2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

2021 ഡിംസംബറില്‍ ഇന്ത്യയില്‍ നിന്ന് മൂന്നു പേര്‍ ബഹിരാകാശത്തേക്ക്: ഐ.എസ്.ആര്‍.ഒ

ബംഗളുരു:മനുഷ്യനെ ബഹിരാകാശത്തെത്തിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യം 2021 ഡിസംബറില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍. മലയാളിയായ ഡോ. ഉണ്ണികൃഷ്ണനാണ് ദൗത്യത്തിന്റെ ചുമതല.

ബഹിരാകാശത്തേക്ക് പോകുന്ന ആളുകളുടെ ആദ്യഘട്ട പരിശീലനം ഇന്ത്യയിലും ശേഷമുള്ള പരിശീലനം ചിലപ്പോള്‍ റഷ്യയിലുമായിരിക്കും. സംഘത്തില്‍ വനിതയും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2022 ല്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാന്‍ ലക്ഷ്യമിടുന്ന മിഷന്‍ ഗഗന്‍യാന്‍ പദ്ധതി സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇതിന്റെ ചെലവിനായി 10,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

ഇതോടെ ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, യു.എസ്, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം നേരത്തെ കൈവരിച്ചത്.

ദേശീയ ഏജന്‍സികളുടെ സഹായത്തോടെ ഐ.എസ്.ആര്‍.ഒ ആണ് ദൗത്യം നടപ്പാക്കുന്നത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള മൊഡ്യൂള്‍ പരീക്ഷണം വിജയിച്ചതോടെയാണ് ഗഗന്‍യാന്‍ പദ്ധതിക്ക് വേഗം കൂടിയത്. ഐ.എസ്.ആര്‍.ഒയും ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സും ചേര്‍ന്നാണ് ക്രൂ മൊഡ്യൂള്‍ തയാറാക്കിയത്. ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും വലിയ റോക്കറ്റായ ജി.എസ്.എല്‍വി മാര്‍ക്ക് 3 ഉപയോഗിച്ചായിരിക്കും വിക്ഷേപണം നടത്തുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.