2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

ജി.ഡി.പി വളര്‍ച്ച 6.5 ശതമാനം മാത്രം; നാലു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധി

ഗ്രോസ് വാല്യൂ ആഡഡ് (ജി.വി.എ) 6.1 ശതമാനം മാത്രമായിരിക്കും, കഴിഞ്ഞവര്‍ഷം ഇത് 6.6 ശതമാനമായിരുന്നു

ന്യൂഡല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 6.5 ശതമാനം മാത്രമായിരിക്കുമെന്ന് കണക്കാക്കല്‍. നാലു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ഇക്കൊല്ലമുണ്ടാവുക. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (സി.എസ്.ഒ) പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം ജി.ഡി.പി വളര്‍ച്ചാ നിരക്ക് 7.1 ശതമാനമായിരുന്നു.

ജി.വി.എയും കുറയും

വളര്‍ച്ച കണക്കാക്കുന്ന മറ്റൊരു മാനദണ്ഡമായ ഗ്രോസ് വാല്യൂ ആഡഡ് (ജി.വി.എ) നിരക്കും കഴിഞ്ഞവര്‍ഷത്തില്‍ നിന്ന് കുറഞ്ഞിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 6.1 ശതമാനം മാത്രമായിരിക്കും ജി.വി.എ നിരക്ക്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 6.6 ശതമാനമായിരുന്നു.

ആര്‍.ബി.ഐ കണക്കാക്കിയ ജി.വി.എയിലും താഴ്ന്ന നിരക്കാണ് ഇപ്പോള്‍ സി.എസ്.ഒ പുറത്തുവിട്ടിരിക്കുന്നത്. 2017-18 വര്‍ഷത്തില്‍ ജി.വി.എ 6.7 ശതമാനമായിരിക്കുമെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ കണക്ക്.

സാമ്പത്തിക അവസ്ഥയെ നിര്‍ണയിക്കുന്നതിനായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (സി.എസ്.ഒ) പുതുതായി തുടങ്ങിയ മാതൃകയാണ് ജി.വി.എ.

ജി.വി.എയില്‍ നിന്ന് സബ്‌സിഡി കുറച്ചു ശേഷം നികുതി കൂട്ടിയാണ് ജി.ഡി.പി കണക്കാക്കുന്നത്.

ഭക്ഷ്യോല്‍പാദനവും തഥൈവ

അഗ്രികള്‍ച്ചറല്‍ ആന്റ് കോപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കു പ്രകാരം, 2017-18 വര്‍ഷത്തെ ഭക്ഷ്യോല്‍പാദനം 134.67 മില്യണ്‍ ടണ്ണായി കുറയും. 2016-17 വര്‍ഷത്തില്‍ ഇത് 138.52 മില്യണ്‍ ടണ്ണായിരുന്നു.

മുന്‍കൂര്‍ കണക്കാക്കല്‍

ഇന്ത്യയിലെ സാമ്പത്തിക വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയാണ്. 2017-18 വര്‍ഷത്തെ യഥാര്‍ഥ ജി.ഡി.പി നിരക്ക് ഈ വര്‍ഷം മാര്‍ച്ച് 31നു ശേഷം മാത്രമാണ് അറിയാനാവുക. എന്നാല്‍ സാമ്പത്തിക നില നേരത്തെ അറിയാനാണ് വിവിധ വകുപ്പുകള്‍ മുന്‍കൂര്‍ കണക്കാക്കല്‍ നടത്തുന്നത്. അതാതു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 7-8 മാസങ്ങളിലെ സൂചികകള്‍ വച്ചാണ് ഇതു കണക്കാക്കുന്നത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.