2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ത്യ ഇന്നിറങ്ങും. ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പകരം ചോദിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് വിരാട് കോഹ്‌ലിയും സംഘവും ഇന്ന് പോരിനിറങ്ങുന്നത്. ആദ്യ ടെസ്റ്റിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇന്നാരംഭിക്കുന്ന രണ്ടാം ടെസ്റ്റും വിജയിച്ച് പരമ്പര സുരക്ഷിതമായി സ്വന്തമാക്കുകയാണ് ഫാഫ് ഡുപ്ലെസിസിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ ടീം ലക്ഷ്യമിടുന്നത്. കേപ് ടൗണിലെ പോലെ തന്നെ പേസും ബൗണ്‍സും സ്വിങും നിറഞ്ഞ പിച്ച് തന്നെയാണ് സെഞ്ചൂറിയനിലും.
തകര്‍ന്നടിഞ്ഞ് പോയ ബാറ്റിങ് നിരയുടെ ആശങ്കകളാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. ആരെ കൊള്ളണം ആരെ തള്ളണം എന്നത് തീരുമാനിക്കാന്‍ സാധിക്കാതെയാണ് ഇന്ത്യ നില്‍ക്കുന്നത്. ആദ്യ ടെസ്റ്റില്‍ അജിന്‍ക്യ രഹാനെയെ പുറത്തിരുത്തിയത് വിവാദമായ സാഹചര്യത്തില്‍ താരത്തെ ഇത്തവണ കളത്തിലിറക്കുമോ എന്ന് കണ്ടറിയണം. ഓപണര്‍ ശിഖര്‍ ധവാനെ മാറ്റി പകരം കെ.എല്‍ രാഹുലിനെ കളിപ്പിക്കണമെന്നും വാദങ്ങളുണ്ട്. വിദേശ പിച്ചില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് രഹാനെ. ടെസ്റ്റില്‍ രഹാനെ നേടിയ ഒന്‍പതില്‍ ഏഴ് സെഞ്ച്വറികളും വിദേശ പിച്ചിലാണെന്ന് ഓര്‍ക്കണം. അതേസമയം രോഹിത് ശര്‍മയുടെ നിലവിലെ ഫോം കണക്കിലെടുത്താണ് താരത്തെ ആദ്യ ടെസ്റ്റില്‍ കളിപ്പിച്ചതെന്ന് ക്യാപ്റ്റന്‍ കോഹ്‌ലി വ്യക്തമാക്കി. നാട്ടില്‍ നടന്ന പരമ്പരയില്‍ രഹാനെയ്ക്ക് തിളങ്ങാന്‍ സാധിക്കാതെ പോയത് താരത്തിന് തിരിച്ചടിയായി മാറി.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയെ മാറ്റി പാര്‍ഥിവ് പട്ടേലിനേയും ശിഖര്‍ ധവാനെ മാറ്റി രാഹുലിനേയും ഇന്ന് കളിപ്പിക്കാനുള്ള സാധ്യതകള്‍ ഏറെക്കുറേ ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. അതേസമയം രഹാനെ ഇത്തവണയും പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകള്‍. സീമും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ ധവാന്‍ പരാജയപ്പെടുന്നതാണ് താരത്തിന് വിനയായി മാറുന്നത്. അതേസമയം ഇത്തരം സാഹചര്യത്തില്‍ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി ആസ്‌ത്രേലിയന്‍ മണ്ണില്‍ നേടിയതിന്റെ മികവ് രാഹുലിന് അവകാശപ്പെടാനുണ്ട്. സാഹയേക്കാള്‍ ബാറ്റിങ് വൈദഗ്ധ്യമാണ് പട്ടേലിന് തുണയായി നില്‍ക്കുന്ന പ്രധാന ഘടകം.
ബൗളിങ് വിഭാഗം ആദ്യ ടെസ്റ്റില്‍ അവസരം ശരിക്കും മതലെടുത്തത് ഇന്ത്യക്ക് ആശ്വാസമാണ്. അതേസമയം സെഞ്ചൂറിയനിലെ പിച്ചില്‍ ഭുവനേശ്വര്‍ കമാറിന് പകരം തിളങ്ങാന്‍ ഇഷാന്ത് ശര്‍മയ്ക്ക് സാധിച്ചേക്കുമെന്ന കണക്കുകൂട്ടല്‍ ഇന്ത്യന്‍ അധികൃതര്‍ക്കുണ്ട്. ഭുവനേശ്വറിന് പകരം ചിലപ്പോള്‍ ഇഷാന്തിന് നറുക്ക് വീഴാന്‍ സാധ്യതയുണ്ട്. അതേസമയം ആദ്യ ടെസ്റ്റില്‍ പന്ത് കൊണ്ടും നിര്‍ണായക ഘട്ടത്തില്‍ ബാറ്റ് കൊണ്ടും ഉപകാരപ്പെട്ട ഭുവനേശ്വറിനെ അത്ര പെട്ടെന്ന് തള്ളിക്കളയുമെന്ന് തോന്നുന്നില്ല. ഇക്കാര്യത്തില്‍ നേരിയ സാധ്യത മാത്രമാണ് നിലനില്‍ക്കുന്നത്. പാര്‍ഥിവിന്റേയും രാഹുലിന്റേയും വരവ് മാത്രമായിരിക്കും രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ നിരയിലെ മാറ്റം.
ഒന്നാം ടെസ്റ്റിനിടെ പരുക്കേറ്റ് പുറത്തായ ഡെയ്ല്‍ സ്റ്റെയ്ന്‍ ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. ഈ സ്ഥാനത്തേക്ക് പുതിയ താരത്തെ ഇറക്കുന്നതൊഴിച്ചാല്‍ ഒന്നാം ടെസ്റ്റ് കളിച്ച ടീമിലെ എല്ലാവരും സ്ഥാനം നിലനിര്‍ത്തിയേക്കും. ക്രിസ് മോറിസ് അല്ലെങ്കില്‍ ലംഗി എന്‍ഗിഡി എന്നിവരില്‍ ഒരാള്‍ക്ക് ഇന്ന് നറുക്ക് വീഴും. ബാറ്റിങ് നിരയുടെ ആശങ്കകള്‍ തന്നെയാണ് ദക്ഷിണാഫ്രിക്കയേയും കുഴയ്ക്കുന്നത്. ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാന്‍ അവര്‍ക്ക് സാധിച്ചെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ അമ്പേ തകര്‍ന്നത് ടീമിന് ആശങ്ക നല്‍കുന്നുണ്ട്. അതേസമയം ബൗളിങ് നിരയുടെ കരുത്തിലാണ് ആതിഥേയര്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.