2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

മരടിലെ ഫ്‌ളാറ്റുകളില്‍ നോട്ടിസ് പതിച്ചു; അഞ്ച് ദിവസത്തിനകം താമസക്കാര്‍ ഒഴിയണം

 

സ്വന്തം ലേഖിക
കൊച്ചി: സുപ്രിംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് തീരപരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫ്‌ളാറ്റുകളില്‍ നഗരസഭ കുടിയൊഴിയല്‍ നോട്ടിസ് പതിച്ചു. അഞ്ച് ദിവസത്തിനകം താമസക്കാര്‍ ഒഴിഞ്ഞുപോകണമെന്നാണ് ഉത്തരവിലുള്ളത്. നഗരസഭാ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഫ്‌ളാറ്റുകളില്‍ നോട്ടിസ് പതിച്ചത്.
ആല്‍ഫ വെഞ്ച്വേഴ്‌സ്, ഗോള്‍ഡന്‍ കായലോരം, ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ, ജെയിന്‍ ഹൗസിങ്ങ്, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ 20നകം പൊളിച്ചു നീക്കണമെന്ന സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നാണ് നഗരസഭ തുടര്‍നടപടിയിലേക്ക് നീങ്ങിയത്.
ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റിലെ ഉടമകള്‍ മാത്രമാണ് നോട്ടിസ് കൈപ്പറ്റിയത്. ആല്‍ഫ വെഞ്ച്വേഴ്‌സ്, ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ, ജെയിന്‍ ഹൗസിങ്ങ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ ഉടമകള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സെക്രട്ടറിക്ക് നോട്ടിസ് നല്‍കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നോട്ടിസ് ഭിത്തിയില്‍ പതിച്ചു.
ജെയിന്‍ ഹൗസിങ് ഫ്‌ളാറ്റിന്റെ ഗേറ്റ് താമസക്കാര്‍ താഴിട്ട് പൂട്ടിയതിനാല്‍ നഗരസഭാ സെക്രട്ടറിക്കും സംഘത്തിനും ഉള്ളില്‍ കയറാന്‍ കഴിഞ്ഞില്ല. പിന്നീട് പൊലിസ് എത്തിയാണ് ഇവരെ അകത്തുകയറ്റിയത്. ഹോളി ഫെയ്ത്തിനുമുന്നിലും ശക്തമായ പ്രതിഷേധമുണ്ടായി. ഓണാവധിയായതിനാല്‍ കുടുംബാംഗങ്ങളൊക്കെ നാട്ടില്‍പോയിരിക്കുകയാണെന്ന നിലപാടിലായിരുന്നു ഇവിടെയുള്ള ഫ്‌ളാറ്റുടമകള്‍.
തര്‍ക്കത്തിനുശേഷമാണ് ഇവിടെയും നോട്ടിസ് പതിക്കാനായത്. ഹോളിഡേ ഹെറിറ്റേജില്‍ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ താമസക്കാരാരും ഉണ്ടായിരുന്നില്ല. നോട്ടിസ് നല്‍കിയതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് നഗരസഭാ സെക്രട്ടറി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉത്തരവ് പാലിച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടിക്ക് വിധേയമാകുമെന്നും ആയതിനുള്ള ചെലവ് ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് ഈടാക്കുമെന്നും നോട്ടിസില്‍ പറയുന്നു.
ഇന്നലെ രാവിലെ മരട് നഗരസഭ അടിയന്തര കൗണ്‍സില്‍ കൂടിയാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുന്നത് സംബന്ധിച്ച നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. അതേസമയം ഫ്‌ളാറ്റിലെ താമസക്കാരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും അവതരിപ്പിച്ച പ്രമേയം സര്‍ക്കാരിന് സമര്‍പ്പിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
അതേസമയം, കൊച്ചി മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാനുള്ള ഉത്തരവിനെതിരേ ഫ്‌ളാറ്റ് ഉടമകള്‍ സുപ്രിംകോടതിയില്‍ നല്‍കിയ റിട്ട് ഹരജി രജിസ്ട്രി സ്വീകരിച്ചില്ല. മറ്റൊരു ഹരജിയും ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കരുതെന്ന് നേരത്തെ കോടതി ഉത്തരവുള്ളതിനാല്‍ റിട്ട് ഹരജി സ്വീകരിക്കാനാവില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.