൈവറായി ജോലി നോക്കി. പ്രവാസജീവിതം കുറച്ചുകാലം കൊണ്ടു മതിയാക്കി നാട്ടില്‍ ബിസിനസ് തുടങ്ങാന്‍ തീരുമാനിച്ചു. പ്രകൃതിസ്‌നേഹിയായ ജസീര്‍ അത്തരമൊരു ബിസിനസിനെ കുറിച്ചാണ് ആലോചിച്ചത്. പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്ന് ഡീസല്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു പ്രൊജക്ട് തയാറാക്കി. ഇതിനു വേണ്ട അസംസ്‌കൃത പദാര്‍ഥങ്ങള്‍ ശേഖരിച്ച് പദ്ധതി കോഴിക്കോട് കോര്‍പറേഷനില്‍ സമര്‍പ്പിച്ചു. എന്നാല്‍, നിരാശയായിരുന്നു ഫലം. കോര്‍പറേഷന്‍ നിരസിച്ചപ്പോള്‍ ജില്ലാ പഞ്ചായത്തില്‍ ചെന്നു. അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ഈ കാലയളവിലാണ് അന്തരിച്ച തിരക്കഥാകൃത്ത് ടി.എ റസാക്കുമായി പരിചയത്തിലാകുന്നത്. പ്രൊജക്ട് അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. അന്നു പുതുതായി ചുമതലയേറ്റെടുത്ത കലക്ടര്‍ക്കു മുന്‍പില്‍ ടി.എ റസാക്കിനൊപ്പം പദ്ധതി അവതരിപ്പിച്ചു. കലക്ടര്‍ ഇത് അംഗീകരിക്കുകയും ജസീറിനെ അഭിനന്ദിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി ‘മാസ് ആക്ഷന്‍ ഫോര്‍ പ്ലാസ്റ്റിക് വേസ്റ്റ് ഫ്രീ കോഴിക്കോട് ‘ എന്ന പേരില്‍ ഒരു പ്രൊജക്ടും കോഴിക്കോട്ട് നടപ്പിലാക്കി.


ഭീമമായ പണം ലോണെടുത്താണ് ജസീര്‍ ബിസിനസിന് ഇറങ്ങിത്തിരിച്ചത്. പാതിവഴിയില്‍ സംരംഭത്തിനേറ്റ പ്രതിസന്ധി നഷ്ടത്തില്‍ കലാശിച്ചു. വായ്പ വാങ്ങിയവര്‍ക്കു പണം തിരികെ നല്‍കാനാകാതെ നാട്ടിലും വീട്ടിലും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായി. വീട്ടില്‍ വന്നു ഗുണ്ടകള്‍ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തി. ഊണും ഉറക്കവുമില്ലാത്ത ദിനരാത്രങ്ങളായിരുന്നു അത്. പുറത്ത് ഏറെക്കാലം മുങ്ങിനടന്നു. നാട്ടില്‍ തിരിച്ചെത്തിയ ജസീറിനെ ഗുണ്ടകള്‍ ആക്രമിച്ചു. ഒടുവില്‍ സഹികെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഒരു മെയില്‍ അയച്ചു. മെയിലിന്റെ ഉള്ളടക്കം ഇത്ര മാത്രമായിരുന്നു: ”സര്‍.. എന്റെ ജീവിതം അപകടത്തിലാണ്, എന്നെ രക്ഷിക്കണം.” സന്ദേശം അയച്ചു മണിക്കൂറുകള്‍ കൊണ്ട് ജസീറിനെ തേടി കമ്മിഷണറുടെ വിളി വന്നു. പിന്നീട് പൊലിസിന്റെ മധ്യസ്ഥതയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു.

 

പുതിയ പദ്ധതികള്‍

വേറിട്ട സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയവുമായി പുതിയൊരു ഹ്രസ്വചിത്രത്തിന്റെ പണിപ്പുരയിലാണ് ജസീര്‍ തെക്കേക്കര. ‘എലിമെന്റോ ഓഫ് ഹ്യൂമന്‍ ബിയിങ് ‘ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറ ശില്‍പികളെല്ലാം വിദേശികളാണ്. 2011ല്‍ വെര്‍ബാ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ജേതാവായ മാര്‍ക്കോ വെര്‍ബയാണു സംഗീതം നിര്‍വഹിക്കുന്നത്. ബി.ബി.സി കാമറാമാനായ ഒമര്‍ അന്‍കിടു, ഇറ്റലിക്കാരനായ പ്രശസ്ത ആനിമേറ്ററും എഡിറ്ററുമായ ഡേവിഡ് ബാറ്റിസ്റ്റാ മെറില്ലാ, തുര്‍ക്കിക്കാരനായ യാവൂസ് തുടങ്ങി പ്രമുഖര്‍ തന്നെ അണിനിരക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവുമാണ് ജസീര്‍ നിര്‍വഹിക്കുന്നത്.
ചിത്രത്തിന് പ്രൊഡ്യൂസറെ തേടിയുള്ള യാത്രയിലാണ് ജസീറിപ്പോള്‍. നാടും വീടും വിട്ടിറങ്ങിയ ജസീറിന് നിത്യചെലവിനു വരുമാനമുള്ള ജോലിയോ മറ്റു സ്ഥിരവരുമാന മാര്‍ഗങ്ങളോ ഇല്ല. രാജ്യത്തെ പ്രതിനിധീകരിച്ചു വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്യാനും ചിത്രം പ്രദര്‍ശിപ്പിക്കാനുമൊന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം ലഭിച്ചിട്ടില്ല. എല്ലാ ചെലവുകളും ജസീര്‍ സ്വന്തം വഹിക്കുകയാണ്. ലക്‌നൗവില്‍ നടക്കുന്ന കുട്ടികളുടെ പത്താമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമയില്‍ ‘ഓപര്‍ച്യൂനിറ്റി’ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വരുന്ന ഒക്ടോബറില്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടക്കുന്ന രാജ്യാന്തര ഹ്രസ്വചിത്ര കണ്‍വന്‍ഷനില്‍ ഇന്ത്യയില്‍നിന്നുള്ള അന്തിമപട്ടികയില്‍ ‘ഓപര്‍ച്യൂനിറ്റി’ ഇടം നേടിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണവും ലഭിച്ചുകഴിഞ്ഞു. എന്നാല്‍ സാമ്പത്തിക പ്രയാസം കാരണം എങ്ങനെ യാത്ര തിരിക്കുമെന്ന ആശങ്കയിലാണിപ്പോള്‍ ഈ യുവാവ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.