2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം

ന്യൂഡല്‍ഹി: ഒരിടവേളക്ക് ശേഷം ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം പുകയുന്നു. ബുധനാഴ്ച കിഴക്കന്‍ ലഡാക്കില്‍ ഇരുരാജ്യങ്ങളിലേയും സൈനികര്‍ തമ്മില്‍ നേരിയ രീതിയില്‍ സംഘര്‍ഷമുണ്ടായി. അടുത്ത മാസം അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യേക പരിശീലനം നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍.
134 കിലോമീറ്റര്‍ നീളമുള്ള പാങ്കോംഗ് സോ തടാകത്തിന്റെ വടക്കന്‍ കരയിലാണ് ഇന്ത്യന്‍- ചൈനീസ് സൈനികര്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്നത്. ടിബറ്റ് മുതല്‍ ലഡാക്ക് വരെയുള്ള ഈ തടാകത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്.

ഇന്ത്യന്‍ സൈന്യം പട്രോളിങ് നടത്തുന്നതിനിടെ ചൈനീസ് സൈന്യം പ്രദേശത്തേക്ക് എത്തുകയും തടയാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഇരുവിഭാഗം സൈനികരും തമ്മില്‍ നേരിയ രീതിയില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പ്രദേശത്തേക്ക് ഇരുഭാഗത്തേക്കും കൂടുതല്‍ സൈനികരെ എത്തിച്ചു.
ഇത്തരം തര്‍ക്കങ്ങളും പിരിമുറുക്കങ്ങളും പരിഹരിക്കുന്നതിന് ഉഭയകക്ഷി സംവിധാനമുണ്ട്. ബ്രിഗേഡിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഇതിനായുണ്ട്. നിയന്ത്രരേഖയുമായി ബന്ധപ്പെട്ട ആശയകുഴപ്പമാണ് നിലവിലുള്ളത്. അതിര്‍ത്തിയിലുള്ള ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെയും ഫ്‌ളാഗ് ചര്‍ച്ചകളിലൂടെയും അടിസ്ഥാനത്തില്‍ പ്രശനം പിന്നീട് പരിഹരിച്ചതായും സൈനികവൃത്തങ്ങള്‍ അറിയിച്ചു.
2017ല്‍ ദോക്്‌ലാമില്‍ ഇന്ത്യാ-ചൈന സൈനികര്‍ തമ്മില്‍ സമാനമായ രീതിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.