2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

മഹാബലിപുരം ഉച്ചകോടി ഫലംകാണുമോ?


 

 

ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദ ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാറിയ ലോക സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും പല വിഷയങ്ങളിലും ഭിന്ന വീക്ഷണങ്ങള്‍ പുലര്‍ത്തുന്നതിനാല്‍ മഹാബലിപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മില്‍ നടന്ന അനൗപചാരിക ഉച്ചകോടിയെ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം മൂന്നു മാസത്തിനുള്ളില്‍ മൂന്നു തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഔപചാരികമായാലും അനൗപചാരികമായാലും അത്തരം ചര്‍ച്ചകളുടെ ഗുണഫലങ്ങളൊന്നും ഇന്ത്യക്കു ഇതുവരെ കിട്ടിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.
ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അതിനാല്‍ തന്നെ ഇന്ത്യയെ പിണക്കാതെ കൂടെ കൊണ്ടു പോവുകയെന്നതാണ് ചൈനീസ് തന്ത്രം. വാക്കുകൊണ്ട് ഇന്ത്യക്കൊപ്പവും പ്രവൃത്തികൊണ്ട് പാകിസ്താനൊപ്പവുമാണ് ചൈനയെന്ന് ഇതിനകം തന്നെയവര്‍ പല സന്ദര്‍ഭങ്ങളിലും തെളിയിച്ചതാണ്. കശ്മിര്‍ പ്രശ്‌നം ഐക്യരാഷ്ട്രസഭയില്‍ വരുമ്പോള്‍ ഒക്കെയും പാകിസ്താന് അനുകൂലമായ നിലപാടാണ് ചൈന എടുക്കാറുള്ളത്. ശനിയാഴ്ച മഹാബലിപുരത്ത് സമാപിച്ച അനൗപചാരിക ഉച്ചകോടിയില്‍ പറയത്തക്ക പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. ഉണ്ടായ പ്രഖ്യാപനങ്ങളാവട്ടെ ഇന്ത്യയുടെ ഭാഗത്തു നിന്നുമായിരുന്നു.
മാനസ സരോവര്‍ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുവാനും കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം തുടങ്ങിയ പ്രശ്‌നങ്ങളില്‍ യോജിച്ചു നീങ്ങാനുമാണ് രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ ഉണ്ടായ തീരുമാനങ്ങള്‍. ഭീകരവാദ പ്രശ്‌നങ്ങളില്‍ യോജിച്ചു നീങ്ങാന്‍ തീരുമാനം ഉണ്ടായിട്ടുണ്ടെങ്കിലും ഈ വിഷയത്തില്‍ ചൈനയുടെ ഭാഗത്തു നിന്ന് അനുകൂലമായ സമീപനങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പാകിസ്താനാണ് ഭീകരവാദത്തിനു അവസരമൊരുക്കി കൊടുക്കുന്നതും ഭീകരരെ ഇന്ത്യയിലേക്കു കയറ്റി വിടുന്നതെന്നുമുള്ള ഇന്ത്യയുടെ വാദം ലോക രാഷ്ട്രങ്ങളില്‍ പലതിനെയും ബോധ്യപ്പെടുത്തുവാന്‍ ഇതിനകം ഇന്ത്യക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ചൈന പാകിസ്താന്റെ ഭീകര പ്രവര്‍ത്തനങ്ങളെ ഇതുവരെ അപലപിച്ചിട്ടില്ല. ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താനെതിരേ ഇന്ത്യ പ്രമേയം കൊണ്ടുവരുമ്പോഴൊക്കെയും ചൈന വീറ്റോ ചെയ്യുകയാണ് പതിവ്.
ഒരു കൈകൊണ്ട് ഇന്ത്യക്കു ഹസ്ത ദാനം നല്‍കുകയും മറുകൈകൊണ്ട് പാകിസ്താനെ പുണരുകയും ചെയ്യുന്ന രീതിയാണ് ചൈന തുടരുന്നത്. ദോക്‌ലാം പ്രതിസന്ധിക്കു ശേഷം പ്രതിരോധ ചര്‍ച്ചകള്‍ പുനരാരംഭിക്കുവാന്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ദോക്‌ലാമിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ചൈന പിന്തിരിഞ്ഞിട്ടില്ല. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശമായ സിക്കിമിലെ ദോക്‌ലാമില്‍ ചൈന നിര്‍മിക്കുന്ന റോഡ് ചൈനീസ് ഹൈവേകളുമായി ബന്ധിപ്പിക്കുവാന്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനമാണ്. ഇതാകട്ടെ ഇന്ത്യക്ക് സുരക്ഷാ ഭീഷണിയുമാണ്.ഇവിടെ ഇടക്കിടെ ചൈനീസ് സൈന്യം പ്രകോപനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. യുദ്ധമുഖത്തെന്ന പോലെയാണ് ഇവിടെ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും മുഖാമുഖം നില്‍ക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ജോഹന്നസ്ബര്‍ഗില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ മഹാബലിപുരത്തെന്നപോലെ നരേന്ദ്ര മോദിയും ഷി ജിന്‍പിങും തമ്മില്‍ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അതിര്‍ത്തിയില്‍ സമാധാനം ഉറപ്പിക്കാനുള്ള തീരുമാനവുമായാണ് അന്നു ഇരു നേതാക്കളും പിരിഞ്ഞതെങ്കിലും ദോക്‌ലാമില്‍ നിര്‍മിക്കുന്ന റോഡരികില്‍ സൈനിക താവളങ്ങള്‍ നിര്‍മിക്കുകയായിരുന്നു പിന്നീട് ചൈന ചെയ്തത്.
ചര്‍ച്ചകളില്‍ തീരുമാനം ഉണ്ടാവുന്നുണ്ടെങ്കിലും ചൈന അതു പ്രാവര്‍ത്തികമാക്കുന്നില്ല എന്നത് ദോക്‌ലാമില്‍ നിന്നു തന്നെ വ്യക്തമാണ്. പിന്നെ എന്ത്‌കൊണ്ടാണ് പ്രത്യക്ഷത്തില്‍ ഇന്ത്യയെ ചൈന തള്ളിപ്പറയാത്തത്? അതാണ് ചൈനീസ് തന്ത്രം. ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ചൈനയെ സംബന്ധിച്ചെടത്തോളം ഇന്ത്യ വലിയൊരു കമ്പോളമാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കൊണ്ട് ഇന്ത്യ കമ്പോളങ്ങള്‍ നിറയ്ക്കുമ്പോള്‍ ചുരുങ്ങിയ വിലക്കു ലഭിക്കുന്ന അത്തരം വസ്തുക്കള്‍ ജനസംഖ്യയില്‍ ചൈനക്കൊപ്പം നില്‍ക്കുന്ന ഇന്ത്യയില്‍ പെട്ടന്നു വിറ്റു പോവും. ഇന്ത്യയിലാവട്ടെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചെലവു കൂടുതലാണ് താനും. ഉല്‍പ്പാദന ക്ഷമതയും കുറവാണ്. ആ നിലക്കു ചൈനീസ് ഉല്‍പ്പന്നങ്ങളെ പോലെ വിലകുറച്ചു വില്‍ക്കാന്‍ ഇന്ത്യയിലെ വ്യവസായികള്‍ക്കും കര്‍ഷകര്‍ക്കും കഴിയില്ല. ഇന്ത്യന്‍ കമ്പോളങ്ങളെ വലിയൊരു സാധ്യതയായാണ് ചൈന കാണുന്നത്.
ബാങ്കോക്കില്‍ നടന്നുകൊണ്ടിരിക്കുന്ന മേഖലാ സാമ്പത്തിക പങ്കാളിത്ത കരാര്‍ (ആര്‍.സി.ഇ.പി) ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തന്നെയാണ് മഹാബലിപുരത്ത് നരേന്ദ്രമോദിയും ഷിജിന്‍പിങും തമ്മില്‍ ചര്‍ച്ച നടത്തിയത്. ആര്‍.സി.ഇ.പി കരാര്‍ യാഥാര്‍ഥ്യമായാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ യഥേഷ്ടം നികുതിയില്ലാതെ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാനാവും. അതോടെ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകരുകയും ചെയ്യും. ഇന്ത്യന്‍ വിപണി നഷ്ടപ്പെടരുതെന്ന ആഗ്രഹം കൊണ്ട് മാത്രമാണ് ചൈന ഇന്ത്യയെ പരസ്യമായി മുഷിപ്പിക്കാത്തത്.
കശ്മിര്‍ പ്രശ്‌നം മഹാബലിപുരം ചര്‍ച്ചയില്‍ വിഷയമായില്ല എന്നത് ചൈനക്കാണ് നേട്ടമായത്. വിഷയം പൊന്തി വന്നിരുന്നുവെങ്കില്‍ കശ്മിര്‍ പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് ഇന്ത്യന്‍ മണ്ണില്‍വച്ച് ജിന്‍പിങ് പറയാന്‍ നിര്‍ബന്ധിതനാവുമായിരുന്നു. അമേരിക്കയുമായി വ്യാപാര യുദ്ധത്തിലാണ് ചൈന എന്നത് യാഥാര്‍ഥ്യമാണ്. ഇതില്‍ മേല്‍കൈ നേടിയെടുക്കാനുള്ള കഠിന ശ്രമത്തിലുമാണ് അവര്‍. ആ നിലക്ക് ഇന്ത്യയെ വലിയ കമ്പോളമായി നിലനിര്‍ത്തേണ്ടത് ചൈനയുടെ ആവശ്യമാണ്. അതിനാല്‍ അനൗപചാരിക ചര്‍ച്ചകളുടെയും ഔപചാരിക ചര്‍ച്ചകളുടെയും ശൃംഖലകള്‍ തന്നെ അവര്‍ തീര്‍ത്തുകൊണ്ടിരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.