2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇന്ത്യ (കുംബ്ലെ)യ്ക്ക് വിജയത്തുടക്കം

ആന്റിഗ്വ: അശ്വിന്റെ സ്പിന്നിനു  മുന്നില്‍ മറുപടികളില്ലാതെ വെസ്റ്റിന്‍ഡീസ് ബാറ്റിങ് നിര മുട്ടുമടക്കിയപ്പോള്‍ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 92 റണ്‍സിനും വിജയം സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസിന്റെ ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്റെ ബൗളിങ് പ്രകടനമാണ് ഇന്ത്യയ്ക്ക് വന്‍ജയം ഒരുക്കിയത്.  25 ഓവറില്‍ 83 റണ്‍സ് മാത്രം വഴങ്ങിയാണ് അശ്വിന്റെ ഉജ്ജ്വല പ്രകടനം. വെസ്റ്റിന്‍ഡീസ് മണ്ണില്‍ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ ഇന്നിങ്‌സ് വിജയമാണിത്. പരിശീലകനായി അരങ്ങേറിയ കുംബ്ലെയ്ക്ക് വിജയത്തുടക്കമിടാനും ഇതിലൂടെ സാധിച്ചു.

 പുറത്താവാതെ നിന്ന കാര്‍ലോസ് ബ്രാത്‌വയ്റ്റാണ് (51) വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഒന്‍പതാം വിക്കറ്റില്‍ 95 റണ്‍സ് നേടിയ ബ്രാത്‌വയ്റ്റും ദേവേന്ദ്ര ബിഷുവുമാണ് (45) പ്രതീക്ഷിച്ചിരുന്ന ഇന്ത്യന്‍ ജയം വൈകിപ്പിച്ചത്. അവസാന നിമിഷം ഇരുവരും പതറാതെ പിടിച്ചു നില്‍ക്കുകയായിരുന്നു. ഒടുവില്‍ ഈ കൂട്ടുകെട്ടും അശ്വിന്‍ പൊളിക്കുകയായിരുന്നു. ബ്രാത്‌വയ്റ്റ് 82 പന്തില്‍ 51 റണ്‍സുമായി പുറത്താവാതെ നിന്നു.

ഇന്ത്യയുടെ 566 എന്ന കൂറ്റന്‍ സ്‌കോറിനെ പിന്തുടര്‍ന്ന വിന്‍ഡീസിന്റെ ആദ്യ ഇന്നിങ്‌സില്‍ 243 റണ്‍സില്‍ അവസാനിച്ചിരുന്നു.  ഫോളോ ഓണ്‍ ചെയ്ത് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ കരീബിയന്‍ പട ഒരു വെല്ലുവിളിയും ഉയര്‍ത്താതെ തകര്‍ന്നടിഞ്ഞു. ബ്രാത്‌വയ്റ്റിനെയും ബിഷുവിനെയും കൂടാതെ സാമുവല്‍സും വിന്‍ഡീസിനായി അര്‍ധ സെഞ്ച്വറി നേടി. ഒരു ഘട്ടത്തില്‍ എട്ടിന് 132 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന വിന്‍ഡീസിനെ അസാമാന്യ ചെറുത്തുനില്‍പ്പോടെ ബ്രാത്‌വയ്റ്റും ബിഷുവും കൂടിയാണ് 231 റണ്‍സിലെത്തിച്ചത്. ആര്‍ ചന്ദ്രിക (31), സാമുവല്‍സ്,ബ്ലാക്ക്‌വുഡ് (പൂജ്യം), ചാള്‍സ് (എട്ട്), ഹോള്‍ഡര്‍ (16), ഗബ്രിയേല്‍ (നാല്), ബിഷു എന്നിവരാണ് അശ്വിനു മുന്നില്‍ കുടുങ്ങിയത്. ഓപണര്‍ കെ.സി ബ്രത്‌വയ്റ്റിനെ (രണ്ട്) ഇഷാന്ത് ശര്‍മ്മയും ബ്രാവോ (10)യെ ഉമേഷ് യാദവും ഡൗറിച്ചിനെ (ഒന്‍പത്) മിശ്രയും പുറത്താക്കി.

നായകന്‍ വിരാട് കോഹ്‌ലിയുടെ ഇരട്ട ശതകത്തിന്റെയും അശ്വിന്റെ 113 റണ്‍സിന്റെയും പിന്‍ബലത്തിലാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 566 റണ്‍സെടുത്തത്. 84 റണ്‍സുമായി ശിഖര്‍ ധവാന്‍, 53 റണ്‍സുമായി അമിത് മിശ്ര എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

ജൂലൈ 30 മുതല്‍ കിങ്സ്റ്റണിലാണ് രണ്ടാം ടെസ്റ്റ്. ജയത്തോടെ നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-0ത്തിനു മുന്നിലെത്തി.

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുകയും വിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സിലെ ഏഴു വിക്കറ്റുകളും വീഴ്ത്തി അശ്വിന്‍ ഓള്‍റൗണ്ട് മികവുമായി കളിയിലെ താരമായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.