2019 November 20 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ടെസ്റ്റ് പരമ്പര തൂത്തുവാരി; ദക്ഷിണാഫ്രിക്കയെ വൈറ്റ് വാഷടിച്ച് ഇന്ത്യ

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. മന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 202 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. സ്‌കോര്‍ ചുരുക്കത്തില്‍: ഇന്ത്യ- 497/9 ഡിക്ല. ദക്ഷിണാഫ്രിക്ക- 166, 133. ദക്ഷിണാഫ്രിക്ക സമീപകാലത്ത് നേരിട്ട ഏറ്റവും കനത്ത പരാജയം കൂടിയാണിത്.

നേരത്തെ 335 റണ്‍സ് എന്ന കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക 48 ഓവറിലാണ് 133 റണ്‍സിന് കൂടാരം കയറിയത്. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായെത്തി ദക്ഷിണാഫ്രിക്കയുടെ ആയുസ് നാലാം ദിനത്തിലേക്ക് നീട്ടിയെടുത്ത തെയൂനിസ് ഡിബ്രൂയിന്‍, പതിനൊന്നാമന്‍ ലുങ്കി എന്‍ഗിഡി എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഷഹബാസ് നദീമാണ് ഇന്ത്യയുടെ വിജയം നേരത്തെയാക്കിയത്.

8ന് 132 റണ്‍സെന്ന നിലയില്‍ ഇന്ന് രാവിലെ ബാറ്റിങ് പുനഃരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവര്‍ മാത്രമേ അതിജീവിക്കാനായുള്ളൂ. രണ്ടാം ഓവറില്‍ ഷഹബാസ് നദീമിനെ കൊണ്ടുവന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പരീക്ഷണം വിജയിച്ചു. അഞ്ചാം പന്തില്‍ തെയൂനിസ് ഡിബ്രൂയിന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കയ്യില്‍. 49 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സായിരുന്നു ഡിബ്രൂയിന്റെ സമ്പാദ്യം. തൊട്ടടുത്ത പന്തില്‍ പതിനൊന്നാമന്‍ ലുങ്കി എന്‍ഗിഡിയെ സ്വന്തം ബോളിങ്ങില്‍ പിടികൂടിയതോടെ റാഞ്ചിയില്‍ ഇന്ത്യ ചരിത്രം രചിക്കുകയായിരുന്നു. എന്‍ഗിഡിയുടെ ബാറ്റില്‍ നിന്നുയര്‍ന്ന പന്ത് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍നിന്ന എന്റിച് നോര്‍ജെയുടെ തോളില്‍ത്തട്ടി ഉയര്‍ന്നുപൊങ്ങി നദീമിന്റെ കൈയില്‍ സുരക്ഷിതമായി വിശ്രമിച്ചു, സൗത്താഫ്രിക്കന്‍ ടീം ഓള്‍ ഔട്ട്.!

ആദ്യ ഇന്നിങ്‌സില്‍ 3 വിക്കറ്റെടുത്ത ഉമേഷ് രണ്ടാം ഇന്നിങ്‌സില്‍ 2 വിക്കറ്റ് കൂടി വീഴ്ത്തി. മുഹമ്മദ് ഷമിക്കും കിട്ടി 5 വിക്കറ്റ്; ആദ്യ ഇന്നിങ്‌സില്‍ രണ്ടും പിന്നെ മൂന്നും.

പുനെയില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് തോല്‍വി വഴങ്ങിയിരുന്നു. ഇതിനു മുന്‍പ് ഒരേ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക തുടര്‍ച്ചയായി രണ്ട് ഇന്നിങ്‌സ് തോല്‍വികള്‍ വഴങ്ങിയത് 1935- 36 കാലഘട്ടത്തിലാണ്. അന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്ന് ടെസ്റ്റുകളില്‍ അവര്‍ തുടര്‍ച്ചയായി ഇന്നിങ്‌സിന് തോറ്റു. അതിനുശേഷം ഇപ്പോള്‍ ഇന്ത്യയ്‌ക്കെതിരെയും.

India on the cusp of series sweep


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.