2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബി.ജെ.പി നേതാക്കളുടെ കൂട്ട ആക്രമണത്തിനിടെ നൊബേല്‍ ജേതാവ് അഭിജിതിനെ നേരില്‍ക്കണ്ട് പുകഴ്ത്തി പ്രധാനമന്ത്രി; അഭിജിതിന്റെ നേട്ടം ഇന്ത്യക്ക് അഭിമാനമാണെന്ന് മോദി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ കൂട്ട ആക്രമണത്തിന് പിന്നാലെ സാമ്പത്തിക നൊബേല്‍ ജേതാവും ഇന്ത്യന്‍ വംശജനുമായ അഭിജിത് ബാനര്‍ജിയെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നുരാവിലെ അഭിജിതിനെ നേരില്‍ കണ്ട ശേഷമാണ് മോദിയുടെ പുകഴ്ത്തല്‍. അഭിജിതിന്റെ നേട്ടം ഇന്ത്യക്കു മൊത്തം അഭിനാമാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

”അഭിജിതുമായുള്ള കൂടിക്കാഴ്ച ഏറെ ഹൃദ്യമായിരുന്നു. മാനുഷിക ശാക്തീകരണത്തിലെ അദ്ദേഹത്തിന്റെ അഭിനിവേശം വളരെ വ്യക്തമാണ്. വിവിധ വിഷയങ്ങളില്‍ ആരോഗ്യപരവും വിപുലവുമായ ചര്‍ച്ചകള്‍ ഞങ്ങള്‍ നടത്തി. അഭിജിതിന്റെ ഉജ്വലമായ നേട്ടത്തില്‍ ഇന്ത്യക്ക് ഏറെ അഭിമാനമുണ്ട്. ഭാവിയിലും കൂടുതല്‍ വിജയങ്ങള്‍ കൊയ്യാന്‍ അദ്ദേഹത്തിന് ആശംസിക്കുന്നു”- മോദി കുറിച്ചു. ലോക് കല്യാണ്‍മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

നൊബേല്‍ പുരസ്‌കാര ശേഷം ഇതാദ്യമായാണ് അഭിജിത് ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്തയിലെത്തി അദ്ദേഹം ഇന്ന് അമ്മയെയും കാണുന്നുണ്ട്.

കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ‘ന്യായ്’ പദ്ധതിക്കു പിന്നിലെ ബുദ്ധികേന്ദ്രമായിരുന്ന അഭിജിതിന്റെ നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ സര്‍ക്കാര്‍ വിരുദ്ധ വിമര്‍ശനം ബി.ജെ.പിക്കു വലിയ തലവേദനയായിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തെ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ നിരന്തരം ആക്രമിച്ചുവരുന്നതിനിടെയാണ് മോദിയുടെ കൂടിക്കാഴ്ചയും തുടര്‍ന്നുള്ള പുകഴ്ത്തലും.

അദ്ദേഹം ഒരു ഇടതുപക്ഷചിന്തകനാണ് എന്ന വസ്തുത നിങ്ങള്‍ക്കൊക്കെ അറിവുള്ളതാണല്ലോ. അദ്ദേഹം കൂടി സഹായിച്ചിട്ടാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലൂടെ ന്യായ് പദ്ധതി അവതരിപ്പിച്ചത്. അതിനെ പൊതുജനം തെരഞ്ഞെടുപ്പില്‍ പുറംകാലുകൊണ്ട് തട്ടിയെറിയുകയാണ് ഉണ്ടായതെന്നും ഗോയല്‍ പരിഹസിച്ചിരുന്നു. വിദേശഭാര്യയെ വിവാഹം കഴിച്ചതിനാലാണ് അഭിജിത് നൊബേല്‍ കിട്ടിയതെന്നതുള്‍പ്പെടെയുള്ള പരിഹാസവും ബി.ജെ.പി നേതാക്കള്‍ ചൊരിഞ്ഞിരുന്നു.

വിമര്‍ശനത്തിന് അഭിജിത് മറുപടിയും കൊടുത്തിരുന്നു. എന്റെ പ്രൊഫഷണലിസത്തെയാണ് മന്ത്രി ചോദ്യം ചെയ്തിരിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യപ്രതികരണം. കോണ്‍ഗ്രസുകാര്‍ എന്നോട് ചോദിച്ചത് ഒരു പ്രത്യേകവരുമാനപരിധിക്ക് താഴെയുള്ള ജനങ്ങളെപ്പറ്റിയുള്ള കണക്കുകളാണ്. അതാണ് എന്റെ ഈ മേഖലയിലെ പരിജ്ഞാനം വെച്ച് ഞാന്‍ അവര്‍ക്ക് നല്‍കിയത്. അതേ കണക്കുകള്‍ ബി.ജെ.പി വന്നു ചോദിച്ചാല്‍ ഞാനെന്താ അവര്‍ക്ക് കൊടുക്കില്ലേ..? തീര്‍ച്ചയായും കൊടുക്കും. ഞാന്‍ ഒരു സാമ്പത്തികശാസ്ത്ര പ്രൊഫഷണലാണ്. ഞാന്‍ എല്ലാ പാര്‍ട്ടികളോടും ഒരേ പ്രൊഫഷണലിസം തന്നെയാണ് കാണിക്കുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പിന്നാലെ അഭിജിതിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്തുവന്നിരുന്നു. വെറുപ്പുകൊണ്ട് കണ്ണുകാണാതായ ഈ മര്‍ക്കടമുഷ്ടിക്കാര്‍ക്ക് എന്ത് പ്രൊഫഷണലിസം? പത്തുവര്‍ഷമെടുത്താലും അതൊന്നും അവരുടെ തലയില്‍ കയറില്ല. അങ്ങയുടെ നേട്ടങ്ങളില്‍ ഞങ്ങള്‍ക്ക് തികഞ്ഞ അഭിമാനമേയുള്ളൂ.- എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

India is proud,’ tweets PM Modi after meeting with Nobel laureate Abhijit Banerjee


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.