2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ഇന്നത്തെ യു.എന്‍ മനുഷ്യാവകാശ സമിതിയില്‍ കശ്മീരും വിഷയം; ഇന്ത്യയും പാകിസ്താനും പ്രസ്തവന നടത്തും

 

യുനൈറ്റഡ് നാഷന്‍സ്: ജമ്മുകശ്മീരിന് ഭരണഘടന അനുവദിച്ച പ്രത്യേക അവകാശങ്ങള്‍ സംബന്ധിച്ച 370ാം വകുപ്പ് എടുത്തുകളയുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയെത്തുടര്‍ന്ന് രൂപപ്പെട്ട സാഹചര്യങ്ങള്‍ ഇന്ന് ജനീവയില്‍ നടക്കുന്ന യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ സമ്മേളനത്തില്‍ ചര്‍ച്ചയാവും. വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും ഇന്ന് പ്രസ്താവന നടത്തും. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അജയ് ബിസാരിയയുടെ നേതൃത്വത്തിലുള്ള സംഘം ജനീവയിലുണ്ട്. മനുഷ്യാവകാശ സമിതിയെ കണ്ട് സംഘം ഇതിനകം കശ്മീരിലെ സ്ഥിതിഗതികളും ഇന്ത്യയുടെ നിലപാടും ധരിപ്പിച്ചിട്ടുണ്ട്.

ജമ്മുകശ്മീരിലെ മനുഷ്യാവകാശ നിഷേധങ്ങളില്‍ യു.എന്‍ മനുഷ്യാവകാശ സമിതി അധ്യക്ഷ മിച്ചല്‍ ബാച്‌ലെ ആശങ്ക അറിയിച്ചതിന് പിന്നാലെയാണ് ഇന്നത്തെ സമ്മേളനം നടക്കുന്നത്. നിയന്ത്രണരേഖയ്ക്ക് ഇരുവശത്തും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് തന്റെ ഓഫീസില്‍ നിരന്തരം റിപ്പോര്‍ട്ടുകള്‍ കിട്ടുന്നുണ്ട്. ഇന്റര്‍നെറ്റും സമാധാനപരമായി കൂട്ടംചേരുന്നതും നിരോധിച്ചതിലും പ്രാദേശിക രാഷ്ട്രീയനേതാക്കളെയും പൊതുപ്രവര്‍ത്തകരെയും തടവില്‍വെക്കുന്നതിലും ആശങ്കയുണ്ട്. സമീപകാലത്ത് കശ്മീരി ജനതയുടെ മനുഷ്യാവകാശത്തിനുമേല്‍ ഇന്ത്യ നടത്തുന്ന ഇടപടലുകളില്‍ ഉത്കണ്ഠയുണ്ടെന്നുമാണ് മനുഷ്യാവകാശസമിതിയുടെ 42ാമത് സമ്മേളനത്തിന്റെ ആമുഖപ്രസംഗത്തില്‍ മിച്ചല്‍ പറഞ്ഞത്.

വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് സമ്മേളനത്തില്‍ പാകിസ്താനെ പ്രതിനിധീകരിക്കുന്നത്. കശ്മീരിലെ സംഭവങ്ങളെ കുറിച്ച് സമ്മേളനത്തില്‍ കൃത്യമായി വിശദീകരിക്കുമെന്ന് അദ്ദേഹം ട്വീറ്റ്‌ചെയ്തു. എന്നാല്‍, കശ്മീര്‍ വിഷയം അന്താരാഷ്ട്രവല്‍കരിക്കാനുള്ള പാക് ശ്രമത്തിന് നിന്നുകൊടുക്കേണ്ടെന്നതാണ് ഇന്ത്യയുടെ നിലപാട്. അതിനാലാണ് വിദേശകാര്യമന്ത്രിയെ സമ്മേളനത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ വിടാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

India, Pak to square off on Jammu and Kashmir in Geneva today


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.