2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മനുഷ്യരില്‍ പരീക്ഷണത്തിനൊരുങ്ങുന്നു; ഇന്ത്യയുടെ ആദ്യത്തെ കൊറോണാവൈറസ് വാക്‌സിന്‍ ഓഗസ്റ്റ് 15 ഓടെ പുറത്തിറങ്ങും

ന്യൂഡല്‍ഹി: ലോകമെങ്ങും പടര്‍ന്നുകൊണ്ടിരിക്കുന്ന കൊവിഡ്-19 മഹാമാരിയെ തുരത്താനുള്ള വാക്‌സിനു വേണ്ടിയുള്ള പരിശ്രമം ഇന്ത്യയില്‍ അന്ത്യഘട്ടത്തില്‍. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ കമ്പനിയുമായി ചേര്‍ന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) നടത്തുന്ന ‘കോവാക്‌സിന്‍’ വികസിപ്പിക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ്.

ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നതിന് വേണ്ടി ഒരു ഡസണ്‍ സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ ഉന്നത നിരീക്ഷണത്തിലാണ് ഇതുവരെയുള്ള ഘട്ടം പൂര്‍ത്തിയാക്കിയും ഇനി നടക്കുന്നതും. ഇതില്‍ ഭാരത് ബയോടെക്ക് കമ്പനിയുടേത് ഓഗസ്റ്റ് പതിനഞ്ചോടെ പുറത്തിറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഗവേഷണ ഘട്ടങ്ങള്‍

വിശദമായ അക്കാദമിക് ഗവേഷണത്തിനു ശേഷമാണ് വാക്‌സിന്റെ പ്രീയ ക്ലിനിക്കല്‍ പഠനം നടന്നത്. വെള്ളെലി, ചുണ്ടെലി, മുയല്‍ എന്നിവയിലായിരുന്നു പരീക്ഷണം. മൂന്നു മാസക്കാലമെടുത്തു ഈ ഘട്ടം പൂര്‍ത്തിയാക്കാന്‍. ഇവയുടെ ഫലം സമര്‍പ്പിച്ചതോടെയാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചത്.

മനുഷ്യരിലെ പരീക്ഷണം

രോഗമില്ലാത്ത 1100 വൊളണ്ടിയര്‍മാരെയാണ് മനുഷ്യരിലെ വാക്‌സിന്‍ പരീക്ഷണത്തിനായി തെരഞ്ഞെടുക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിന്നായി പല പ്രായത്തിലുള്ള ആളുകള്‍ക്ക് വാക്‌സിന്‍ ഡോസ് നല്‍കും.

വാക്‌സിന്‍ പ്രവര്‍ത്തനം

‘ജീവനുള്ള കൊറോണാ വൈറസു’കളുടെ ആര്‍.എന്‍.എ ഘടകത്തെ നശിപ്പിച്ചാണ് വാക്‌സിന് വേണ്ടി ഉപയോഗിക്കുന്നത്. ശരീരകോശങ്ങളിലെത്തി ഈ വൈറസ് പിന്നീട് പടരാതിരിക്കാനാണിത്. ഇത്തരത്തില്‍ നിര്‍ദോഷകാരിയായ വൈറസാണ് വാക്‌സിനായി നല്‍കുക. വൈറസ് എത്തിയെന്നു കരുതി സ്വാഭാവികമായും ശരീരം ആന്റിബോഡി രൂപപ്പെടുത്തും.

വാക്‌സിനായി മുപ്പതോളം ഇന്ത്യന്‍ കമ്പനികള്‍

കൊറോണക്കെതിരായ വാക്‌സിന്‍ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഇന്ത്യയിലെ മുപ്പതോളം കമ്പനികള്‍. ഭാരത് ബയോടെക്കിനു പുറമെ, പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സെഡസ് കാഡില, ഇന്ത്യന്‍ ഇമ്യുണോളജിക്കല്‍സ് ലിമിറ്റഡ്, മൈന്‍വാക്‌സ്, ബയോകോണ്‍ തുടങ്ങിയ കമ്പനികളാണ് ഗവേഷണത്തില്‍ സജീവമായിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.