2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

2019: ഇന്ത്യന്‍ ഹജ്ജ് സംഘത്തിന്റെ മക്ക യാത്രക്ക് തുടക്കമായി

 

മദീന: മദീനയില്‍ വന്നിറങ്ങിയ ഇന്ത്യന്‍ സംഘത്തിന്റെ മക്ക യാത്രകള്‍ക്ക് തുടക്കമായി. ജൂലൈ നാലിന് ഇന്ത്യയില്‍ നിന്നെത്തിയ ആദ്യ ഹജ്ജ് സംഘത്തിലെ ഹാജിമാരാണ് മക്കയിലേക്ക് തിരിച്ചത്. തുടര്‍ ദിവസങ്ങളില്‍ തൊട്ടടുത്ത ദിവസങ്ങളിലായി മദീനയിലെത്തിച്ചേര്‍ന്ന ഹാജിമാര്‍ ഘട്ടം ഘട്ടമായി മക്കയിലേക്ക് തിരിക്കും. മദീനയില്‍ പ്രവാചക റൗദ സന്ദര്‍ശനവും മറ്റു ചരിത്ര സ്ഥലങ്ങളിലെ സന്ദര്‍ശനവും പൂര്‍ത്തിയാക്കിയ ശേഷമാണ് ഹാജിമാര്‍ മക്കയിലേക്ക് തിരിക്കുന്നത്.

പത്ത് വിമാനങ്ങളിലായി ആദ്യ ദിവസമെത്തിയ 2524 ഇന്ത്യന്‍ ഹാജിമാരാണ് മക്കയിലേക്ക് പുറപ്പെട്ടത്. മദീനയില്‍ എട്ടു ദിവസം ചെലവഴിച്ചതിനു ശേഷമാണു തീര്‍ഥാടകര്‍ മക്കയിലേക്ക് തിരിക്കുന്നത്. ഇന്ന് മക്കയിലേക്ക് മദീനയില്‍ നിന്നും രണ്ടാം ദിനം ഇന്ത്യയില്‍ നിന്നെത്തിയ 2524 തീര്‍ഥാടകര്‍ കൂടി യാത്ര തിരിക്കും. ജൂലൈ നാലിനു മദീനയില്‍ എത്തിയ ആദ്യ മലയാളി സംഘം ഞായറാഴ്ച മക്കയിലേക്ക് യാത്ര തിരിക്കും. മദീനയില്‍ നിന്നും പ്രത്യേകം തയ്യാറാക്കിയ ബസുകളിലാണ് തീര്‍ത്ഥാടകരെ മക്കയിലേക്ക് എത്തിക്കുന്നത്. ഇതിനായി ഹജ്ജ് മിഷന്‍ പ്രത്യേക സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ലഗേജുകളും ബസുകളിലാണ് എത്തിക്കുന്നത്. എങ്കിലും ബസ്സുകളില്‍ തികയാതെ വരുന്ന ബാഗേജുകള്‍ എത്തിക്കാന്‍ പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15772 ഹാജിമാര്‍ക്ക് മക്കയില്‍ ഹറമിന് സമീപത്ത് ഒരു കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ ഭക്ഷണം പാചകം ചെയ്യാന്‍ അനുമതിയുണ്ടാകില്ല. കാല്‍ നടയായി ഹറമിലെത്താവുന്ന ദൂരത്തിലാണ് ഇത്ര പേര്‍ക്കുള്ള കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 121909 തീര്‍ത്ഥാടകര്‍ക്ക് ഹറമില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെ അസീസിയയിലാണ് താമസം ഒരുക്കിയിരിക്കുന്നത്. മക്കയില്‍ പതിനാറു ബ്രാഞ്ച് ഓഫീസുകള്‍ക്ക് കീഴിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 40 കിടക്കകള്‍ വീതമുള്ള മൂന്നു ആശുപത്രികള്‍, 16 ഡിസ്‌പെന്‍സറികള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയില്‍ നിന്നും ഇതിനകം നൂറോളം വിമാന സര്‍വ്വീസുകളിലായി മുപ്പതിനായിരത്തോളം ഹാജിമാരാണ് വിശുദ്ധ ഭൂമിയില്‍ എത്തിച്ചേര്‍ന്നത്. ഡല്‍ഹി, ഗയ, ഗുവാഹത്തി, ശ്രീനഗര്‍, ബംഗളുരു, കോഴിക്കോട് എന്നീ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്രയും ഹാജിമാര്‍ എത്തിയത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഒരു ലക്ഷം അറുപതിനായിരത്തില്‍ 63,000 ഹാജിമാരാണ് മദീന വഴിയെത്തുക. ബാക്കിയുള്ള ഹാജിമാര്‍ ജിദ്ദ വഴിയുള്ള രണ്ടാം ഘട്ടത്തില്‍ മാസം 20ന് മക്കയില്‍ എത്തും. മദീനയില്‍ ഇതിനകം 1554 തീര്‍ത്ഥാടകര്‍ ക്ലിനിക്കുകള്‍ വഴിയും 777 പേര്‍ മൊബൈല്‍ ക്ലിനിക്കുകള്‍ വഴിയും ചകിത്സ തേടി. തീര്‍ത്ഥാടക സംഘത്തില്‍ ഒരു കുഞ്ഞിന് യുവതി ജന്മം നല്‍കുകയും ചെയ്തിട്ടുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.