
ഫ്ളോറിഡ: വിന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ തപ്പിത്തടഞ്ഞ് ഇന്ത്യ കഷ്ടിച്ചു വിജയിച്ചു. ഫ്ളോറിഡയിലെ ബോളിങ് പിച്ചില്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ വെസ്റ്റിന്‍ഡീസിന് നേടാനായത് 95 റണ്‍സ് മാത്രം. എന്നാല്‍ തപ്പിത്തടഞ്ഞ ഇന്ത്യ ആറുവിക്കറ്റ് നഷ്ടപ്പെടുത്തി 17.2 ഓവറിലാണ് ലക്ഷ്യംകണ്ടത്. രോഹിത് ശര്‍മ (24), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (19), മനീഷ് പാണ്ഡെ (19) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. അതേസമയം സ്വയം ഒഴിഞ്ഞുനിന്ന മഹേന്ദ്ര സിങ് ധോണിക്കു പകരം ടീമിലെത്തിയ ഋഷഭ് പന്ത് ആദ്യ പന്തില്‍ പുറത്തായി. സുനില്‍ നരെയ്ന്, ഷെല്‍ഡണ്‍ കോട്ട്രല്‍, കീമോ പോള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റ് നേടിയ സൈനിയാണ് കീബീയന് ടീമിനെ ചെറുസ്കോറില്‍ ഒതുക്കാന്‍ സഹായിച്ചത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ജോണ്‍ കാംപ്ബെല്ലിനെ പുറത്താക്കി വാഷിങ്ടണ്‍ സുന്ദറാണ് വിന്‍ഡീസിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറില്‍ തന്നെ എവിന്‍ ലൂയിസിനെ പുറത്താക്കി ഭുവനേശ്വറും വിന്‍ഡീസിന് പ്രഹരമേല്‍പ്പിച്ചു. രണ്ട് പേരും അക്കൗണ്ട് തുറക്കും മുമ്പാണ് മടങ്ങിയത്. തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ നവ്ദീപ് സൈനി നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണെറിഞ്ഞിട്ടത്. നിക്കോളാസ് പൂരാന്, കിറോണ്‍ പൊള്ളാര്‍ഡ്, ഹെറ്റ്മെയര്‍ എന്നീ വമ്പന്മാരെയാണ് സൈനി തിരിച്ചയച്ചത്. വിന്‍ഡീസ് ബാറ്റ്സ്മാന്മാരില് തിളങ്ങിയത് പൂരാനും പൊള്ളാര്‍ഡും മാത്രമാണ്. 49 പന്തില്‍ 4 സിക്സും 2 ഫോറും പായിച്ചാണു പൊള്ളാര്‍ഡ് 49 റണ്‍സെടുത്തത്. പൂരാന് 20 റണ്‍സും കൂട്ടിച്ചേര്‍ത്തു. വിന്‍ഡീസ് ബാറ്റിങ് നിരയില്‍ മറ്റാരും രണ്ടക്കം കടന്നില്ല. 4 ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് പേസര്‍ സെയ്നി 3 വിക്കറ്റെടുത്തപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ 2 വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ഖലീല്‍ അഹമ്മദ്, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവുമെടുത്തു.
Ind vs WI 1st T20 highlights: India win by 4 wickets as bowlers wreak havoc