2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

Editorial

ഇന്ത്യക്കാരെ അഭയാര്‍ഥികളാക്കുന്ന ബി.ജെ.പി സര്‍ക്കാര്‍


അസം പൗരത്വ രജിസ്റ്റര്‍ സമ്പൂര്‍ണ പട്ടിക പുറത്തുവന്നതോടെ ബി.ജെ.പി സര്‍ക്കാരിന്റെ തനി നിറവും പുറത്തുവന്നിരിക്കുകയാണ്. കപട ദേശീയ വികാരം ഉയര്‍ത്തി അതുവഴി 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടുമൊരു വിജയം ആവര്‍ത്തിക്കാനുള്ള നീചമായ നീക്കമാണിത്. പൗരത്വ രജിസ്റ്റര്‍ പുറത്ത് വന്നയുടനെതന്നെ ഇവര്‍ക്കാര്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കില്ലെന്ന് ബി.ജെ.പിയുടെ സ്വന്തം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയിറക്കിയതില്‍ നിന്ന്തന്നെ സര്‍ക്കാരിന്റെ നിഗൂഢലക്ഷ്യം വെളിപ്പെട്ടിരിക്കുകയാണ്. എന്നാല്‍, കരട് പട്ടികയുടെ പേരില്‍ ആര്‍ക്കെതിരേയും നടപടിയെടുക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അസമിലെ ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് നാഷനല്‍ രജിസ്റ്ററി ഓഫ് സിറ്റിസണ്‍(എന്‍.ആര്‍.സി) തിങ്കളാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ഇതേതുടര്‍ന്ന് ലോക്‌സഭയിലും രാജ്യസഭയിലും വമ്പിച്ച പ്രതിഷേധങ്ങളാണ് പ്രതിപക്ഷത്ത് നിന്നുണ്ടായത്. കോണ്‍ഗ്രസ് ഇന്നലെ ലോക്‌സഭയില്‍ ഇതുസംബന്ധിച്ച് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. രാജ്യസഭയില്‍ തൃണമുല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെതുടര്‍ന്ന് സഭ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. അന്തിമ കരട് പട്ടികയില്‍ രാജ്യത്തിന് വേണ്ടി മുപ്പത് വര്‍ഷം സൈനിക സേവനം നടത്തിയ അസം സ്വദേശി മുഹമ്മദ് അസ്മല്‍ ഹഖിന്റെ പേരില്ല. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരന്റെ കുടുംബത്തെയും പട്ടികയില്‍ നിന്നു പുറത്താക്കിയിരിക്കുന്നു. അപ്പോള്‍ സാധാരണക്കാരായ മുസ്‌ലിംകളുടെ അവസ്ഥയെന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

പൗരത്വ കരട് പട്ടികയെ രാഷ്ട്രീയമായി കാണരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പ്രത്യക്ഷത്തില്‍ പറയുന്നുണ്ടെങ്കിലും ബി.ജെ.പി സര്‍ക്കാരിന്റെ ലക്ഷ്യം രാഷ്ട്രീയ ലാഭമുണ്ടാക്കല്‍ തന്നെയാണ്. അല്ലായിരുന്നുവെങ്കില്‍ രാജീവ്ഗാന്ധി 1985ല്‍ രൂപം നല്‍കിയ അസം കരാര്‍ അട്ടിമറിച്ച് 1955ലെ പൗരത്വ നിയമത്തിന് ഭേദഗതി കൊണ്ടുവന്നത് എന്തിനായിരുന്നുവെന്ന് രാജ്‌നാഥ്‌സിങ് വ്യക്തമാക്കണം. 1971 മാര്‍ച്ച് 24ന് അര്‍ധരാത്രിക്ക് മുമ്പ് അസമില്‍ കുടിയേറിപ്പാര്‍ത്തവര്‍ക്ക് മാത്രമായി പൗരത്വം നിജപ്പെടുത്തുക, പൗരത്വത്തിന് അപേക്ഷിക്കണമെങ്കില്‍ അപേക്ഷ നല്‍കുന്നതിന് തൊട്ടുമുമ്പുള്ള 12 വര്‍ഷം തുടര്‍ച്ചയായി അസമില്‍ താമസിച്ചിരിക്കണം എന്നീ വ്യവസ്ഥകളടങ്ങിയ കരാര്‍ ആയിരുന്നു 1985ല്‍ രാജീവ്ഗാന്ധി ഒപ്പിട്ട് പ്രാബല്യത്തില്‍ വരുത്തിയത്. ഇതിനെതിരേ വിദ്യാര്‍ഥി നേതാവായിരുന്ന പ്രഫുല്ല കുമാര്‍ മൊഹന്തയുടെ അസം സ്റ്റുഡന്റ് യൂനിയന്‍ 1979ല്‍ വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിച്ചു. 1985ലാണ് ഈ പ്രക്ഷോഭം വിദ്യാര്‍ഥികള്‍ അവസാനിപ്പിച്ചത്. അസമിന്റെ വിഭവങ്ങള്‍ മുഴുവനും അന്യസംസ്ഥാനക്കാര്‍ ഉപയോഗിക്കുന്നുവെന്നാക്ഷേപിച്ചായിരുന്നു പ്രക്ഷോഭം. എന്നാല്‍ 1826 മുതല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യാനായി അസമില്‍ കുടിയേറിപ്പാര്‍ത്തവരായിരുന്നു കുടിയേറ്റക്കാരിലേറെയും എന്നതാണ് സത്യം.
രാജീവ് ഗാന്ധി രൂപം നല്‍കിയ കരാറിനെ അട്ടിമറിച്ചാണ് 2016 ജൂലൈ 16ല്‍ ബി.ജെ.പി സര്‍ക്കാര്‍ 1955ലെ പൗരത്വ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിക്കുകാര്‍, ബുദ്ധ-ജൈന മതക്കാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതായിരുന്നു ഈ ഭേദഗതി. മുസ്‌ലിംകളെ അവരുടെ ജന്മദേശത്ത് നിന്നു പൗരത്വമില്ലാത്തവരെന്നു പറഞ്ഞ് ആട്ടിയോടിക്കാനായിരുന്നു ഇതിന്റെ ആത്യന്തിക ലക്ഷ്യം.

1970 മുതല്‍ അസമില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നതാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കുടിയേറ്റം. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും വലിപ്പമേറിയ സംസ്ഥാനമാണ് അസം എന്നത് തന്നെയായിരുന്നു ഇതിന് കാരണം. കുടിയേറ്റക്കാര്‍ക്ക് എതിരെ തദ്ദേശവാസികള്‍ നടത്തിവന്ന പ്രക്ഷോഭമാണ് ബി.ജെ.പി സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെ അട്ടിമറിച്ച് മുസ്‌ലിംകള്‍ക്കെതിരെയുള്ള ഒളിയുദ്ധമാക്കി മാറ്റിയത്. 12 വര്‍ഷം അസമില്‍ താമസിച്ചാല്‍ മതിയെന്ന ഭേദഗതി ആറു വര്‍ഷമാക്കി ചുരുക്കിയത് ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദുക്കളെ അസമില്‍ കുടിയിരുത്താനായിരുന്നു. ഇസ്‌റാഈല്‍ ലോകത്തിലെ ജൂതന്മാരെ ഇസ്‌റാഈലിലേക്ക് ആകര്‍ഷിച്ചതിനോട് സമാനമായിരുന്നു ബി.ജെ.പി സര്‍ക്കാരിന്റെ ഈ പ്രവര്‍ത്തി. മുസ്‌ലിംകള്‍ അസമില്‍ ഭൂരിപക്ഷമാകുന്നത് തടയുവാനാണ് ഇത്തരമൊരു ഭേദഗതിയെന്ന് അസമിലെ ബി.ജെ.പി മന്ത്രി ഹിമന്തവിശ്വാസ് ശര്‍മ അന്ന്തന്നെ തുറന്നുപറയുകയുമുണ്ടായി. ഇതുവഴി 7,50,000 ഹിന്ദുക്കളെയാണ് ബി.ജെ.പി സര്‍ക്കാര്‍ ബംഗ്ലാദേശില്‍ നിന്ന് അസമില്‍ കുടിയിരുത്തിയത്.
ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് നിശബ്ദമായി വിളിച്ചു പറയുകയായിരുന്നു ഈ പ്രവൃത്തിയിലൂടെ ബി.ജെ.പി സര്‍ക്കാര്‍. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ പുറത്തിറങ്ങിയ അന്തിമ കരട് പട്ടിക. മുസ്‌ലിംകള്‍ ഒഴികെയുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുകയും മുസ്‌ലിംകള്‍ക്ക് നിശേധിക്കുകയും ചെയ്യുന്ന മോദി സര്‍ക്കാരിന്റെ ഹീനമായ നീക്കം രാജ്യത്തെ ഛിന്നഭിന്നമാക്കും. ആഭ്യന്തര കലാപത്തിലേക്കായിരിക്കും ഇതുവഴിവയ്ക്കുക. റോഹിംഗ്യന്‍ മുസ്‌ലിംകളെപ്പോലെ ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന മുസ്‌ലിംകളെ അഭയാര്‍ഥികളാക്കി മാറ്റാനുള്ള നിഗൂഢമായ ആര്‍.എസ്.എസ് പദ്ധതികളുടെ കരട് രേഖ തന്നെയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന പൗരത്വ അന്തിമ കരട് പട്ടികയും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.