2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഇമാം റാസിയുടെ ജ്ഞാനലോകം

തഫ്‌സീറുല്‍ കബീര്‍ ഖുര്‍ആന്‍ വ്യാഖ്യാനം

By ഇമാം റാസി(റ)


തിരൂരങ്ങാടി ബുക്ക്സ്റ്റാള്‍
വില 3,000 രൂപ

മുജീബ് ഫൈസി പൂലോട്

ലോകപ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമാണ് ‘മഫാതീഹുല്‍ഗൈബ് ‘ എന്നും ‘തഫ്‌സീറുല്‍ കബീര്‍’ എന്നും അറിയപ്പെടുന്ന തഫ്‌സീറു റാസി. ആറാം നൂറ്റാണ്ടിന്റെ മുജദ്ദിദ്(പരിഷ്‌കര്‍ത്താവ്) ആയിട്ട് ചരിത്രം അടയാളപ്പെടുത്തിയ ഇമാം ഫഖ്‌റുദ്ദീനുറാസിയാണീ വിശ്രുതകൃതിയുടെ രചയിതാവ്.

മതജ്ഞാനീയങ്ങളായ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, വിശ്വാസശാസ്ത്രം, തസവ്വുഫ്, ഭൗതിക ജ്ഞാനശാഖകളായ തത്ത്വജ്ഞാനം, തര്‍ക്ക ശാസ്ത്രം, വൈദ്യശാസ്ത്രം, ഭാഷാശാസ്ത്രം, കവിത, സാഹിത്യം, ഭൂമിശാസ്ത്രം, ഗോളശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയവയെല്ലാം സ്വായത്തമാക്കിയ ഗ്രന്ഥകര്‍ത്താവിന്റെ ജ്ഞാനപ്പരപ്പ് തഫ്‌സീറില്‍ വളരെ പ്രകടമായി കാണാവുന്നതാണ്. അത്രയും വൈവിധ്യമാര്‍ന്നതാണ് ഈ ഗ്രന്ഥത്തിലെ ഖുര്‍ആന്‍ വ്യാഖ്യാനലോകം. മറ്റൊരര്‍ഥത്തില്‍ ഇമാം റാസിയുടെ ജ്ഞാനലോകം കൂടിയാണ് ഈ ഗ്രന്ഥമെന്നും പറയാം. ഇമാം റാസിയെ പ്രശസ്തനാക്കിയത് തന്നെ തഫ്‌സീറുല്‍ കബീറാണെന്നു പറയാം. ഇസ്‌ലാമിക വിശ്വാസധാരയുടെ വിമര്‍ശകര്‍ക്ക് യുക്തിസഹമായി അക്കമിട്ടു മറുപടി പറയുന്നുണ്ട് തഫ്‌സീറില്‍ അദ്ദേഹം.
കേരളത്തിലെ ദര്‍സുകള്‍ അടക്കമുള്ള മിക്ക ഉന്നത മതപാഠശാലകളിലും പ്രസ്തുത തഫ്‌സീര്‍ പഠിപ്പിക്കപ്പെടുന്നുണ്ടെന്ന സവിശേഷത കൂടിയുണ്ട്. ഖുര്‍ആനിന്റെ ആശയലോകവും അകസാരങ്ങളും തത്ത്വജ്ഞാനങ്ങളും ലളിതസുന്ദരമായ ശൈലിയില്‍ തഫ്‌സീര്‍ വിവരിക്കുന്നു. ചില അധ്യായങ്ങളില്‍ അദ്ദേഹം നല്‍കിയ വ്യാഖ്യാനങ്ങള്‍ പുതിയ ശാസ്ത്രീയസത്യങ്ങളുമായി പൊരുത്തപ്പെടുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്.
ഇമാം റാസി ജീവിച്ച കാലത്തെ ഏറ്റവും പ്രമുഖമായ നവീന ആശയധാരയായ മുഅ്തസിലിയ്യത്തിന്റെ തെറ്റായ വിശ്വാസപ്രമാണങ്ങള്‍ തെളിവുകളുടെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ ഖണ്ഡിക്കുന്നത് തഫ്‌സീറില്‍ ഉടനീളം കാണാം. കര്‍മപരമായ കാര്യങ്ങളില്‍ ഗ്രന്ഥകാരന്‍ അനുകരിച്ചതും അവലംബിച്ചതും ശാഫിഈ മദ്ഹബിനെയാണ്.
ഈ വിശ്രുതമായ ജ്ഞാനസാഗരത്തെ മലയാളത്തിലേക്കു കൊണ്ടുവരികയെന്ന മഹാദൗത്യമാണിപ്പോള്‍ നിര്‍വഹിക്കപ്പെട്ടിരിക്കുന്നത്. തീര്‍ത്തും പ്രശംസാര്‍ഹമാണ് ഈ ഉദ്യമം. എന്നാല്‍, അറബിയില്‍ 30ഓളം വാല്യങ്ങളുള്ള പ്രസ്തുത തഫ്‌സീര്‍ ഗ്രന്ഥം മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോള്‍ അഞ്ച് വാല്യങ്ങളായി സംഗ്രഹിക്കപ്പെട്ടതിന്റെ ന്യൂനതകള്‍ കൃതിയില്‍ പ്രകടമാണ്. കാലികമായ സംവദിക്കുന്ന മഹദ് ഗ്രന്ഥം മലയാളത്തിലും ലഭ്യമാക്കുക, അതിനകത്തെ ജ്ഞാനലോകം ഇവിടെയും പ്രസരണം ചെയ്യുക എന്ന ലക്ഷ്യം ഏറ്റെടുത്തു പ്രസാധകര്‍ നിര്‍വഹിച്ചിരിക്കുന്നത് തികച്ചും പുണ്യകരമായ പ്രവൃത്തി തന്നെ. കൃതിയുടെ മലയാള വിവര്‍ത്തനം ഇതിനു മുന്‍പും ഇറങ്ങിയിരുന്നെങ്കിലും ആവശ്യക്കാര്‍ക്ക് ലഭ്യമായിരുന്നില്ല. ഖുര്‍ആന്‍ ഫോര്‍ വേള്‍ഡ് എന്ന പേരില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയായിരുന്നു ഇത് ആദ്യം പ്രസിദ്ധീകരിച്ചിരുന്നത്. മലയാളത്തില്‍ തഫ്‌സീര്‍ റാസിയുടെ വായന വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ ഈ ദൗത്യം നിര്‍വഹിച്ചിരിക്കുന്നത് തിരൂരങ്ങാടി ബുക്ക്സ്റ്റാളാണ്. ഒരു സംഘം പണ്ഡിതന്മാര്‍ ചേര്‍ന്നാണു വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത്. എഴുത്തുകാരനായ വി.എസ് സലീം ഗ്രന്ഥത്തിന്റെ സംശോധനയും നിര്‍വഹിച്ചിരിക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.