2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ മോചിതര്‍; വിട്ടയക്കാന്‍ ജിബ്രാല്‍ട്ടര്‍ സുപ്രിംകോടതി ഉത്തരവ്, വിട്ടയക്കരുതെന്ന അമേരിക്കന്‍ ആവശ്യം കോടതി തള്ളി; മലയാളികളടക്കമുള്ളവര്‍ ഉടന്‍ നാട്ടിലെത്തും

 

തെഹ്‌റാന്‍: ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ മോചിതരായി. മൂന്നുമലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലെ മുഴുവന്‍ ഇന്ത്യക്കാരും ഉടന്‍ തിരിച്ചെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി കെ.കെ.അജ്മല്‍ (27), കാസര്‍കോട് ഉദുമ നമ്പ്യാര്‍ കീച്ചില്‍ ‘പൗര്‍ണമി’യില്‍ പി. പുരുഷോത്തമന്റെ മകന്‍ തേഡ് എന്‍ജിനീയര്‍ പി.പ്രജിത്ത് (33), ഗുരുവായൂര്‍ മമ്മിയൂര്‍ മുള്ളത്ത് ലൈനില്‍ ഓടാട്ട് രാജന്റെ മകന്‍ സെക്കന്‍ഡ് ഓഫിസര്‍ റെജിന്‍ (40) എന്നിവരാണ് കപ്പലിലുണ്ടായിരുന്ന മലയാളികള്‍.

 

 

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനറുമായി സംസാരിച്ചെന്നും മോചന വിവരം അദ്ദേഹം സ്ഥിരീകരിച്ചെന്നും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, കപ്പലിലുള്ളവര്‍ മോചിതരായെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ഇറാന്റെ കപ്പല്‍ വിട്ടയക്കാന്‍ ജിബ്രാല്‍ട്ടര്‍ സുപ്രിംകോടതി ഉത്തരവിട്ടു. കപ്പല്‍ ഒരുകാരണവശാലും വിട്ടയക്കരുതെന്ന് ബ്രിട്ടനോട് അമേരിക്ക ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോടതിയുടെ നടപടി. ഇറാന്റെ കപ്പല്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് നടപടി കൊള്ളയാണെന്നും ചീഫ് ജസ്റ്റിസ് ആന്റണി ഡുഡ്‌ലേ വ്യക്തമാക്കി. കപ്പല്‍ യൂറോപ്യന്‍ യൂനിയനിലേക്കല്ലെന്ന് ഇറാന്‍ വ്യക്തമാക്കിയതാണ്. അതു പിടിച്ചുവയ്‌ക്കേണ്ട യാതൊരു ന്യായമായ കാരണവും ഇല്ലെന്നും കോടതി വ്യക്തമാക്കി. കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെ ബ്രിട്ടന്റെ കപ്പല്‍ ഇറാനും പിടിച്ചടക്കുകയും അമേരിക്ക ഒരുഭാഗത്ത് നിലയുറപ്പിക്കുകയും ചെയ്തത് മേഖലയിലെ സാഹചര്യങ്ങള്‍ വഷളാക്കിയിരുന്നു. ഇതിനിടെയാണ് സുപ്രിംകോടതിയുടെ ഇടപെടല്‍.

മൂന്നുലക്ഷം ടണ്‍ അസംസ്‌കൃത എണ്ണയുമായി സിറിയയിലേക്കു പോയ ‘ഗ്രെയ്‌സ് വണ്‍’ എന്ന കപ്പലിനെ സ്‌പെയിനിനു സമീപം ബ്രിട്ടിഷ് അധീനതയിലുള്ള ജിബ്രാള്‍ട്ടര്‍ തീരത്തുനിന്നു മാറി ബ്രിട്ടന്റെ നാവികസേന പിടിച്ചെടുക്കുകയായിരുന്നു. മേയ് 13ന് യു.എ.ഇയിലെ ഫുജൈറയില്‍ നിന്നാണ് കപ്പല്‍ പുറപ്പെട്ടത്. 18,000 കിലോമീറ്ററും 25 രാജ്യങ്ങളും താണ്ടി ഈ മാസം 4ന് ജിബ്രാള്‍ട്ടറില്‍ എത്തിയപ്പോള്‍ ഭക്ഷണസാധനങ്ങള്‍ നിറയ്ക്കുന്നതിനായി കപ്പല്‍ കരയിലേക്കു നീങ്ങി. ഈ സമയത്താണ് ഹെലികോപ്റ്ററില്‍ എത്തിയ ബിട്ടീഷ് സൈന്യം കപ്പല്‍ പിടിച്ചെടുത്തത്. ജീവനക്കാരുടെ പാസ്‌പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും പിടിച്ചെടുത്തിരുന്നു. ഒരാഴ്ച മുന്‍പ് ഫോണ്‍ തിരിച്ചു കിട്ടിയതോടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.

Indians freed from Iran oil tanker being held in Gibraltar. Gibraltar Supreme Court says Iranian tanker is free to sail


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.