2019 December 14 Saturday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

അവസാന 20 ട്വന്റിയിലും ഇന്ത്യ; വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

പ്രോവിഡന്‍സ് (ഗയാന): അവസാന 20 ട്വന്റിയിലും ഇന്ത്യ വിജയിച്ചതോടെ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ. ഇന്നലെ നടന്ന അവസാനത്തെയും മൂന്നാമത്തെയും മല്‍സരത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം, അഞ്ചുപന്ത് ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഫോമിലേക്കു തിരിച്ചെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്റെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും തകര്‍പ്പന്‍ ഫിഫ്ടിയാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. മൂന്നാം വിക്കറ്റില്‍ കോലിയും പന്തും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് (105) തീര്‍ത്ത് ഇന്ത്യയുടെ അടിത്തറ ഭദ്രമാക്കുകയുംചെയ്തു. 45 പന്തില്‍ ആറു ബൗണ്ടറി സഹിതം കോലി 59 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 42 പന്തില്‍ നാലു ബൗണ്ടറിയും നാലു സിക്‌സും സഹിതം പന്ത് 65 റണ്‍സോടെ പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 146 റണ്‍സെടുത്തത്. 14 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകര്‍ച്ചയിലേക്കു നീങ്ങിയ വിന്‍ഡീസിന്, മധ്യനിര താരം കിരണ്‍ പൊള്ളാര്‍ഡിന്റെ അര്‍ധസെഞ്ചുറിയാണ് തണലായത്. പൊള്ളാര്‍ഡ് 45 പന്തില്‍ ഒരു ബൗണ്ടറിയും ആറു സിക്‌സും സഹിതം 58 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റൂവന്‍ പവ്വലാണ് വിന്‍ഡീസ് സ്‌കോര്‍ 150ന് അടുത്തെത്തിച്ചത്. പവല്‍ 20 പന്തില്‍ ഒരു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 32 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നിക്കോളാസ് പുരാന്‍ (23 പന്തില്‍ 17), ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്‌വയ്റ്റ് (ഏഴു പന്തില്‍ 10) എന്നിവരും വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നു.

നവ്ദീപ് സെയ്‌നി നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി രണ്ടും അരങ്ങേറ്റ മല്‍സരം കളിച്ച രാഹുല്‍ ചാഹര്‍ മൂന്ന് ഓവറില്‍ 23 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

India beat West Indies by 7 wickets


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News