2019 November 20 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കശ്മിര്‍ ചര്‍ച്ചയില്ലാതെ ഇന്ത്യ- ചൈന ഉച്ചകോടി

ഗിരീഷ് കെ. നായര്‍

 

 

തമിഴ്‌നാട്ടിലെ മാമല്ലപുരമെന്നു പേരുമാറ്റിയ മഹാബലിപുരത്ത് ഇന്ത്യയും ചൈനയും തമ്മിലുള്ള രണ്ടാമത് അനൗപചാരിക ഉച്ചകോടി കഴിഞ്ഞിരിക്കുന്നു. 11, 12 തിയതികളില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് വളരെ പ്രാധാന്യമാണ് കല്‍പിക്കപ്പെടുന്നത്. അതിന്റെ പ്രധാന കാരണം പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യ ആക്രമണം നടത്തിയതിനെ ചൈന വിമര്‍ശിക്കുകയും കശ്മിര്‍ വിഷയത്തില്‍ പാകിസ്താന്‍ ഇടഞ്ഞു നില്‍ക്കുകയും കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ചൈന സന്ദര്‍ശിച്ചപ്പോള്‍ യു.എന്‍ ഇടപെടലിലൂടെ വേണം കശ്മിര്‍ പ്രശ്‌നം പരിഹരിക്കാനെന്ന ഇവരുടെ സംയുക്ത പ്രസ്താവനക്കും പിന്നാലെയുമാണ് ഈ ഉച്ചകോടി എന്നതാണ്. ചൈനീസ് നിലപാട് അപ്രകാരം തുടരുകയായിരുന്നെങ്കില്‍ ഉച്ചകോടി ഒരുപക്ഷേ റദ്ദാക്കപ്പെട്ടേനെ. ഔദ്യോഗികമായാലും അനൗദ്യോഗികമായാലും ഇന്ത്യ-ചൈന ഉച്ചകോടികള്‍ക്ക് വളരെ പ്രാധാന്യമാണുള്ളത്. പ്രത്യേകിച്ച് ഇന്ത്യ-പാക് ബന്ധവും ഇന്ത്യ-ചൈന ബന്ധവും കലുഷിതമായിരിക്കുമ്പോള്‍.

ഔപചാരികവും അനൗപചാരികവും
രാജ്യങ്ങള്‍ തമ്മില്‍ ഔപചാരികവും അനൗപചാരികവുമായ ഉച്ചകോടികള്‍ നടക്കാറുണ്ട്. ഔപചാരിക ചര്‍ച്ചകളിലെ വിഷയങ്ങള്‍ നേരത്തേ തീരുമാനിച്ചുറപ്പിച്ചതും വ്യക്തമായ കാഴ്ചപ്പാടോടെ അതത് രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ളതുമാകും. ഒരു ലക്ഷ്യത്തിലൂന്നിയാകും അത്തരം ചര്‍ച്ചകള്‍. അനൗപചാരിക ചര്‍ച്ചകളാകട്ടെ ഇതില്‍നിന്നു വിഭിന്നമാണ്. അനൗപചാരിക ഉച്ചകോടികളുടെ ഏറ്റവും പ്രധാന പ്രത്യേകത ഏതു വിഷയവും ചര്‍ച്ചകളില്‍ പെടുത്താമെന്നതാണ്. എന്നാല്‍ ഇത്തരം ചര്‍ച്ചകളില്‍നിന്ന് ഇരു രാജ്യങ്ങള്‍ക്കും എന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടാക്കാനാകുമെന്നു തോന്നുന്നില്ല. ഔപചാരിക ഉച്ചകോടികളെക്കാള്‍ ഏറെ പ്രാധാന്യം അനൗപചാരിക ഉച്ചകോടികള്‍ക്കുണ്ടെന്നാണ് മനസിലാക്കേണ്ടത്.
ഔപചാരികമാകുമ്പോള്‍ വ്യക്തമായ ഉദ്ദേശ ലക്ഷ്യങ്ങളോടെയാകും ചര്‍ച്ചകള്‍ മുന്നേറുക. അവരവരുടെ നിലപാടുകളില്‍ ഉറച്ചുനിന്നാകും ചര്‍ച്ച. എന്നാല്‍ അനൗപചാരികമാവുമ്പോള്‍ മസിലുപിടിത്തം ഉണ്ടാകില്ല. അതായത് അനൗപചാരിക ഉച്ചകോടിക്കു ശേഷം നടക്കുന്ന ഔപചാരിക ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളുടെയും കാഴ്ചപ്പാടുകളുടെ ദിശ മനസിലാക്കാനാകും. അതിലധിഷ്ഠിതമായി ചര്‍ച്ചാ വിഷയങ്ങള്‍ നിര്‍ണയിക്കാനുമാകും.
അതുപോലെ തന്നെ ജി 20, ഇ.യു- ഇന്ത്യ, ബ്രിക്‌സ് പോലുള്ള ഉച്ചകോടികളിലും ഇരുരാജ്യങ്ങള്‍ക്കും തങ്ങളുടെ നിലപാടുകള്‍ മറു രാജ്യത്തിന്റെ നിലപാട് മനസിലാക്കി വ്യക്തമാക്കാനാകും. ഔപചാരിക ചര്‍ച്ചകളില്‍ നിരവധി വിഷയങ്ങള്‍ ഉള്‍പ്പെടുത്തുക സാധ്യമല്ല. കൃത്യമായ അജണ്ടയിലൂന്നിയായിരിക്കും അത്തരം ചര്‍ച്ചകള്‍. ഇവയില്‍ ഉരുത്തിരിയുന്ന തീരുമാനവും പ്രധാനവും കര്‍ക്കശവുമായിരിക്കും.
കൃത്യമായ ഇടവേളകള്‍ നോക്കാതെ ഇരു രാജ്യങ്ങള്‍ക്കും ആവശ്യമായി തോന്നുന്ന സമയത്തും സ്ഥലത്തും അനൗപചാരിക ചര്‍ച്ച സാധ്യമാകും. ഉദാഹരണത്തിന് 1996 മുതല്‍ 2000 വരെ നാല് അനൗപചാരിക ഉച്ചകോടികള്‍ ആസിയാന്‍ അംഗരാജ്യങ്ങള്‍ നടത്തി. 2008ല്‍ ഇന്ത്യയുടെ അധ്യക്ഷതയില്‍ മറ്റൊരു അനൗപചാരിക പ്രാതല്‍ ഉച്ചകോടിയും സിംഗപ്പൂരില്‍ ചേര്‍ന്നിരുന്നു. അനൗപചാരിക ഉച്ചകോടിയില്‍ ഇരു രാജ്യങ്ങള്‍ക്കും കൂടുതല്‍ ആഴത്തിലും പരപ്പിലും വിട്ടുവീഴ്ചാ മനോഭാവത്തിലും കാര്യങ്ങളെ സമീപിക്കാനാകും. ഇന്ത്യ മറ്റു രാജ്യങ്ങളുമായും അനൗപചാരിക ഉച്ചകോടികള്‍ നടത്താറുണ്ട്. 2018 മെയില്‍ റഷ്യയുമായി സോചില്‍ വച്ചും 2019 ജി 20 ഉച്ചകോടിക്കിടെ ഇന്ത്യ-റഷ്യ-ചൈന അനൗപചാരിക ഉച്ചകോടിയും ചേര്‍ന്നിരുന്നു.

ഉച്ചകോടിയുടെ നേട്ടം ആര്‍ക്ക്?
ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യത്തെ അനൗപചാരിക ഉച്ചകോടി വൂവനില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു. അന്ന് ഉഭയകക്ഷി ബന്ധങ്ങളും ആഗോള വിഷയങ്ങളുമാണ് ചര്‍ച്ച ചെയ്തത്. അതില്‍ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങളും ഉഭയകക്ഷി വാണിജ്യം, നിക്ഷേപം, ഭീകരത, സാമ്പത്തിക വികസനം, ആഗോള സമാധാനം എന്നിവ ചര്‍ച്ച ചെയ്തു. ഹിമാചലിലെ ദോക്‌ലാമില്‍ ചൈനീസ്-ഇന്ത്യന്‍ പട്ടാളക്കാര്‍ തമ്മിലുണ്ടായ കൈയാങ്കളിക്കു ശേഷമായിരുന്നു ഈ ഉച്ചകോടി. അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കാന്‍ ഇതിലൂടെ സാധ്യമായെന്നത് വലിയ കാര്യമാണ്.
ഉച്ചകോടിക്കു പിന്നാലെ ഇന്ത്യയും ചൈനയും നല്ല അയല്‍ക്കാരും സുഹൃത്തുക്കളുമാണെന്ന ചൈനീസ് എംബസിയുടെ പത്രക്കുറിപ്പ് അതിനു തെളിവാണ്. അതിനെ പിന്‍പറ്റി അനൗപചാരിക ഉച്ചകോടി തുടരാനുള്ള ആലോചനയില്‍ നിന്നാണ് ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം.കശ്മിരില്‍ 370ാം വകുപ്പ് റദ്ദാക്കുകയും ആ സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെ നടക്കുന്ന ഉച്ചകോടിയായതിനാല്‍ ഇതിന് വന്‍ പ്രാധാന്യമാണ് കല്‍പിക്കപ്പെട്ടിരുന്നത്. കശ്മിര്‍ വിഷയത്തില്‍ പാകിസ്താനുമായുള്ളതു പോലെ തന്നെ ചൈനയുമായും ലഡാക്ക് വിഷയത്തില്‍ ഇന്ത്യക്ക് തര്‍ക്കമുണ്ട്. മുന്‍പ് ലഡാക്കില്‍ ഇരുവിഭാഗം പട്ടാളക്കാര്‍ ഏറ്റുമുട്ടിയിരുന്നു. ഹിമാചലിലേതുപോലെ ഇവിടെയും പുതിയ സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുമുണ്ട്. ഇതിനിടെയാണ് ഉച്ചകോടി നടക്കുന്നതെന്നതിനാലും പാക് നിലപാടിനോട് ചൈന അനുകൂല സമീപനം സ്വീകരിച്ചു എന്നതിനാലും ഉച്ചകോടിയില്‍ എന്തു സംഭവിക്കുമെന്ന് ലോക രാജ്യങ്ങള്‍ കാതുകൂര്‍പ്പിച്ചിരുന്നു.
കശ്മിരില്‍ പാക് അനുകൂല നിലപാട് ചൈന സ്വീകരിക്കുന്ന പക്ഷം ഈ കൂടിക്കാഴ്ചക്ക് പ്രസക്തി ഇല്ലാതാകുമായിരുന്നു. അതുമനസിലാക്കി ആ വിഷയത്തില്‍ തൊടാതെ വികസനവും ഭീകരവാദവും മുന്‍നിര്‍ത്തിയാണ് ഉച്ചകോടി നടന്നതെന്ന കാര്യം എടുത്തുപറയേണ്ടതാണ്. യു.എസ് പിടിയിലേക്ക് വഴുതുന്ന ഇന്ത്യക്കുമേല്‍ ചൈനയുടെ പിടിമുറുക്കമെന്നുകൂടി ഉച്ചകോടിയെ വ്യാഖ്യാനിക്കാനാകും.
ഹോങ്കോങ് വിഷയത്തിലും മറ്റും ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ചൈനയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കും. യു.എസ് വ്യാപാര ഉപരോധത്തിനും 22 ചൈനീസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തിട്ടുള്ളതിനാല്‍ വന്‍ വിപണിയുള്ള ഇന്ത്യയെ വെറുപ്പിക്കാതിരിക്കുക എന്ന തന്ത്രം ചൈന പയറ്റിയെന്നു പറയുന്നതില്‍ തെറ്റില്ല. പാകിസ്താനെ പിന്തുണച്ച് ഇന്ത്യയെ ശല്യപ്പെടുത്തുന്ന ചൈന അയയുമ്പോള്‍ നാം വിജയമായി ഘോഷിക്കേണ്ടതില്ലെന്നു സാരം. ചൈന ഒന്നും കാണാതെ ഇത്തരം ചര്‍ച്ചകള്‍ക്ക് നിന്നുതരില്ലെന്നത് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.