2017 December 09 Saturday
പെണ്‍കുട്ടിയോട് നീതി കാണിക്കുന്നവര്‍ സ്വര്‍ഗാവകാശിയാണ്
-മുഹമ്മദ് നബി (സ)

നിസ്‌കരിക്കുന്ന പോലെയാണ് രാഹുല്‍ ക്ഷേത്രത്തില്‍ ഇരുന്നത്: യോഗിയുടെ പുതിയ കണ്ടെത്തല്‍

ലക്‌നൗ: കടുത്ത വര്‍ഗീയത പറഞ്ഞും വിചിത്ര വാദവുമായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ക്ഷേത്ര ദര്‍ശനം നടത്തിയതാണ് യോഗിയെ ചൊടിപ്പിച്ചത്. പള്ളിയില്‍ നിസ്‌കാരത്തിനു വേണ്ടി ഇരിക്കുന്നതു പോലെയാണ് ക്ഷേത്രത്തില്‍ രാഹുല്‍ ഇരുന്നതെന്നാണ് യോഗിയുടെ വാദം.

സ്വാകാര്യ ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തിനിടെയാണ് യോഗിയുടെ വിചിത്ര പരാമര്‍ശം. ”രാഹുല്‍ ഗാന്ധി ഗുജറാത്തിലെ വ്യത്യസ്ത ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയാണ്. അദ്ദേഹത്തിന്റെ മനസ്സ് മാറുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. പക്ഷെ, ഇപ്പോഴും ക്ഷേത്രത്തില്‍ എങ്ങനെയാണ് ഇരിക്കേണ്ടതെന്ന് അദ്ദേഹത്തിന് അറിയാത്തതില്‍ സങ്കടമുണ്ട്. കാശി വിശ്വനാഥ് ക്ഷേത്രത്തില്‍ പോയപ്പോള്‍ നിസ്‌കരിക്കുന്നതു പോലെയാണ് ഇരുന്നത്. പൂജാരി പറയണമായിരുന്നു- ഇത് ക്ഷേത്രമാണ്, പള്ളിയല്ലെന്ന്”- ഇങ്ങനെ പോകുന്നു യോഗിയുടെ വാദങ്ങള്‍.

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഡിസംബര്‍ ഒന്‍പതു മുതല്‍ 14 വരെയാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്. ഡിസംബര്‍ 18നാണ് ഫല പ്രഖ്യാപനം.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.