2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

മോദിയുടെ ഇന്ത്യയില്‍ കൊല്ലം കൂടന്തോറും സന്തോഷം കുറഞ്ഞുവരുന്നു: ഇപ്പോഴും പാകിനും ചൈനയ്ക്കും പിന്നില്‍- യു.എന്‍ റിപ്പോര്‍ട്ട്

  • 156 രാജ്യങ്ങള്‍ക്കിടയില്‍ നമ്മുടെ സ്ഥാനം 140, പാകിസ്താന് 67
  • നമ്മുടെ പിന്നിലുള്ളത്‌ യുദ്ധഭൂമികളും ദരിദ്ര രാഷ്ട്രങ്ങളും

 

യുനൈറ്റഡ് നാഷന്‍സ്: ഇന്ത്യക്കാര്‍ക്ക് 2018 ല്‍ ഉണ്ടായിരുന്ന സന്തോഷം 2019 ല്‍ ഇല്ല. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ നമ്മള്‍ 140-ാം സ്ഥാനത്ത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഏഴ് സ്ഥാനം കൂടി ഇടിഞ്ഞു. അന്താരാഷ്ട്ര സന്തോഷ ദിനത്തിന്റെ ഭാഗമായി തയ്യാറാക്കിയ യു.എന്‍ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2012 മുതല്‍ മാര്‍ച്ച് 20ന് യു.എന്‍ ആചരിച്ചുവരുന്ന സന്തോഷദിനത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട്.

വരുമാനം, സ്വാതന്ത്ര്യം, വിശ്വസാം, ആരോഗ്യജീവിതം, സാമൂഹ്യ പിന്തുണ, മഹാമനസ്‌കത എന്നീ ആറു കാര്യങ്ങളെ ആധാരമാക്കിയാണ് എല്ലാ വര്‍ഷവും പഠനം നടത്തുന്നത്.

ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച്, ലോകത്തെ മൊത്തം സന്തോഷത്തില്‍ കുറവുവന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ കാര്യം അതിലും ദയനീയമാണ്. 2018 ല്‍ 133-ാം സ്ഥാനത്തുണ്ടായിരുന്ന നമ്മള്‍ ഇപ്പോള്‍ 140-ാം സ്ഥാനത്തെത്തി.

156 അംഗ രാഷ്ട്രങ്ങളെയാണ് പഠനത്തിന് വിധേയമാക്കുന്നത്. നമ്മുടെ പിന്നിലുള്ളത് 16 ദരിദ്ര രാഷ്ട്രങ്ങള്‍ മാത്രം. സന്തോഷിപ്പിക്കുന്ന കാര്യങ്ങളോടൊപ്പം, പൗരന്മാരുടെ നെഗറ്റീവ് വികാരങ്ങള്‍, സങ്കടം, ദേഷ്യം തുടങ്ങിയ കാര്യങ്ങളും പഠനത്തിന് പരിഗണിക്കുന്നു.

 

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്റാണ്. ഡെന്മാര്‍ക്ക്, നോര്‍വേ, ഐസ് ലാന്റ്, തെര്‍ലാന്റ്‌സ് തുടങ്ങിയ നോര്‍ഡിക് രാഷ്ട്രങ്ങളാണ് തൊട്ടുപിന്നാലെയുള്ളത്.

പാകിസ്താന് പോലുമുണ്ട് 67-ാം സ്ഥാനം. ബംഗ്ലാദേശിന് 125-ാം സ്ഥാനവും ചൈനയ്ക്ക് 93-ാം സ്ഥാനവും.

ആഭ്യന്തര യുദ്ധം നടക്കുന്ന ദക്ഷിണ സുഡാനാണ് ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യം. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് (155), അഫ്ഗാനിസ്ഥാന്‍ (154), താന്‍സാനിയ (153), റുവാണ്ട (152) എന്നിവയാണ് പിന്നിലുള്ള മറ്റു രാജ്യങ്ങള്‍.

 

ഗാലപ് വേള്‍ഡ് പോളിന്റെ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഇതിന്റെ ഫലത്തോടൊപ്പം ജി.ഡി.പി, സാമൂഹ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങളും പരിഗണിക്കുന്നുണ്ട്.

സമ്പത്തില്‍ ലോക ഒന്നാം നമ്പറായ യു.എസ് സന്തോഷത്തിന്റെ കാര്യത്തില്‍ അല്‍പ്പം പിന്നിലാണ്. 19-ാം സ്ഥാനത്ത്.

കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരുന്നതിനു മുന്‍പ് ഇന്ത്യയുടെ സ്ഥാനം ഒത്തിരി മുന്‍പിലായിരുന്നു. 2010-12 കലായളവില്‍ ഇന്ത്യ 111-ാം സ്ഥാനത്തായിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.