2018 May 08 Tuesday

യാത്രാ വേളകളില്‍ സാങ്കേതികത ഉപയോഗിക്കുന്നവരില്‍ ഇന്ത്യക്കാര്‍ മുന്‍പിലെന്ന് സര്‍വേ

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ വാഴുന്ന ഇന്നത്തെ സമൂഹത്തില്‍ നവമാധ്യമങ്ങളെ മാറ്റിനിര്‍ത്തി കൊണ്ടുള്ള ഒരു വ്യക്തിയുടെ ദിനം ഓര്‍മിക്കാന്‍ നമുക്ക് കഴിയില്ല. നാം ഓരോരുത്തരും നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരാണ്. അത് എവിടെയാണെങ്കിലും. വീടുകളില്‍, ഓഫിസുകളില്‍, പാര്‍ക്കില്‍, പരിപാടികളില്‍ അങ്ങനെ ജീവിത്തിലെ ഓരോ നിമിഷത്തിലും നാം നവമാധ്യമങ്ങളുമായി ബന്ധപ്പെടുന്നു. ദിവസത്തില്‍ എത്രയോ മണിക്കൂറുകള്‍ നാം ലോഗിന്‍ ചെയ്യുന്നു.

ദിനേനയുള്ള സോഷ്യല്‍ മീഡിയ ലൈഫിന് ഇടവേള വരുന്നത് നാം യാത്ര പോവുമ്പോഴാണ്. എല്ലായിടത്തും സര്‍വീസ് പ്രൊവൈഡേഴ്‌സിന് ഉണ്ടാവണമെന്നില്ല. പക്ഷേ, നമുക്ക് നവമാധ്യമങ്ങളില്‍ കയറാതിരിക്കാനുമാവില്ല. അതിനാല്‍, ഇതിനൊരു പരിഹാരമാണ് വൈഫൈ. ഫ്രീ വൈഫൈയോ, പേയബിള്‍ വൈഫൈയോ ആവാം. സഞ്ചാരവേളകളില്‍ ലോകത്ത് ഏറ്റവും കൂടുല്‍ വൈഫൈ ഉപയോക്താക്കള്‍ ഇന്ത്യക്കാരാണെന്ന് പുതിയ സര്‍വേ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രമുഖ ട്രാവല്‍ ഏജന്റ് ആയ എക്‌സ്പീഡിയ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

യാത്രാ വേളകളില്‍ വിമാനങ്ങളില്‍ ലഭിക്കുന്ന വൈഫൈയുടെ ഉപയോക്താക്കളില്‍ സിംഹഭാഗവും ഇന്ത്യക്കാരാണ്. 23 രാജ്യങ്ങളിലായി നടത്തിയ സര്‍വേയിലാണ് ഈ കാര്യം വ്യക്തമാവുന്നത്. അമേരിക്കന്‍ ഐക്യനാടുകള്‍, യൂറോപ്പ്, സൗത്ത് അമേരിക്ക, ഏഷ്യ പെസഫിക് എന്നിവിടങ്ങളിലെ രാജ്യങ്ങള്‍ സര്‍വേയില്‍ ഉള്‍പ്പെടുന്നു.

എയര്‍ലൈനുകളില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍ ഒന്നാമന്‍മാര്‍ ഇന്ത്യക്കാരാണ്. യാത്രക്കാരില്‍ 34 ശതമാനം ഇന്ത്യക്കാരും ഇതിലുള്‍പ്പെടുന്നു. 72 ശതമാനം പേരും സംഗീതമോ അതിനോടനുബന്ധിച്ചുള്ളവയോ കാണുന്നവരോ കേള്‍ക്കുന്നവരോ ആണ്. ഫ്‌ളൈറ്റുകളില്‍ കയറിയാല്‍ അടുത്തത് വീഡിയോ ഗെയിം കളിക്കുന്നവരാണ്. 37 ശതമാനം യാത്രക്കാരും ഇങ്ങനെയുള്ളവരാണെന്ന് സര്‍വേ പറയുന്നു.

അതു പോലെ യാത്രാ സംബന്ധിയായ മിക്ക കാര്യങ്ങളിലും സാങ്കേതികതയെ കൂട്ടുപിടിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഓണ്‍ലൈന്‍ ആയി ചെക്-ഇന്‍ ചെയ്യുന്നവര്‍ ഇന്ത്യയില്‍ 67 ശതമാനമാണെന്ന് സര്‍വേ പറയുന്നു. ഈ കണക്ക് ആഗോളതലത്തില്‍ ഇത് ഏഴാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. മൊബൈല്‍ വഴി ബുക്ക് ചെയ്യുവരില്‍ ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്താണ്. 18 ശതമാനം പേരും യാത്രാ സംബന്ധിയായ കാര്യങ്ങള്‍ നടത്തുവാന്‍ മൊബൈല്‍ ഉപയോഗിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.