2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയുടെ ലക്ഷം ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ പുണ്യ ഭൂമിയില്‍

  • മദീനയിലെ തീര്‍ത്ഥാടകര്‍ ആയിരത്തില്‍ താഴെ മാത്രം
  • പുണ്യ ഭൂമിയില്‍ എത്തിയത് ഒന്‍പത് ലക്ഷത്തോളം തീര്‍ത്ഥാടകര്‍
അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ലക്ഷ്യത്തിലേക്ക്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഏകദേശം തൊണ്ണൂറ്റി ഏഴായിരത്തിലധികം ഹജ്ജ് തീര്‍ത്ഥാടകര്‍ ഇന്ത്യയില്‍ നിന്നും എത്തിചേര്‍ന്നിട്ടുണ്ട്. 350 വിമാനസര്‍വീസുകളാണ് ഇതിനകം ഇന്ത്യയില്‍ നിന്നും നടന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മുപ്പത്തിനായിരത്തില്‍ താഴെ ഹാജിമാരാണ് ഇനി പുണ്യ ഭൂമിയിലേക്ക് ഇന്ത്യയില്‍ നിന്നും പോകാന്‍ ബാക്കിയുള്ളത്.

അടുത്ത ഒരാഴ്ചയോടെ ഇവരും മക്കയില്‍ എത്തിച്ചേരുന്നതോടെ ഇന്ത്യന്‍ ഹാജിമാരുടെ യാത്ര പൂര്‍ത്തിയാവുകയും ഈ വര്‍ഷത്തെ ഹജ്ജിനു തുടക്കമാവുകയും ചെയ്യും. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയുള്ള ഇന്ത്യന്‍ ഹാജിമാരില്‍ ഭൂരിഭാഗവും ഇതിനകം തന്നെ പുണ്യ ഭൂമിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവരില്‍ ആദ്യ സംഘത്തിനെ മദീന സന്ദര്‍ശനത്തിനും കഴിഞ്ഞ ദിവസം തുടക്കമായി.

ഇന്ത്യയില്‍ നിന്നെത്തിയ ഹാജിമാരില്‍ ആദ്യ ഘട്ടത്തില്‍ മദീനയിലെത്തിയവരില്‍ ബഹുഭൂരിഭാഗവും മക്കയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇനി ആയിരത്തില്‍ താഴെ തീര്‍ത്ഥാടകരാണ് മദീനയിലുള്ളത്. അടുത്ത ദിവസങ്ങളിലായി ഇവരും മക്കയില്‍ എത്തിച്ചേരുന്നതോടെ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹാജിമാര്‍ മുഴുവന്‍ മക്കയില്‍ കേന്ദ്രീകരിക്കപ്പെടും. ആഗസ്റ്റ് പതിനാറിനാണ് അവസാന ഇന്ത്യന്‍ വിമാനം. നിലവില്‍ കൊച്ചിയടക്കം എട്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുമാണ് ജിദ്ദയില്‍ ഇന്ത്യന്‍ ഹാജിമാരുടെ വരവ്. ദിനേന ഇവിടങ്ങളില്‍ നിന്നും ഒന്നോ രണ്ടോ സര്‍വീസുകള്‍ നടത്തപ്പെടുന്നുണ്ട്. 12 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള 74,241 ഹാജിമാര്‍ ഇതിനകം എത്തിക്കഴിഞ്ഞു. ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും 17,5025 ഹാജിമാരാണ് ഹജ്ജിനെത്തുന്നത്. ഇതില്‍ 12,8072 പേര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയും 46323 പേര്‍ സ്വകാര്യ ഹജ്ജ് കമ്മിറ്റി മുഖേനയുമാണ്.

ഇന്ത്യന്‍ തീര്‍ഥാടകരില്‍ ഒരു ഹാജി കൂടി കഴിഞ്ഞ ദിവസം മരണപ്പെട്ടു. ഇതോടെ മരണപ്പെട്ട ഇന്ത്യന്‍ ഹാജിമാരുടെ എണ്ണം പതിനേഴായി. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലെ ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വഴി 60025 ഹാജിമാരും മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കുകള്‍ വഴി 4722 തീര്‍ത്ഥാടകരും ചികിത്സ തേടിയിട്ടുണ്ട്. ഇതിനകം പുണ്യഭൂമിയില്‍ എത്തിച്ചേര്‍ന്ന വിദേശ ഹാജിമാരുടെ എണ്ണം ഒന്‍പത് ലക്ഷമായി. മുന്‍ വര്‍ഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് ഏഴു ശതമാനം അധികമാണിതെന്നു സഊദി പാസ്‌പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 54,010 തീര്‍ത്ഥാടകരുടെ കുറവുണ്ടായിരുന്നു. വ്യോമ മാര്‍ഗ്ഗം വഴി 803,753 തീര്‍ത്ഥാടകരും കരമാര്‍ഗ്ഗം 22,352 പേരും കടല്‍ മാര്‍ഗ്ഗം 9,382 തീര്‍ഥാടകയും എത്തിയതായാണ് ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.