2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നോട്ട് നിരോധനം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനെ ബാധിച്ചു

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) വളര്‍ച്ചാ നിരക്ക് മൂന്നാം പാദത്തില്‍ ഏഴു ശതമാനമാനമായി കുറഞ്ഞു

ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രത്യാഘാതം ഏല്‍പ്പിച്ചുവെന്ന വാദം ശരിവച്ച് മൊത്ത ആഭ്യന്തര ഉല്‍പാദനക്കണക്ക്. ഒക്ടോബര്‍- ഡിസംബര്‍ മൂന്നാം പാദത്തില്‍ ജി.ഡി.പിയുടെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 0.4 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 7.4 ആയിരുന്നു വളര്‍ച്ചയെങ്കില്‍ ഇപ്രാവശ്യമത് 7 ശതമാനമായി. എങ്കിലും ലോകത്തെ ഏറ്റവും വേഗതയില്‍ വളരുന്ന രാജ്യമായി ഇന്ത്യ ഒന്നാം സ്ഥാനത്തുണ്ട്. 6.8 ശതമാനം വളര്‍ച്ചയുള്ള ചൈനയാണ് രണ്ടാം സ്ഥാനത്ത്.

നോട്ട് നിരോധനം താല്‍ക്കാലിക പ്രത്യാഘാതം ഏര്‍പ്പിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത് നമ്മള്‍ അതിജീവിച്ചിരിക്കുന്നുവെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞു. ഇപ്പോഴും ഇന്ത്യയുടേത് 7 പ്ലസ് ശതമാനം വളര്‍ച്ചയുള്ള ജി.ഡി.പിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.1 ല്‍ എത്തുമെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് (സി.എസ്.ഒ) പ്രവചിക്കുന്നത്. ഡിസംബര്‍ പാദത്തിലെ വളര്‍ച്ച 6.4 ശതമാനം മാത്രമായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കിയിരുന്നതെന്നും അതില്‍ നിന്നു മുന്നേറാനായെന്നും സി.എസ്.ഒ പറയുന്നു.

ഐ.എം.എഫിന്റെ പ്രവചനം തള്ളിക്കളഞ്ഞാണ് സി.എസ്.ഒ ഇത്തരമൊരു വളര്‍ച്ചാ നിരക്ക് പറഞ്ഞിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷാവസാനത്തില്‍ 6.6 ശതമാനം വളര്‍ച്ച മാത്രമേ ഇന്ത്യ നേടൂ എന്നായിരുന്നു ഐ.എം.എഫിന്റെ കണക്ക്. 2017-18 വര്‍ഷത്തില്‍ 7.2 വളര്‍ച്ച നേടുമെന്നും ഐ.എം.എഫ് പ്രവചിച്ചിരുന്നു.

വ്യവസായ മേഖലയില്‍ നിന്നുള്ളവര്‍ പുതിയ സാമ്പത്തിക കണക്കിനെപ്പറ്റി പ്രതികരിച്ചിട്ടില്ല. ജോലിക്കാര്‍ക്ക് ശമ്പളം നല്‍കുന്നതു പോലുള്ള ദിനേനയുള്ള ചെലവുകള്‍ നടക്കുന്നുണ്ടെങ്കിലും ഡിമാന്റ് ഇല്ലാതായതിനെ അതിജീവിക്കാനായിട്ടില്ലെന്ന് സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് ഫെഡറേഷന്റെ അനില്‍ ഭരദ്വാജ് പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.