2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്ന്, അയവില്ലാതെ വിമതര്‍; കോണ്‍ഗ്രസ് മുഖ്യമന്ത്രി പദവി ഏറ്റെടുക്കാനും സാധ്യത

 

ബംഗളൂരു: കോണ്‍ഗ്രസ്- ജെ.ഡി.എസ് നേതൃത്വനല്‍കുന്ന കര്‍ണാടകയിലെ സഖ്യസര്‍ക്കാര്‍ ആടിയുലയുന്നതിനിടെ സംസ്ഥാനത്തെ എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭ ഇന്ന് വിശ്വാസവോട്ട് തേടും. വിമതപക്ഷത്തെ നാല് എം.എല്‍.എമാരെയെങ്കിലും തിരികെയെത്തിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഇന്ന് സഭയില്‍ എത്തി ബി.ജെ.പി എങ്ങനെയാണ് കുതിരക്കച്ചവടം നടത്തുന്നത് എന്ന് വെളിപ്പെടുത്തണമെന്ന് വിമതരോട് മുഖ്യമന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടു. സര്‍ക്കാരിനെ രക്ഷിക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്നും അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ താല്പര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസവോട്ടില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച ബി.എസ്.പി അംഗം എന്‍.മഹേഷ് തീരുമാനം മാറ്റിയിട്ടുണ്ട്. ബി.എസ്.പി അധ്യക്ഷ മായാവതിയുടെ നിര്‍ദ്ദേശം വന്നതിനാലാണിത്.

അതേസമയം, സംസ്ഥാനത്ത് ബി.ജെ.പിയിതര സര്‍ക്കാര്‍ തന്നെ തുടരുന്നതിനായി മുഖ്യമന്ത്രി പദവി കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിശ്വാസവോട്ട് നേടാനായില്ലെങ്കില്‍ എച്ച്.ഡി. കുമാരസ്വാമി രാജിവെക്കുകയും പകരം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാനുമാണ് ആലോചന. ഇതിന് ജനതാദള്‍ എസ്. നേതൃത്വം തയ്യാറായിട്ടുണ്ടെന്നാണ് വിവരം. വിശ്വാസവോട്ട് കഴിഞ്ഞാല്‍ ബെംഗളൂരുവിലേക്ക് തിരിക്കുമെന്ന് മുംബൈയിലുള്ള വിമതര്‍ അറിയിച്ചിട്ടുണ്ട്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് വിമതര്‍ നേരത്തേ ആവശ്യപ്പെട്ടതാണ്. കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചവരില്‍ ഭൂരിപക്ഷവും സിദ്ധരാമയ്യ അനുയായികളാണ്. ഇതാണ് ഇത്തരമൊരു നീക്കത്തിനുപിന്നില്‍. ഇതിന് വിമതര്‍ സമ്മതിച്ചാല്‍ അയോഗ്യരാക്കാനുള്ള നീക്കം ഉപേക്ഷിക്കും. ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയാനും കഴിയും.

ജെ.ഡി.എസ് നേതാക്കളും മന്ത്രിമാരുമായ ജി.ടി ദേവഗൗഡ, സാരാ മഹേഷ് എന്നിവര്‍ സിദ്ധരാമയ്യയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി സ്ഥാനം വിട്ടുതരാന്‍ ജെ.ഡി.എസ്. തയ്യാാറായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ പറഞ്ഞു. ഇക്കാര്യം ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍നിന്ന് സിദ്ധരാമയ്യ, ജി. പരമേശ്വര, ഡി.കെ. ശിവകുമാര്‍ എന്നിവരില്‍ ആരെങ്കിലും മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ക്കില്ലെന്ന് നേരത്തെ ദേവഗൗഡ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച എന്ത് സംഭവിച്ചാലും സഖ്യസര്‍ക്കാര്‍ നിലനില്‍ക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. അതേ സമയം മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ നിരസിച്ചതായും വാര്‍ത്തകളുണ്ട്. പിസിസി പ്രസിഡന്റ് ഗുണ്ടുറാവുവും സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാന്‍ നിര്‍ദേശമുണ്ടെന്ന വാര്‍ത്ത തള്ളിക്കളഞ്ഞു.

നിലവില്‍ ഭരണപക്ഷത്തെ വിമത എം.എല്‍.എമാര്‍ മുംബൈയില്‍ തുടരുകയാണ്. രാജിയില്‍ ഉറച്ചുനില്‍ക്കുന്ന ഇവരെ അയോഗ്യരാക്കുമെന്നാണ് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവിലെ സഖ്യസര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അല്ലാതെ പണമോ പദവിയോ മോഹിച്ചല്ല മുംബൈയില്‍ തുടരുന്നതെന്നും വിമതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ ഇന്നു തന്നെ വിശ്വാസവോട്ട് തേടാന്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സുപ്രിംകോടതിയെ സമീപിച്ചു. എച്ച്. നാഗേഷ്, ആ. ശങ്കര്‍ എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്. സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയ അനശ്ചിതാവസ്ഥ ഇല്ലാതാക്കാന്‍ കോടതി ഇടപെടണമെന്നും ഇവര്‍ അഭ്യര്‍ഥിക്കുന്നു.

In Major Twist, Shivakumar Hints at Appointing Congress CM to Save Karnataka Coalition, Claims Move Has JDS Nod


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.